

ദോഹ: ലോകകപ്പ് സാഹചര്യത്തില്‍ സാധാരണ പ്രവാസികളെ കണക്കിലെടുത്ത് കേരളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന് ഗപാഖ് അധികൃതരോട് ആവശ്യപ്പെട്ടു. ലോകകപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാല്‍ ഈ സമയങ്ങളില്‍ നാട്ടില്‍ നിന്നും ജോലിക്കായി എത്തേണ്ട സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നും ഗപാഖ് ചൂണ്ടിക്കാട്ടി.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്ന് ആവശ്യത്തിന് അധിക സര്‍വ്വീസുകള്‍ നടത്തുകയാണ് ഈ പ്രശ്‌നത്തിന് അല്‍പമെങ്കിലും ആശ്വാസം പകരുകയെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ യോഗം വിലയിരുത്തി.

ഇന്ത്യയില്‍ നിന്ന് ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് നാടുകളിലേക്കും തിരിച്ചും അനുവദിച്ച സീറ്റ് ക്വാട്ട ഏറെക്കാലമായി കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിട്ടില്ല. വ്യോമയാന രംഗം വികസിക്കുകയും ഗള്‍ഫിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഏറെ വര്‍ധിക്കുകയും ചെയ്യുമ്പോഴും ഈ നിലപാട് തുടരുന്നതിനാലാണ് ഏറെ തുക ടിക്കറ്റിനായും മറ്റും വരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനായി സര്‍ക്കാറിന്റെ ശ്രദ്ധ വേണമെന്നും പ്രവാസി സംഘടനകളും ജനപ്രതിനിധികളും വിഷയം പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
പ്രസിഡന്റ് കെ കെ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജനല്‍ സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയാവതരണം നടത്തി. പ്രസ്തുത ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള- കേന്ദ്ര സര്‍ക്കാറുകള്‍, എം പിമാര്‍ തുടങ്ങിയവര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചു.
അറളയില്‍ അഹമ്മദ് കുട്ടി, എ ആര്‍ ഗഫൂര്‍, ശാഫി മൂഴിക്കല്‍, കോയ കോടങ്ങാട്, മുസ്തഫ ഏലത്തൂര്‍, ഗഫൂര്‍ കോഴിക്കോട്, അന്‍വര്‍ ബാബു വടകര എന്നിവര്‍ സംസാരിച്ചു. ഹബീബു റഹ്മാന്‍ കിഴിശ്ശേരി സമാപന ഭാഷണം നടത്തി.

