
പി കെ കുഞ്ഞാലിക്കുട്ടി കാര്‍ഡ് പുറത്തിറക്കും; തലമുറ മാറ്റത്തിന് തയ്യാറെടുത്ത് സംഘടന
ദോഹ: ഖത്തര്‍ കെ എം സി സിയുടെ പുതിയ അംഗത്വ കാര്‍ഡുകളുടെ പുറത്തിറക്കല്‍ ചടങ്ങ് ആറാം തിയ്യതി വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് അല്‍ അറബ് സ്റ്റേഡിയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡി ജി കെ എം സി സി എന്ന പേരിലാണ് പരിപാടി നടക്കുന്നത്.

അഞ്ചരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന കെ എം സി സി ഖത്തര്‍ മാറ്റത്തിന്റെ ഭാഗമായി അംഗത്വ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പൂര്‍ത്തിയാക്കിയതെന്നും കെ എം സി സിയുടെ ഐ ടി വിംഗ് ഡിസൈന്‍ ചെയ്ത ആപ്പ് ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും കെ എം സി സി ഖത്തര്‍ പ്രസിഡന്റ് എസ് എ എം ബഷീര്‍ പറഞ്ഞു.


ഖത്തര്‍ കെ എം സി സിയുടെ പുതിയ അംഗത്വ കാര്‍ഡുകള്‍ കെ എം സി സി പ്രിവിലേജ് കാര്‍ഡായാണ് ഇനി അറിയപ്പെടുക. ലോയല്‍റ്റി ആനുകൂല്യങ്ങള്‍ ലഭ്യമാകുന്ന കാര്‍ഡായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കെ എം സി സി അംഗത്വ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ഖത്തറിലെ വിവിധ സ്ഥാപനങ്ങളില്‍ അഞ്ച ്മുതല്‍ നാല്‍പ്പത് ശതമാനം വരെ ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
വിവിധ ക്ലിനിക്കുകള്‍, ജ്വല്ലറികള്‍, റസ്റ്റോറന്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍, കാര്‍ഗോ ഏജന്‍സികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ തുടങ്ങി ഖത്തറിലെ നൂറ്റമ്പതിലധികം വ്യാപാര, വാണിജ്യ, സര്‍വീസ് സ്ഥാപനങ്ങളുമായി കെ എം സി സി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇനിയും നിരവധി സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായി മുമ്പോട്ടു വന്നിട്ടുണ്ട്.
ഖത്തറിലെ പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ ലിബാനെ സ്വിസ്സെയുമായി സഹകരിച്ച് ഹെല്‍ത്ത്, മോട്ടോര്‍ വാഹന ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ എല്ലാ ഇന്‍ഷുറന്‍സ് സര്‍വീസുകള്‍ക്കും കെ എം സി സി അംഗങ്ങള്‍ക്ക് നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് ലഭിക്കുന്നതിന് കരാര്‍ പത്രത്തില്‍ ഒപ്പുവെച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
ഹെല്‍ത്ത് ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട പുതിയ നിബന്ധനകള്‍ ഖത്തറില്‍ ഏര്‍പ്പെടുത്തുമ്പോള്‍ പുതിയ സംവിധാനം അംഗങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഇതിനു പുറമേ കേരളത്തില്‍ ആസ്റ്റര്‍ മിംസ് ഹെല്‍ത്ത് ഗ്രൂപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുളഅള എട്ട് ആശുപത്രികളിലേയും സേവനങ്ങള്‍ക്കും ചികിത്സയ്ക്കും ഖത്തര്‍ കെ എം സി സി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 10 മുതല്‍ 25 ശതമാനം വരെ ഇളവുകള്‍ ലഭ്യമാകും.
വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് നരിക്കുനി, ഡിജി കെ എം സി സി ജനറല്‍ കണ്‍വീനര്‍ റഹീസ് പെരുമ്പ, മുഹമ്മദലി, ഫൈസല്‍ അരോമ, സിദ്ദീഖ് വാഴക്കാട് എന്നിവരും പങ്കെടുത്തു.

