

വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാറിനുള്ള എല്ലാ സഹായവും നിര്‍ത്തിവെക്കാന്‍ യു എസ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് പങ്കാളികള്‍ക്ക് നിര്‍ദേശം നല്‍കി.

വിദേശരാജ്യങ്ങള്‍ക്കുള്ള സഹായധനം വിലയിരുത്തുന്നതിനായി 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായി യു എസ് ഏജന്‍സിയുടെ നടപടി.

ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമായി പൊരുതുന്ന രാജ്യം യു എസ് സഹായം താത്ക്കാലികമായി നിര്‍ത്തിച്ചാല്‍ കൂടുതല്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ കൂടിക്കാഴ്ചയ്ക്കിടയില്‍ ബംഗ്ലാദേശിനെക്കുറിച്ച് ഹ്രസ്വ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

