ഐച്ചിനഗോയ ഏഷ്യന്‍ ഗെയിംസ്: ഖത്തര്‍ പതാക ഉയര്‍ത്തി

Web Desk
3 Min Read

ടോക്കിയോ: ജപ്പാനില്‍ നടക്കുന്ന ഐച്ചിനഗോയ 2026 ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ച് ഖത്തര്‍ സംഘത്തിന്റെ പതാക അത്‌ലറ്റ്‌സ് വില്ലേജില്‍ ഉയര്‍ത്തി.

city exchange

45 രാജ്യങ്ങളെയും പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 17,000 കായികതാരങ്ങളും ഒഫീഷ്യല്‍സും പങ്കെടുക്കുന്ന റെക്കോര്‍ഡ് പങ്കാളിത്തത്തിനാണ് ഇത്തവണത്തെ ഗെയിംസ് സാക്ഷ്യം വഹിക്കുക. ഒളിമ്പിക്, ലോക ചാമ്പ്യന്‍മാരുള്‍പ്പെടെയുള്ള താരങ്ങള്‍ രണ്ടാഴ്ചയിലേറെ നീളുന്ന മത്സരങ്ങളില്‍ 43 കായിക ഇനങ്ങളിലായി മാറ്റുരയ്ക്കും.

ഖത്തര്‍ സംഘത്തിന്റെ ഭരണവിഭാഗം മേധാവി അഹമ്മദ് യൂസഫ് അല്‍ ദര്‍വീഷ്, ഡെപ്യൂട്ടി മേധാവി ഇമാന്‍ അല്‍ എമാദി, സംഘാംഗങ്ങള്‍, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി (ക്യു ഒ സി) പ്രതിനിധികള്‍, വിവിധ കായിക ഫെഡറേഷനുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഖത്തര്‍ ദേശീയഗാനം ആലപിച്ചു. വിവിധ ആഘോഷ പരിപാടികളോടെയാണ് ഖത്തര്‍ പതാക ഉയര്‍ത്തിയത്. ഗെയിംസില്‍ പങ്കെടുക്കുന്ന നിരവധി ഖത്തര്‍ താരങ്ങളും ക്യു ഒ സി ഉദ്യോഗസ്ഥരോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു.

- Advertisement -
Ad image

427 അംഗ സംഘമാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ഇതില്‍ 243 മത്സരാര്‍ഥികളുണ്ട്- 184 പുരുഷ താരങ്ങളും 59 വനിതാ താരങ്ങളും. പരിശീലക- ഭരണ വിഭാഗത്തില്‍ 142 പേരും ഭരണസംഘത്തില്‍ 23 പേരും മാധ്യമ സംഘത്തില്‍ 16 പേരുമുണ്ട്.

18 കായിക ഫെഡറേഷനുകളുടെ കീഴില്‍ 32 വിഭാഗങ്ങളിലായി 26 കായിക ഇനങ്ങളിലാണ് ഖത്തര്‍ താരങ്ങള്‍ മത്സരിക്കുക. ഏഷ്യന്‍ കായികവേദിയില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാനും ഖത്തര്‍ കായികരംഗത്തിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനുമാണ് സംഘത്തിന്റെ ലക്ഷ്യം.

അത്ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, 3×3 ബാസ്‌കറ്റ്‌ബോള്‍, ഹാന്‍ഡ്‌ബോള്‍, വോളിബോള്‍, ബീച്ച് വോളിബോള്‍, സ്‌ക്വാഷ്, പാഡല്‍, തായ്ക്വാണ്ടോ, ജൂഡോ, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ഗോള്‍ഫ്, ഷൂട്ടിങ്, നീന്തല്‍, ജിയു- ജിറ്റ്‌സു, ഇ-സ്‌പോര്‍ട്‌സ്, സെയിലിങ്, കുതിരസവാരി, കരാട്ടെ, ഫെന്‍സിങ്, അമ്പെയ്ത്ത്, ഗുസ്തി, ബോക്‌സിങ്, ഭാരോദ്വഹനം, ടേബിള്‍ ടെന്നിസ് എന്നിവയിലാണ് ഖത്തര്‍ പങ്കെടുക്കുന്നത്.

ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ശനിയാഴ്ച നാഗോയയിലെ പലോമ മിസുഹോ സ്റ്റേഡിയത്തില്‍ നടക്കും. വിവിധ ഇനങ്ങളില്‍ മെഡലുകള്‍ നേടാനും ഏഷ്യന്‍ കായികവേദിയില്‍ ഖത്തറിന്റെ മുന്നേറ്റം അടയാളപ്പെടുത്താനുമാണ് താരങ്ങളുടെ ലക്ഷ്യം.

