Featured
ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വിതരണം ശനിയാഴ്ച
ദോഹ: ലോകത്തെ ഏറ്റവും വലിയ ഫുട്ബോള്‍ ബൂട്ടിന് ലഭിച്ച ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ശനിയാഴ്ച വിതരണം ചെയ്യും. വൈകിട്ട് ഏഴ് മുതല്‍ അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി, ഐ സി സി, ഐ സി ബി എഫ് പ്രതിനിധികളെ കൂടാതെ ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
അന്താരാഷ്ട്ര യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റും നിരവധി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമായ എം ദിലീഫ് ആണ് ഈ ബൂട്ട് നിര്‍മ്മിച്ചിരുക്കുന്നത്. ലെതര്‍, ഫൈബര്‍, റെക്‌സിന്‍, ഫോം ഷീറ്റ്, ആക്രിലിക് ഷീറ്റ് എന്നിവയാല്‍ നിര്‍മ്മിച്ച ബിഗ് ബൂട്ടിനു പതിനേഴ് അടി നീളവും ഏഴ് അടി ഉയരവുമുള്ള ബൂട്ടിന് ഏകദേശം 425 കിലോ ഭാരമുണ്ട്.
ഇന്ത്യയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലോകകപ്പ് സമയത്ത് കത്താറ കള്‍ച്ചറല്‍ വില്ലേജ്, ലാ സിഗാലെ ഹോട്ടല്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനായി വെച്ചിരുന്നു. ഉദ്ഘാടന ദിനം മുതല്‍ നടന്നുവന്ന വിവിധങ്ങളായ സാംസ്്കാരിക ആഘോഷ പരിപാടികളില്‍ പങ്കാളികളാവുകയും പ്രായോജകരാവുകയും ചെയ്ത സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവര്‍ക്കായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുക എന്ന് ഫോക്കസ് ഇന്റര്‍നാഷണല്‍ സി ഇ ഒയും ബിഗ്ബൂട്ട് പദ്ധതിയുടെ ചെയര്‍മാനുമായ ഷമീര്‍ വലിയവീട്ടില്‍ പറഞ്ഞു.
കത്താറ കള്‍ച്ചറല്‍ വില്ലേജ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍, ഐമാക്‌സ് ഗോള്‍ഡ്- ഇന്ത്യ, റിയാദ മെഡിക്കല്‍ സെന്റര്‍, ലാ സിഗാലെ ഹോട്ടല്‍, റേഡിയോ സുനോ, എന്‍ ബി കെ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഫൈവ് പോയിന്റ് എന്നിവര്‍ക്കായുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഖത്തര്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ക്ലബ്ബ്, ബ്രാഡ്‌ഫോര്‍ഡ് ലേര്‍ണിംഗ് ഗ്ലോബല്‍- യു എ ഇ, ക്യൂ ഐ ഐ സി, എം ജി എം, ഖത്തര്‍ മഞ്ഞപ്പട, ഫോക്കസ് ലേഡീസ്, ഇന്‍സൈറ്റ് ഖത്തര്‍, ഇന്ത്യന്‍ വുമന്‍സ് അസോസിയേഷന്‍, കര്‍ണാടക സംഘ ഖത്തര്‍, പാലക്കാടന്‍ നാട്ടരങ്ങ് ഖത്തര്‍, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഡാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, രാജസ്ഥാന്‍ പരിവാര്‍ ഖത്തര്‍, കേരള വുമന്‍സ് ഇനിഷ്യേറ്റീവ് ഖത്തര്‍, ഖത്തര്‍ തമിള്‍ മഗളിയാര്‍ മറ്റും, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍, നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ചാലിയാര്‍ ദോഹ തുടങ്ങിയവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും.
ഖത്തറില്‍ നടന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് പിന്തുണ അറിയിക്കുന്നതോടൊപ്പം ഇന്ത്യയും അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം ലോകത്തിന് പരിചയപ്പെടുത്താനും ഈ ഒരു പദ്ധതിയിലൂടെ സാധിച്ചതായി സംഘാടകര്‍ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു.