
ദോഹ: ഖത്തറില് മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തില് വീടുകളും മറ്റ് കെട്ടിടങ്ങളും സുരക്ഷിതമാക്കാന് മുന്കരുതല് നടപടികള് സ്വീകരിക്കണമെന്ന് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാല് താമസക്കാര്ക്ക് നിര്ദേശം നല്കി. നേരത്തേ ആവശ്യമായ മുന്കരുതലുകള് സ്വീകരിക്കുന്നത് മഴമൂലമുള്ള നാശനഷ്ടങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഒഴിവാക്കാന് സഹായിക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി.

സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച സന്ദേശത്തിലാണ് മഴയെ നേരിടാന് കെട്ടിടങ്ങളും പരിസരവും സജ്ജമാക്കേണ്ടതിന്റെ പ്രാധാന്യം അഷ്ഗാല് ചൂണ്ടിക്കാട്ടിയത്. മഴക്കാല സുരക്ഷയുമായി ബന്ധപ്പെട്ട നിര്ദേശങ്ങളും മാര്ഗനിര്ദേശങ്ങളും പാലിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വീടുകളുടെ മേല്ക്കൂരയിലെ വാട്ടര്പ്രൂഫിങ് സംവിധാനങ്ങള് പരിശോധിക്കണം. മഴവെള്ളം ഒഴുകിപ്പോകുന്ന പൈപ്പുകളിലും ഓടകളിലും തടസ്സങ്ങളോ ചോര്ച്ചകളോ ഉണ്ടോയെന്ന് ഉറപ്പാക്കണം. വീടുകള്ക്ക് സമീപമുള്ള ഡ്രെയിനേജുകളില് അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്നും അതോറിറ്റി നിര്ദേശിച്ചു. വെള്ളക്കെട്ടും വെള്ളം കെട്ടിടങ്ങളിലേക്ക് കയറുന്നതും തടയാന് ഈ നടപടികള് സഹായിക്കും.
ഗ്ലാസ് മേല്ക്കൂരകളുടെയും ജനലുകളുടെയും അരികുകളിലെ സീലുകള് സുരക്ഷിതമാണെന്നും മഴവെള്ളം അകത്തേക്ക് കടക്കാനുള്ള സാധ്യതയില്ലെന്നും ഉറപ്പാക്കണമെന്നും അഷ്ഗാല് അറിയിച്ചു.
മഴക്കാലത്തിന് മുമ്പ് ലളിതമായ മുന്കരുതലുകള് സ്വീകരിക്കുന്നത് കെട്ടിടങ്ങളും സ്വത്തുക്കളും സംരക്ഷിക്കാനും മഴക്കാലം കൂടുതല് സുരക്ഷിതമാക്കാനും സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

