
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രവാസി ഭാരതീയ ദിവസില്‍ പ്രമുഖ പ്രവാസി വനിതകളെ ആദരിച്ചു.ഇന്ത്യയുടെ ആഗോള മുന്നേറ്റത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം വഹിക്കുന്ന നിര്‍ണായക പങ്ക് ചടങ്ങില്‍ അനുസ്മരിച്ചു.

ചടങ്ങിനെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സംസാരിച്ചു. ഖത്തറില്‍ താമസിക്കുന്ന ഓരോ ഇന്ത്യക്കാരനും ഒപ്പം നില്‍ക്കാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും എംബസി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദേശം ഉദ്ധരിച്ച അംബാസഡര്‍ ഇന്ത്യന്‍ പ്രവാസി സമൂഹം ഇന്ത്യയെയും ലോകത്തെയും ബന്ധിപ്പിക്കുന്ന ശക്തമായ പാലമാണെന്നും ആതിഥേയ രാജ്യങ്ങളെ സമ്പന്നമാക്കുന്നതിനോടൊപ്പം സ്വന്തം വേരുകളുമായി ഉറച്ച ബന്ധം നിലനിര്‍ത്തുന്നതാണെന്നും വ്യക്തമാക്കി.


ഈ വര്‍ഷം ദോഹയിലെ ഇന്ത്യന്‍ എംബസി ‘നാരി ശക്തി’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിച്ചത്. സമൂഹ സേവന രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും ഇന്ത്യ- ഖത്തര്‍ സൗഹൃദം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത ഇന്ത്യന്‍ സമൂഹത്തിലെ വനിതാ നേതാക്കളെ ചടങ്ങില്‍ ആദരിച്ചു. വിദ്യാഭ്യാസം, സാമൂഹ്യ സേവനം, മാധ്യമ മേഖലകള്‍ എന്നിവയില്‍ നല്കിയ സംഭാവനകള്ക്കായാണ് വനിതാ നേതാക്കളെ ആദരിച്ചത്.
വിദ്യാഭ്യാസ വിഭാഗത്തില്‍ എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, ഡി പി എസ്മോഡേണ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അസ്ന നഫീസ് എന്നിവര്‍ അക്കാദമിക മികവിനുള്ള നേതൃത്വത്തിനും ഇന്ത്യന്‍ മൂല്യങ്ങളില്‍ അടിയുറച്ച ഭാവി തലമുറയെ വളര്‍ത്തിയെടുക്കുന്നതിലെ സംഭാവനകള്‍ക്കുമായി ആദരിക്കപ്പെട്ടു.

സാമൂഹ്യ സേവന വിഭാഗത്തില്‍ സാംസ്കാരികവും ക്ഷേമപരവുമായ മേഖലകളില്‍ അക്ഷീണം പ്രവര്‍ത്തിച്ച വനിതാ നേതാക്കളെ ആദരിച്ചു. ഐ സി സി വിമന്‍സ് ഫോറം പ്രസിഡന്റ് അഞ്ജന മേനോന്, ഐ സി സി മാനേജിങ് കമ്മിറ്റി അംഗം നന്ദിനി അബ്ബഗൗണി, ബില്ലാവാസ് ഖത്തറിലെ അപര്‍ണ ശരത്, മഹാരാഷ്ട്ര മണ്ഡലിലെ ഉഷ പാട്ടില്‍, ഐ സി ബി എഫ് അഡൈ്വസറി കൗണ്‍സില്‍ അംഗം സറീന അഹദ്, ഐ സി ബി എഫ് മാനേജിങ് കമ്മിറ്റി അംഗം നീലാംബരി സുശാന്ത് എന്നിവരെയാണ് ഈ വിഭാഗത്തില്‍ ആദരിച്ചത്.
മാധ്യമ വിഭാഗത്തില്‍ പ്രവാസി സമൂഹത്തിന്റെ ശബ്ദം ശക്തിപ്പെടുത്തുകയും ഇന്ത്യ- ഖത്തര്‍ സൗഹൃദം വളര്‍ത്തുകയും ചെയ്തതിലുള്ള പങ്കിന് അന്‍ഷു ജെയിന്, ആഫ്രിന് ഖാന്, നാസിയ അമീര്‍,അനു ശര്‍മ്മ എന്നിവരെ ആദരിച്ചു.

നാരി ശക്തി എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഖത്തറിലെ ഇന്ത്യന്‍ വനിതകളുടെ സഹിഷ്ണുതയും നേതൃത്വ ശേഷിയും ചര്‍ച്ച ചെയ്ത പാനലില്‍ പ്രൊഫഷണല്‍, സാമൂഹിക മേഖലകളിലെ പുരോഗതിക്ക് വനിതകള്‍ എങ്ങനെ നേതൃത്വം നല്കുന്നു എന്നതിനെക്കുറിച്ച് പാനലിസ്റ്റുകള്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ചു. ഇതുവഴി വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാധീനവും ശക്തിയും കൂടുതല്‍ ഉറപ്പിക്കപ്പെടുന്നതായും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.

