Community
ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി 22 കുട്ടികള്‍; എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

ദോഹ: 22 വിദ്യാര്‍ഥികള്‍ വിശുദ്ധ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കിയ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന് അഭിനന്ദനവുമായി ഖത്തര്‍ വിദ്യഭ്യാസ- ഉന്നത വിദ്യഭ്യാസ മന്ത്രി ലുല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതിര്‍. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സ് വഴിയാണ് മന്ത്രി സ്‌കൂളിനെയും വിദ്യാര്‍ഥികളെയും അഭിനന്ദിച്ചത്.


അഭിമാനകരവും പ്രചോദനം നല്‍കുന്നതുമായ നിമിഷമെന്ന് കുറിച്ച മന്ത്രി വിദ്യാര്‍ഥികളുടെ സമര്‍പ്പണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും നേട്ടം കൂടിയാണ് ഇതെന്നും വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ്, അധ്യാപകര്‍, കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.


മന്ത്രിയുടെ പോസ്റ്റിനു പിന്നാലെ സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അഭിനന്ദനവുമായി കുറിപ്പുകള്‍ പങ്കുവെച്ചു. ഖത്തറിലെ വിദ്യാഭ്യാസ മേഖലയില്‍ അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമാണ് എം ഇ.എസ് സ്‌കൂളിനുള്ളത്.


വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികളെ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഔഖാഫും ആദരിച്ചു. എം ഇ എസ് ഇന്ത്യന്‍ സ്‌കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമെന്ന നിലയില്‍ ആത്മീയവും അക്കാദമികവുമായ മികവിന് വഴിയൊരുക്കുന്ന സുപ്രധാന നാഴികക്കല്ലായാണ് പരിഗണിക്കപ്പെടുന്നത്.
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളെ ആദരിച്ച ചടങ്ങില്‍ വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡോ. അബ്ദുല്ല അല്‍ മെര്‍റി, മര്‍ക്കസ് അബ്ദുല്ല ബിന്‍ സായ്ദ് ഇസ്‌ലാമിക സംസ്‌ക്കാര വകുപ്പ് വിഭാഗം തലവന്‍ ഡോ. അഹമ്മദ് അബ്ദുറഹീം അത്തഹാന്‍, വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലേയും മര്‍ക്കസ് അബ്ദുല്ല ബിന്‍ സായ്ദിലേയും ഉന്നത ഉദ്യോഗസ്ഥരായ യൂസുഫ്, അദ്‌നാന്‍ അബു ഹുലയ്യില്‍, അബ്ദുല്‍ അസീസ് ശാക്കിര്‍, മുഹമ്മദ് ഹിഷാം, അബ്ദുറഷീദ്, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് ട്രഷറര്‍ എ ടി ഉസ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിദ്യാഭ്യാസത്തോടൊപ്പം ആത്മീയ മൂല്യങ്ങളെയും സമന്വയിപ്പിക്കുന്ന സ്‌കൂള്‍ ശ്രമങ്ങളെ അംഗീകരിച്ചതിന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരോടും പ്രത്യേകിച്ച് പ്രൈവറ്റ് സ്‌കൂള്‍സ് ആന്റ് കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം ഡയറക്ടര്‍ ഡോ. റാനിയ മുഹമ്മദ്, പ്രൈവറ്റ് എജുക്കേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഒമര്‍ അല്‍ നാമ എന്നിവര്‍ക്ക് എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും മുഴുവന്‍ ഫാക്കല്‍റ്റിയും നന്ദി അറിയിച്ചു.
ചടങ്ങില്‍ 22 വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും സമ്മാനിച്ചു. റമദാന്‍ മാസത്തില്‍ വിവിധ ഇസ്‌ലാമിക മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മികച്ച ബഹുമതികള്‍ നേടുന്നതിനും സ്ഥിരോത്സാഹത്തിനും സമര്‍പ്പണത്തിനും എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദര്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.
സ്‌കൂളിന്റെ നേട്ടത്തിന് പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദറിന് ഡോ. അബ്ദുല്ല അല്‍ മെര്‍റിയും മുഹമ്മദ് ഹിഷാമും മെമന്റോ സമ്മാനിച്ചു. അറബിക്, ഉര്‍ദു, ഇസ്‌ലാമിക പഠനങ്ങളുടെ മേധാവി ഉസ്മാന്‍ മയ്യേരി സ്വാഗതവും റസിയ ഹംസ നന്ദിയും പറഞ്ഞു. മനസുല്‍ അന്‍സാരി, റിസ്വ ഫാത്തിമ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.


