
ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും കെ എം ഇ എ കോളജും ധാരണാപത്രം ഒപ്പുവെച്ചു. ഉയര്‍ന്നു വരുന്ന ട്രെന്‍ഡുകളും അവസരങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിംഗ്, സൈബര്‍ സുരക്ഷ മുതലായവയെക്കുറിച്ചുള്ള സൗജന്യ അവബോധ സെഷനുകള്‍ നടത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത സംരംഭമാണ് ഈ ധാരണാപത്രം.

പങ്കെടുക്കുന്നവര്‍ക്ക് നൈപുണ്യ സമ്പാദനത്തെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നു. കെ എം ഇ എ കോളജിന്റെ പിന്തുണയോടെ ആറു പഞ്ചായത്തിലെയും വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കഴിവുകളും ഭാവി അവസരങ്ങളും തമ്മിലുള്ള വിടവ് നികത്തുകയാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പരിപാടി ലക്ഷ്യമിടുന്നത്.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ ഫിസിക്കല്‍, വെര്‍ച്വല്‍ അവബോധ സെഷനുകള്‍/ വര്‍ക്ക്ഷോപ്പുകള്‍/ സെമിനാറുകള്‍ നടത്തുന്നതിനും വിഭവങ്ങളും സൗകര്യങ്ങളും ബ്ലോക്ക് പഞ്ചായത്തും കോളജും പങ്കുവെച്ചുകൊണ്ട് നാടിന്റെ ക്ഷേമം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതു നടപ്പാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആറു പഞ്ചായത്തുകളിലെയും ഹയര്‍സെക്കന്ററി സ്കൂളുകളിലും ലഹരിക്കെതിരെ അവബോധം നടത്താനും പാലിയേറ്റീവ് കെയര്‍ പരിശീലനം നടത്താനും സ്ത്രീകള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത നല്കാന് ഉള്‍പ്പടെ വിവിധ പദ്ധതികള്‍ സംയുക്തമായി ആലോചിക്കുന്നുണ്ടെന്നു പ്രസിഡന്റ് ലിസി സെബാസ്റ്റ്യനും വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്കും പറഞ്ഞു.
കെ എം ഇ എ കോളജില്‍ നടന്ന പരിപാടിയില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്തും കോളേജും സംയുക്തമായുളള ധാരണാപത്രത്തില്‍ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യനും കോളജ് പ്രിന്‍സിപ്പലും ഡയറക്ടറുമായ ഡോ. അമര്‍ നിഷാദും ഒപ്പുവെച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജോണി ക്രിസ്റ്റഫര്‍, സെക്രട്ടറി ലിജോ അഗസ്റ്റിന്, അംഗങ്ങളായ ഷാജിത നൗഷാദ്, അക്സര്‍ എം എം, അഡ്വ. സാനന്ദ കുമാര്‍, അല്‍ അമീന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. രേഖ ലക്ഷ്മണ്, എച്ച് ഒ ഡി എം സി എ ഡോ. ബേനസീര്‍ കെ കെ എന്നിവര്‍ സന്നിഹിതരായിരുന്നു.

