പ്രവാചക പള്ളിയിലേക്കുള്ള വൈദ്യുതി നിലയത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ഖത്തര്‍ അപലപിച്ചു

Web Desk
1 Min Read

ദോഹ: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മദീനയില്‍ പ്രവാചക പള്ളിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നിലയത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.

city exchange

യമനിലെ ഹൂതി സംഘത്തിനെതിരെ പോരാടുന്ന സഖ്യസേന വ്യാഴാഴ്ചയാണ് പ്രവാചക പള്ളി ഉള്‍പ്പെടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന സംവിധാനത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി അറിയിച്ചത്. ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നാണ് മദീനയിലെ പ്രവാചക പള്ളി.

ആക്രമണത്തെ ഖത്തര്‍ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്ലാമിക പുണ്യസ്ഥലത്തിന് നേരെയുള്ള ഗുരുതരമായ ആക്രമണമാണിതെന്നും ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന നടപടിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. സിവിലിയന്‍ ജനങ്ങളുടെ ജീവന് നല്‍കുന്ന അവഗണന അംഗീകരിക്കാനാകാത്തതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ആക്രമണം സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

- Advertisement -
Ad image

മതപരമായ പുണ്യസ്ഥലങ്ങള്‍, സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍, സാധാരണ ജനങ്ങള്‍ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്നതായി ഖത്തര്‍ ആവര്‍ത്തിച്ചു. ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

സൗദി അറേബ്യയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച ഖത്തര്‍, രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഭൂപ്രദേശിക അഖണ്ഡത, ദേശീയ താത്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണയും അറിയിച്ചു.

സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) രാജ്യങ്ങളുടെ കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!