ആഭ്യന്തര വ്യവസായങ്ങള്‍ക്ക് കരുത്തേകാന്‍ ഖത്തറില്‍ ‘നാഷണല്‍ പ്രൊഡക്ട് വീക്കിന്’ തുടക്കം

Web Desk
3 Min Read
  • പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും
  • ലുലു, മോണോപ്രി, അല്‍ മീറ എന്നിവിടങ്ങളില്‍ പ്രത്യേക വില്‍പ്പന കേന്ദ്രങ്ങള്‍ തുറന്നു

ദോഹ: ആഭ്യന്തര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന മേഖലയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം ‘നാഷണല്‍ പ്രൊഡക്ട് വീക്ക്’ എന്ന ദേശീയ പ്രചാരണ പരിപാടിക്ക് തുടക്കമിട്ടു. വിതരണ ശൃംഖലകള്‍ രാജ്യത്തിനകത്ത് ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് സംരംഭം.

city exchange

‘നമ്മില്‍നിന്ന്, നമുക്കായി കഥ തുടങ്ങുന്നത് ഖത്തറില്‍’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖത്തറില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും വിവിധ മേഖലകളില്‍ സാമ്പത്തിക വൈവിധ്യവത്ക്കരണം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

ഉദ്ഘാടനച്ചടങ്ങില്‍ വ്യവസായ- ബിസിനസ് വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സാലിഹ് അല്‍ ഖുലൈഫി സംസാരിച്ചു. ഖത്തര്‍ ദേശീയ ദര്‍ശനം 2030, മൂന്നാം ദേശീയ വികസന തന്ത്രം, 2024- 2030 കാലയളവിലേക്കുള്ള ഖത്തര്‍ ദേശീയ ഉത്പാദന തന്ത്രം എന്നിവയുടെ ലക്ഷ്യങ്ങളുമായി ഈ സംരംഭം യോജിച്ചുപോകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തകാലത്തുണ്ടായ പ്രാദേശിക പ്രതിസന്ധിയും വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ആഭ്യന്തര വ്യവസായങ്ങളുടെ പ്രാധാന്യം കൂടുതല്‍ വ്യക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

അവശ്യവസ്തുക്കളുടെ ആവശ്യകത വര്‍ധിച്ചപ്പോഴും ഉത്പാദനം തടസ്സമില്ലാതെ തുടരാനും വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉത്പാദനം ക്രമീകരിക്കാനും ഖത്തറിലെ ഫാക്ടറികള്‍ക്ക് കഴിഞ്ഞു. ഇത് പ്രാദേശിക വിപണികളിലെ വിലസ്ഥിരതയും ഉത്പന്നങ്ങളുടെ ലഭ്യതയും ഉറപ്പാക്കാന്‍ സഹായിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ഉത്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുകയും ആഭ്യന്തര- അന്തര്‍ദേശീയ വിപണികളില്‍ അവയുടെ സാന്നിധ്യം വിപുലീകരിക്കുകയും ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമാണ് നാഷണല്‍ പ്രൊഡക്ട് വീക്കെന്ന് ദേശീയ ഉത്പന്ന മത്സരക്ഷമതാ പിന്തുണാ വിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ബൗഷാം അല്‍ സയ്യിദ് പറഞ്ഞു.

ആഭ്യന്തര വ്യവസായങ്ങളുടെ നിലവാരം വിലയിരുത്തുക, അവ നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തുക, വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും മത്സരക്ഷമതയ്ക്കും സഹായകമായ പദ്ധതികളും പരിഹാരങ്ങളും ആവിഷ്‌കരിക്കുക എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ പ്രവര്‍ത്തനരീതിയാണ് മന്ത്രാലയം നടപ്പാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍.

അനാരോഗ്യകരമായ വ്യാപാര രീതികളില്‍നിന്നും അന്യായമായ മത്സരത്തില്‍നിന്നും ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുള്ള വ്യാപാര പ്രതിരോധ നടപടികളും ഇതിന്റെ ഭാഗമാണ്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുകയും ചെയ്യുന്നുണ്ട്.

മുന്‍ വര്‍ഷങ്ങളിലെ നാഷണല്‍ പ്രൊഡക്ട് വീക്ക് മികച്ച ഫലങ്ങള്‍ നല്‍കിയതായും അല്‍ സയ്യിദ് പറഞ്ഞു. 2025ല്‍ പരിപാടിയില്‍ പങ്കെടുത്ത ചില റീട്ടെയില്‍ സ്ഥാപനങ്ങളില്‍ ഖത്തറില്‍ നിര്‍മിച്ച ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ 75 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ പ്രതിനിധികള്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ഖത്തറില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചുള്ള അവതരണവും വിവിധ ശില്‍പശാലകളും സംഘടിപ്പിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയം, ധനമന്ത്രാലയം, ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശില്‍പശാലകള്‍. ഖത്തറിലെ വിവിധ ഫാക്ടറികള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിരുന്നു.

നാഷണല്‍ പ്രൊഡക്ട് വീക്കിന്റെ ഭാഗമായി ഖത്തറില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്കായി മൂന്ന് പ്രത്യേക വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. അല്‍ ഗറാഫയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, പ്ലേസ് വെന്‍ഡോമിലെ മോണോപ്രി, ഐന്‍ ഖാലിദിലെ അല്‍ മീറ എന്നിവിടങ്ങളിലാണ് വില്‍പ്പന കേന്ദ്രങ്ങളുള്ളത്. കൂടുതല്‍ രണ്ട് വില്‍പ്പന കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച തുറക്കും. സിറ്റി സെന്റര്‍ മാളിലെ കാരിഫോര്‍, അല്‍ ഗറാഫയിലെ റവാബി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

ഖത്തറിലെ ദേശീയ വ്യവസായങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുന്നതിനും ആഭ്യന്തര ഉത്പാദന മേഖലയെ പരിചയപ്പെടുത്തുന്നതിനുമായി അടുത്തയാഴ്ച സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫാക്ടറി സന്ദര്‍ശനങ്ങളും സംഘടിപ്പിക്കും. വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് സന്ദര്‍ശനങ്ങള്‍ നടത്തുന്നത്.

പ്രാദേശികമായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ക്ക് വിപണി വിപുലീകരിക്കുക, ദേശീയ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ച് സ്വയംപര്യാപ്തത ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!