

ദോഹ: ഖത്തറിലെ പ്രമുഖ ഭക്ഷണ- വിനോദ കേന്ദ്രങ്ങളിലൊന്നായ 900 പാര്‍ക്ക് റമദാനില്‍ കൂടുതല്‍ തത്സമയ വിനോദ പരിപാടികളും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങളുമായി തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന്‍ ആദ്യ ദിനത്തിലാണ് പാര്‍ക്ക് വീണ്ടും തുറക്കുക.

സ്വാദിഷ്ടമായ ഭക്ഷണത്തിന്റെ അവിസ്മരണീയമായ അനുഭവവും തത്സമയ സംഗീതം, ഊദ് പ്ലെയറുകള്‍, തനൂറ നര്‍ത്തകര്‍, കുട്ടികളുടെ സംവേദനാത്മക വിനോദ മേഖല എന്നിവയുള്‍പ്പെടെയുള്ള അതിശയകരമായ വിനോദങ്ങളുമായി 900 പാര്‍ക്ക് തിരികെയെത്തുന്നുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

റമദാനിന്റെ ആദ്യ ദിവസം മുതല്‍ വൈകിട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെയാണ് 900 പാര്‍ക്ക് പ്രവര്‍ത്തിക്കുക. 900 പാര്‍ക്കില്‍ പ്രവേശിക്കാന്‍ സന്ദര്‍ശകര്‍ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. മുതിര്‍ന്നവര്‍ക്ക് 25 റിയാലാണ് ടിക്കറ്റ് നരക്ക്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ്പ്രവേശനം സൗജന്യമാണ്.
2022 ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായാണ് 900 പാര്‍ക്ക് കഴിഞ്ഞ വര്‍ഷം നവംബറില്‍ തുറന്നത്. 4,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഔട്ട്ഡോര്‍ വേദി ലോകകപ്പ് വേളയില്‍ പുതിയ ഒഴിവുസമയങ്ങളിലും ഭക്ഷണപ്രിയരുടെയും തിരക്കേറിയിരുന്നു. 2022 നവംബര്‍ 10 മുതല്‍ ഡിസംബര്‍ 31 വരെ 1,40,000 സന്ദര്‍ശകരാണ് പാര്‍ക്കില്‍ എത്തിയത്.

