

ജിദ്ദ: അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കാനുള്ള നയതന്ത്ര പര്യടനത്തിന്റെ ഭാഗമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി അറബ് ലീഗ് ഉച്ചകോടിയിലെത്തി. അറബ് രാജ്യങ്ങളുടെ തലവന്മാരുമായി സംസാരിച്ച സെലെന്‍സ്‌കി റഷ്യന്‍ സ്വാധീനത്തിന് വഴങ്ങരുതെന്ന് ഉച്ചകോടിയില്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു.

റഷ്യന്‍ ജയിലുകളില്‍ നിന്ന് യുക്രെയ്‌നിയക്കാരെ രക്ഷപ്പെടുത്താന്‍ സഹായിക്കാന്‍ റഷ്യയുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്ന ചിലര്‍ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുടെ നേതാക്കളോട് സെലെന്‍സ്‌കി അഭ്യര്‍ഥിച്ചു.

ഉഭയകക്ഷി ബന്ധവും അറബ് ലോകവുമായുള്ള യുക്രെയ്‌ന്റെ ബന്ധവും വര്‍ധിപ്പിക്കാനാണ് തന്റെ യാത്ര ലക്ഷ്യമിടുന്നതെന്ന് സെലന്‍സ്‌കി ട്വിറ്ററില്‍ കുറിച്ചു.
2014 മുതല്‍ റഷ്യ കൈവശപ്പെടുത്തിയ ക്രിമിയന്‍ ടാറ്റാര്‍ ഉള്‍പ്പെടെയുള്ള യുക്രെയ്‌നിയന്‍ മുസ്‌ലിംകളുടെ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും അറബ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുന്‍ഗണനയുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു.
പതിനഞ്ച് മാസത്തോളമായി മോസ്‌കോയുടെ അധിനിവേശത്തിനു ശേഷം അറബ് ലോകത്തെ പ്രധാന രാജ്യങ്ങള്‍ യുക്രെയ്‌നും റഷ്യക്കും ഇടയില്‍ മികച്ച മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടുണ്ട്. റഷ്യയുടെ അധിനിവേശത്തിനിടയില്‍ ചില ഗള്‍ഫ് രാജ്യങ്ങള്‍ യുക്രെയ്‌ന് കാര്യമായ സഹായങ്ങളും നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ മധ്യസ്ഥനായി നിലകൊള്ളാന്‍ ശ്രമിച്ചതിനോടൊപ്പം പക്ഷം പിടിക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.
യുക്രെയ്‌നിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും യുക്രെയ്‌നും റഷ്യയും തമ്മില്‍ മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉച്ചകോടിയിലെ പ്രസംഗത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
ഈ വര്‍ഷമാദ്യം യുക്രെയ്‌ന് സൗദി അറേബ്യ 400 മില്യണ്‍ ഡോളര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യു എ ഇയും യുക്രെയ്നിന് 100 മില്യണ്‍ ഡോളറിലധികം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

