
ദുബൈ: ദുബായിയില്‍ നിന്ന് തെല്‍ അവീവിലേക്ക് പറന്ന ഫ്ളൈദുബൈ വിമാനത്തിലെ റഷ്യ, യുക്രെയ്ന് സ്വദേശികളായ പൈലറ്റുമാര്‍ തമ്മില്‍ തല്ലിയതാണ് വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടതിന് കാരണമെന്ന് റിപ്പോര്‍ട്ട്. വിമാനത്തിന്റെ പൈലറ്റ് റഷ്യക്കാരനും സഹപൈലറ്റ് യുക്രെയ്ന് സ്വദേശിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിമാനം പിടിച്ചെടുത്ത് തകര്‍ക്കാനുള്ള ശ്രമം നടത്തിയോയെന്ന സംശയം ഉയര്‍ന്നതായും സഹപൈലറ്റിനെതിരെ അന്വേഷണം നടക്കുന്നതായും പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിമാനം തബൂക്കില്‍ അടിയന്തരമായി ഇറക്കിയതോടെ ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത സൗദി അറേബ്യയില്‍ ഇസ്രയേലി യാത്രക്കാരുടെ വലിയ സംഘമാണ് ഒരുമിച്ചെത്തിയത്. ഇത് അപൂര്‍വ്വ സംഭവമായാണ് വിലയിരുത്തുന്നത്.
2022ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന സാധാരണവത്ക്കരണ നീക്കങ്ങളുടെ ഭാഗമായാണ് ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ക്കും ഇസ്രയേലി വിമാനക്കമ്പനികള്‍ക്കും സൗദി അറേബ്യ വ്യോമപാത തുറന്നത്. എന്നാല്‍ സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്നതാണ് സൗദി അറേബ്യയുടെ നിലപാട്.

