
ദോഹ: ഖത്തറിലെ ഇന്‍കാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് ഇന്‍കാസ് മുന്‍പ്രസിഡന്റും ഖത്തറിലെ മലയാളി സാമൂഹ്യ- സാംസ്ക്കാരിക രംഗത്തെ പ്രമുഖനുമായ കെ കെ ഉസ്മാന്. ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്‍കാസ് ഖത്തറിന് പുതുതായി വന്ന നേതൃത്വം മികച്ച കഴിവുള്ളവരാണെന്നും നേതാക്കളെ തെരഞ്ഞെടുത്തത് ഐക്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കാസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകീകരണ സ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ ഐക്യത്തിലൂടെ സാധിച്ചു. നേരത്തെ രണ്ടും മൂന്നും വിഭാഗങ്ങളായി പ്രവര്ത്തിച്ചിരുന്നവരെയെല്ലാ ഒന്നിച്ചു കൊണ്ടുവരാന്‍ നേതൃത്വത്തിനായി. അതിനായി നേതൃത്വം നല്കിയ കെ പി സി സിയെ അഭിനന്ദിക്കുന്നതായും കെ കെ ഉസ്മാന് പറഞ്ഞു. സംഘടനയെ ഒന്നിച്ചു കൊണ്ടുവരുന്നതില്‍ തനിക്കും ജോപ്പച്ചന്‍ തെക്കേക്കുറ്റിനുമൊക്കെ വലിയ പങ്കുവഹിക്കാന്‍ സാധിച്ചതും സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രവാസി എം എല്‍ എ ഉണ്ടാവുമോ എന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നു പറഞ്ഞ കെ കെ ഉസ്മാന് പ്രവാസികള്‍ക്ക് എം എല്‍ എയെ വേണമെന്ന കാര്യത്തില്‍ മുസ്ലിം ലീഗിനെയോ സി പി എമ്മിനെയോ പോലെ ഒറ്റയടിക്ക് കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ലെന്നും പറഞ്ഞു. പല മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. പ്രവാസി എം എല്‍ എ ഉണ്ടായാല്‍ സന്തോഷമെന്നും ഇല്ലെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ പലപ്പോഴും ചിലര്‍ ഒരു പ്രത്യേക ഗ്രൂപ്പിന്റെ ആളായാണ് കാണുന്നത്. 2021ല്‍ രമേശ് ചെന്നിത്തല തന്നെ ഒരു ഫോണ്‍ വിളിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആളായി തന്നെ ചിത്രീകരിക്കുന്നത്. താന്‍ ആരെങ്കിലും ഒരാളോടു മാത്രമല്ല ബന്ധപ്പെടുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായും നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏതെങ്കിലുമൊരു ഗ്രൂപ്പുകാരനായി ചിത്രീകരിക്കാനാണ് പലരും ശ്രമിക്കാറുള്ളതെങ്കിലും ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് തനിക്ക് വലുതെന്നും കെ കെ ഉസ്മാന് പറഞ്ഞു.
നാദാപുരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തുമോ എന്ന ചോദ്യത്തിന് മുല്ലപ്പള്ളി എവിടെ നിന്നാലും ആ മണ്ഡലം ഉറപ്പാണെന്ന് കെ കെ ഉസ്മാന് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ആരെ നിര്‍ത്തിയാലും ഘടകകക്ഷിയായ മുസ്ലിം ലീഗിന് സീറ്റ് നല്കിയാലും യു ഡി എഫിന്റെ വിജയത്തിനായി ഒന്നിച്ചു നില്ക്കും. മുസ്ലിം ലീഗ് സീറ്റ് ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ലീഗിന് വേരോട്ടമുള്ള സ്ഥലമാണ് നാദാപുരമെങ്കിലും ആ മണ്ഡലം ആവശ്യപ്പെടുമോ എന്ന് തനിക്കറിയില്ലെന്നും അവിടുത്തെ ഭൂമിശാസ്ത്രവും രാഷ്ട്രീയ ചുറ്റുപാടും അറിയുന്നതിനാല്‍ സീറ്റ് ആവശ്യപ്പെടാതിരിക്കലാണ് നല്ലത് എന്നും അദ്ദേഹം പറഞ്ഞു. നാദാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടിരിയെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടല്ലോ എന്നു ചോദിച്ചപ്പോള്‍ സൂപ്പി നരിക്കാട്ടേരിയും മുസ്#ലിം ലീഗിലെ മുതിര്‍ന്ന നേതാവായതിനാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനും ഏത് നിയോജക മണ്ഡലത്തിലും അര്‍ഹതയുണ്ടെന്നും കെ കെ ഉസ്മാന് ചൂണ്ടിക്കാട്ടി.
വിദേശത്തേയും സ്വദേശത്തേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നിച്ച് ആഗ്രഹിക്കുന്നത് കേരളത്തില്‍ അധികാരത്തില്‍ വരണമെന്നതാണ്. കേരള മുഖ്യമന്ത്രിയായി വി ഡി സതീശനാകുമോ എന്ന ചോദ്യത്തിന് സതീശന് മികച്ച കാഴ്ചപ്പാടുള്ള നേതാവാണെന്നും തീര്‍ച്ചയായും അദ്ദേഹം മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും പറഞ്ഞ കെ കെ ഉസ്മാന് കോണ്‍ഗ്രസിന്റെ ഭാഗ്യമെന്നത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടോ മൂന്നോ പേരുകള്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന പാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പരിഗണിച്ചാലും കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്‍കാസും അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദമാക്കി.

