
ദോഹ: 2026 ജൂലൈയിലെ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഖത്തര്‍ പാസ്പോര്‍ട്ട് ആഗോളതലത്തില്‍ 48-ാം സ്ഥാനവും ഗള്‍ഫ് മേഖലയിലെ രണ്ടാം സ്ഥാനവും നേടി. 2026 ജൂലൈ 21-ന് പുറത്തിറക്കിയ സൂചികയിലാണ് ഈ വിവരം.

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റാങ്കിംഗ് പ്രകാരം, ഖത്തര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് യൂറോപ്പിലെ ഷെന്‍ഗന്‍ മേഖലയുള്‍പ്പെടെ ലോകത്തെ 112 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിസാരഹിതമായോ എത്തിച്ചേരുമ്പോള്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന രീതിയിലോ യാത്ര ചെയ്യാനാകും.

192 രാജ്യങ്ങളിലേക്കുള്ള പ്രവേശന സൗകര്യത്തോടെ സിംഗപ്പൂര്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം നിലനിര്‍ത്തി. 188 രാജ്യങ്ങളിലേക്കുള്ള പ്രവേശന സൗകര്യത്തോടെ യു എ ഇ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവ രണ്ടാം സ്ഥാനം പങ്കിട്ടു.
മറ്റ് ജി സി സി രാജ്യങ്ങളില്‍ കുവൈത്ത് 51-ാം സ്ഥാനത്തും (97 രാജ്യങ്ങളിലേക്ക് വിസാരഹിത/ ഓണ്‍-അറൈവല്‍ പ്രവേശനം), സൗദി അറേബ്യ 54-ാം സ്ഥാനത്തും (91), ബഹ്‌റൈന്‍ 55-ാം സ്ഥാനത്തും (88), ഒമാന്‍ 58-ാം സ്ഥാനത്തും (85) ഇടം നേടി.
ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ടിമാറ്റിക് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് ലോകത്തിലെ പാസ്പോര്‍ട്ടുകളുടെ യാത്രാസ്വാതന്ത്ര്യം വിലയിരുത്തുന്ന ഏറ്റവും പ്രാമാണികമായ ആഗോള റാങ്കിംഗുകളിലൊന്നാണ്. 199 രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളെ 227 യാത്രാ ലക്ഷ്യസ്ഥാനങ്ങളിലെ പ്രവേശന സൗകര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സൂചിക താരതമ്യം ചെയ്യുന്നത്.

