സൗദിയിലെ ഖസീം, തായിഫ്, തബൂക്ക്, യന്‍ബു നഗരങ്ങളിലേക്കുള്ള സര്‍വീസ് പുന:രാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്

Web Desk
2 Min Read

ദോഹ: സൗദി അറേബ്യയിലെ നാല് നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. ശീതകാല സീസണില്‍ ഖസീം, തായിഫ്, യന്‍ബു, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് പുന:രാരംഭിക്കുന്നത്.

city exchange

ഖസീമിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 25ന് പുനരാരംഭിക്കും. തായിഫിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 31നും യന്‍ബുവിലേക്ക് 2027 ജനുവരി രണ്ടിനും തബൂക്കിലേക്ക് 2027 ജനുവരി മൂന്നിനും പുന:രാരംഭിക്കും.

നാല് റൂട്ടുകളിലേക്കും ആഴ്ചയില്‍ രണ്ട് വീതം സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേയ്സ് നടത്തുക. ഇതോടെ സൗദിയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങളും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 160ലേറെ നഗരങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഖത്തര്‍ എയര്‍വേയ്സിന്റെ ആഗോള ശൃംഖലയിലേക്ക് സുഗമമായ കണക്റ്റിവിറ്റിയും ലഭ്യമാകും.

സൗദി വിപണിയോടുള്ള ദീര്‍ഘകാല പ്രതിബദ്ധതയുടെയും മേഖലാതല കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ഈ ശീതകാല സീസണില്‍ സൗദിയിലേക്ക് ആഴ്ചയില്‍ 155ലേറെ സര്‍വീസുകള്‍ നടത്താനാണ് ഖത്തര്‍ എയര്‍വേയ്സിന്റെ തീരുമാനം. വേനല്‍ക്കാല സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിവാര സര്‍വീസുകളില്‍ 10 ശതമാനത്തിലേറെ വര്‍ധനയാണിത്.

- Advertisement -
Ad image

കഴിഞ്ഞ 12 മാസത്തിനിടെ സൗദി അറേബ്യയ്ക്കും ആഗോള ശൃംഖലയിലെ വിവിധ നഗരങ്ങള്‍ക്കുമിടയില്‍ 23 ലക്ഷത്തിലേറെ യാത്രക്കാരെ ഖത്തര്‍ എയര്‍വേയ്സ് യാത്രയാക്കിയതായി കമ്പനി അറിയിച്ചു.

പ്രധാന റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണത്തിലും കമ്പനി വര്‍ധന വരുത്തിയിട്ടുണ്ട്. 2026 ജൂണില്‍ റിയാദിലേക്കുള്ള പ്രതിവാര സര്‍വീസുകള്‍ 35ല്‍നിന്ന് 49 ആയി ഉയര്‍ത്തിയിരുന്നു. ഇതുവഴി ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള കണക്ഷനുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയക്രമ ഓപ്ഷനുകളും സൗകര്യവും ലഭിക്കും.

സൗദി വിപണിയില്‍ ഖത്തര്‍ എയര്‍വേയ്സിന്റെ സേവനങ്ങള്‍ക്ക് ശക്തമായ ഡിമാന്‍ഡാണ് നിലനില്‍ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

സൗദിയിലെ തിരക്കേറിയ ചില റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ തലമുറ ഇന്‍ഫ്‌ളൈറ്റ് കണക്റ്റിവിറ്റിയുടെ സൗകര്യവും ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം റൂട്ടുകളില്‍ സ്റ്റാര്‍ലിങ്ക് സംവിധാനമുള്ള വൈഡ്ബോഡി വിമാനങ്ങള്‍ സ്ഥിരമായി സര്‍വീസ് നടത്തുന്നുണ്ട്.

യോഗ്യമായ സര്‍വീസുകളില്‍ യാത്രക്കാര്‍ക്ക് സൗജന്യവും അതിവേഗത്തിലുള്ളതുമായ ഗേറ്റ്-ടു-ഗേറ്റ് വൈഫൈ സൗകര്യം ലഭിക്കും. 2026 ജൂലൈയില്‍ മാത്രം ഈ മൂന്ന് റൂട്ടുകളിലായി സ്റ്റാര്‍ലിങ്ക് സംവിധാനമുള്ള 685ലേറെ സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് നടത്തിയതായി അറിയിച്ചു.

പുതിയ സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുന്നതോടെ സൗദി അറേബ്യയിലെ ഖത്തര്‍ എയര്‍വേയ്സിന്റെ ശൃംഖലയില്‍ അബ്ഹ, അല്‍ഉല, ഖസീം, ദമ്മാം, ഹായില്‍, ജിദ്ദ, മദീന, നിയോം, റിയാദ്, തബൂക്ക്, തായിഫ്, ദി റെഡ് സീ, യന്‍ബു എന്നിവ ഉള്‍പ്പെടും.

നിയോം സര്‍വീസ് 2027ന്റെ രണ്ടാം പകുതിയില്‍ പുന:രാരംഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

പുന:രാരംഭിക്കുന്ന സര്‍വീസുകളിലേക്കുള്ള ബുക്കിങ് നിലവില്‍ ലഭ്യമാണ്. ഖത്തര്‍ എയര്‍വേയ്സിന്റെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ഖത്തര്‍ എയര്‍വേയ്സിന്റെ പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ഇന്‍ഫ്‌ളൈറ്റ് സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ഉപയോഗിക്കാനും അപ്ഗ്രേഡുകള്‍, ഷോപ്പിങ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീയിലെ ഭക്ഷണസേവനങ്ങള്‍, അധിക ബാഗേജ് തുടങ്ങിയവയ്ക്കായി അവിയോസ് പോയിന്റുകള്‍ സമ്പാദിക്കാനും ഉപയോഗിക്കാനും കഴിയും.

Share This Article
Leave a Comment
error: Content is protected !!