ഖത്തര്‍ സംഘത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് രാജ്യത്തിന്റെ ഏഷ്യന്‍ ഗെയിംസിലെ സാന്നിധ്യം വ്യക്തമാക്കുന്ന പ്രധാന അവസരമാണെന്ന് അഹമ്മദ് യൂസഫ് അല്‍ ദര്‍വീഷ് പറഞ്ഞു. മത്സരങ്ങളില്‍ താരങ്ങള്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും ഖത്തര്‍ കായികരംഗത്തിന്റെ സവിശേഷമായ പോരാട്ടവീര്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ചൈനയില്‍ നടന്ന മുന്‍ പതിപ്പിന്റെ സമാപനത്തിന് പിന്നാലെ തന്നെ ക്യു ഒ സിയും വിവിധ കായിക ഫെഡറേഷനുകളും ചേര്‍ന്ന് താരങ്ങള്‍ക്കും പരിശീലക- ഭരണ വിഭാഗത്തിനും മികച്ച സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പദ്ധതികളും തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നുവെന്നും അല്‍ ദര്‍വീഷ് പറഞ്ഞു.

പതാക ഉയര്‍ത്തല്‍ ചടങ്ങ് ഗെയിംസിനുള്ള ഖത്തര്‍ സംഘത്തിന്റെ പൂര്‍ണ സജ്ജത വ്യക്തമാക്കുന്നതാണെന്ന് ഇമാന്‍ അല്‍ എമാദിയും പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ വിപുലമായ പരിശീലനത്തിന്റെയും തയ്യാറെടുപ്പുകളുടെയും ഫലമായി താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

ഏഷ്യയിലെ മികച്ച താരങ്ങള്‍ക്കെതിരെ മത്സരിച്ച് അനുഭവസമ്പത്ത് നേടാനും മത്സരവീര്യം കൂടുതല്‍ ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം താരങ്ങള്‍ക്ക് പ്രധാന അവസരമാണെന്നും അല്‍ എമാദി പറഞ്ഞു. സംഘത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവര്‍ ആശംസകളും നേര്‍ന്നു.

കരാട്ടെ, ജിംനാസ്റ്റിക്‌സ് താരങ്ങള്‍ നാഗോയയില്‍
ഖത്തര്‍ ദേശീയ കരാട്ടെ ടീം നാഗോയയില്‍ എത്തി അവസാനഘട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ദേശീയ ജിംനാസ്റ്റിക്‌സ് ടീമും മത്സരത്തിനുള്ള അവസാനഘട്ട പരിശീലനത്തിലേക്ക് കടന്നു.

കരാട്ടെ, തായ്ക്വാണ്ടോ, ജൂഡോ എന്നീ ഇനങ്ങളില്‍ ആറ് താരങ്ങളാണ് ഖത്തറിനായി മത്സരിക്കുക. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 20 മുതല്‍ 24 വരെ നിപ്പോണ്‍ ഗൈഷി ഹാളില്‍ (റെയിന്‍ബോ ഹാള്‍) നടക്കും.

റാക്കന്‍ അല്‍ ഹാരെത്ത്, മെഹര്‍ദാദ് ഘദീമി, സല്‍മ നാസര്‍ എന്നിവരാണ് ഖത്തറിന്റെ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ് ടീമിലെ താരങ്ങള്‍. ജോര്‍ഗന്‍ സിഫ്കാനനും മുഹമ്മദ് അല്‍ ദുലൈമിയുമാണ് പരിശീലകര്‍. സമീറ സഈദ് അഡ്മിനിസ്‌ട്രേറ്ററായും ഇസ്സാം അബൂ ഔദ ഫിസിയോതെറാപ്പിസ്റ്റായും സംഘത്തോടൊപ്പമുണ്ട്.

അന്താരാഷ്ട്ര വിധിനിര്‍ണയ രംഗത്തും ഖത്തറിന്റെ സാന്നിധ്യമുണ്ട്. ഖത്തര്‍ ജിംനാസ്റ്റിക്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അബീര്‍ അല്‍ ബുവൈനൈനും അന്താരാഷ്ട്ര ജഡ്ജിയായ മഹ്മൂദ് അല്‍ സാദിയും മത്സരങ്ങളുടെ വിധിനിര്‍ണയ ചുമതലകളില്‍ പങ്കെടുക്കും. ഏഷ്യന്‍ കായികവേദിയില്‍ ഖത്തറിന്റെ കായിക ഉദ്യോഗസ്ഥരുടെ പ്രൊഫഷണല്‍ മികവ് പ്രകടമാക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!