
ദോഹ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അനാവശ്യമായ ആഡംബരങ്ങളും വലിയ ചെലവുകളും ഒഴിവാക്കി ചെലവ് ചുരുക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ തയ്യാറാകണമെന്ന് ചാണ്ടി ഉമ്മന്‍ എം എല്‍ എ പറഞ്ഞു. ഖത്തറിലെത്തിയ അദ്ദേഹത്തിന് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ താന്‍ സൈക്കിളിലാണ് വോട്ടര്‍മാരെ തേടി പോയതെന്നും ഇതിലൂടെ സാമ്പത്തികമായി വലിയ ലാഭമുണ്ടായതിനൊപ്പം ആരോഗ്യപരമായും ഏറെ ഗുണം ചെയ്തതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഈ മാതൃക എല്ലാ മണ്ഡലങ്ങളിലും രാഷ്ട്രീയ നേതാക്കളും പിന്തുടരാന്‍ തയ്യാറായാല്‍ തെരഞ്ഞെടുപ്പ് ചെലവുകള്‍ വലിയ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പെന്‍ഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ പ്രധാന വിഷയങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്നും അവ നേടിയെടുക്കുന്നത് വരെ തന്റെ ശക്തമായ ഇടപെടല്‍ സഭയിലുണ്ടാകുമെന്നും ചാണ്ടി ഉമ്മന്‍ ഉറപ്പുനല്‍കി. പ്രവാസികള്‍ വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതാണ് കേരളത്തിന്റെ സാമ്പത്തിക വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികള്‍ക്ക് നാട്ടില്‍ തുടങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സംരംഭങ്ങളിലൊന്ന് സ്‌പോര്‍ട്‌സ് ടര്‍ഫുകളാണെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. അവരവരുടെ പ്രദേശങ്ങളില്‍ ടര്‍ഫുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പ്രവാസികള്‍ക്ക് സാമ്പത്തിക ലാഭം ലഭിക്കുന്നതിനൊപ്പം നാട്ടുകാര്‍ക്ക് ആരോഗ്യകരമായ കായിക വിനോദത്തിനുള്ള അവസരവും ഒരുങ്ങും. ഇത്തരം സംരംഭങ്ങളിലേക്ക് പ്രവാസികള്‍ കടന്നുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെന്നപോലെ പ്രവാസി ലോകത്തും അംഗീകരിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടികളില്‍ ബാനറുകളും പോസ്റ്ററുകളും പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം എന്നതിലുപരി ചെലവ് ചുരുക്കാനും പോസ്റ്ററുകളുടെയും ബാനറുകളുടെയും പേരിലുണ്ടാകുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാനും ഈ തീരുമാനം വലിയ രീതിയില്‍ ഗുണം ചെയ്തതായും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

