
ദോഹ: പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും ഖത്തരി ബ്രാന്‍ഡുകളുടെ സാന്നിധ്യം റീട്ടെയില്‍ മേഖലയിലുടനീളം ശക്തിപ്പെടുത്തുന്നതിനുമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘റവാബി ദേശീയ ഉത്പന്ന വാരാഘോഷത്തിന്’ തുടക്കം കുറിച്ചു. ഖത്തറിന്റെ ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള റവാബിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.


ഖത്തറിലെ എല്ലാ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളിലുമായി നടക്കുന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഖത്തറിലെ ഏറ്റവും വലിയ ഒറ്റനില ഹൈപ്പര്‍മാര്‍ക്കറ്റായ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവയില്‍ നടന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ദേശീയ ഉത്പന്ന പിന്തുണയും മത്സരക്ഷമതയും സംബന്ധിച്ച വകുപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ സയ്യിദ്, അസിസ്റ്റന്റ് ഡയറക്ടര്‍ ജാസിം അല്‍ കുവാരി, ദേശീയ ഉത്പന്ന മത്സരക്ഷമതാ പിന്തുണ വിഭാഗം മേധാവി അഹമ്മദ് റദ്വാന്‍, ദേശീയ ഉത്പന്ന മത്സരക്ഷമതാ പഠന വിഭാഗം മേധാവി ഹുസൈന്‍ അല്‍ സായിഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജ്മല്‍ അബ്ദുല്ല, അസോസിയേറ്റ് ഡയറക്ടര്‍ മുഹമ്മദ് സിനാന്‍, വിവിധ വകുപ്പ് മേധാവികള്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഖത്തറില്‍ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങളും ഉപഭോക്തൃ ഉത്പന്നങ്ങളും ദേശീയ ഉത്പന്ന വാരാഘോഷത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഖത്തറിലെ പ്രാദേശിക കമ്പനികള്‍ക്ക് കൂടുതല്‍ വിപണന സാധ്യതകള്‍ ഒരുക്കുന്നതിനും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിനുമുള്ള മികച്ച വേദിയായാണ് ഈ സംരംഭം ഒരുക്കുന്നത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും ‘ഖത്തരി ഉത്പന്നങ്ങള്‍ നമ്മുടെ പ്രഥമ തെരഞ്ഞെടുപ്പ്’ എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനുമാണ് റവാബി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഖത്തരി ഉത്പന്നങ്ങളെ പിന്തുണയ്ക്കുന്നത് ബിസിനസ് പ്രതിബദ്ധത മാത്രമല്ല രാജ്യത്തോടുള്ള ഉത്തരവാദിത്തം കൂടിയാണെന്ന് റവാബി ഉറച്ചുവിശ്വസിക്കുന്നതായി അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
ദേശീയ ഉത്പന്ന വാരാഘോഷം പോലുള്ള സംരംഭങ്ങള്‍ പ്രാദേശിക ഉത്പാദകര്‍ക്ക് വിലപ്പെട്ട അവസരങ്ങള്‍ സൃഷ്ടിക്കുകയും ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഖത്തറിന്റെ ഭക്ഷ്യസുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കും സംഭാവന നല്‍കുകയും ചെയ്യുന്നു. ഖത്തറിന്റെ ദേശീയ ഉത്പന്നങ്ങളുടെ തുടര്‍ച്ചയായ വളര്‍ച്ചയ്ക്കായി വാണിജ്യ വ്യവസായ മന്ത്രാലയത്തോടും പ്രാദേശിക ഉത്പാദന പങ്കാളികളോടും ഒപ്പം പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബലദ്ന, ലണ്ടന്‍ ബേക്കറി, അല്‍ മഹ (ദോഹ ഫുഡ് സ്റ്റഫ്), അല്‍ ഇത്തിഹാദ് (ദോഹ വാട്ടര്‍), അല്‍ വജ്ബ, റയ്യാന്‍ വാട്ടര്‍, ഖത്തര്‍ ഒയാസിസ് വാട്ടര്‍ (അല്‍ അറേബ്യ ട്രേഡിംഗ്), ഖസാന്‍ ഖത്തര്‍, അല്‍ വഹ (അറബ് ഖത്തരി), അഗ്രിക്കോ തുടങ്ങിയ പ്രമുഖ ഖത്തരി ബ്രാന്‍ഡുകള്‍ ദേശീയ ഉത്പന്ന വാരാഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഖത്തറില്‍ നിര്‍മ്മിക്കുകയും ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണനിലവാരവും ഇതിലൂടെ എടുത്തുകാണിക്കുന്നു.
ഇതിനുപുറമെ, അല്‍ റവാബി ഗ്രൂപ്പിന്റെ സ്വന്തം ബ്രാന്‍ഡുകളില്‍ ഖത്തറില്‍ തന്നെ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളായ സഹ്റത്ത് വാട്ടര്‍ ആന്റ് ടിഷ്യു, മായ് ഖത്തര്‍, റവാബി ടിഷ്യു, ഇംഗ്ലീഷ് ഗാര്‍ഡന്‍, കൂള്‍ ടിഷ്യു, ഫൈവ് സ്റ്റാര്‍ ടിഷ്യു, ആര്‍-പാക്ക്, ക്യു-ഷൈന്‍, അല്‍ ബയ്ദ ഫ്രഷ് ചിക്കന്‍, അല്‍ നഖ ഫ്രഷ് ചിക്കന്‍ എന്നിവയും ഈ സംരംഭത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നു.
ഖത്തരി ഉത്പന്നങ്ങള്‍ക്കും പ്രാദേശിക ഉത്പാദകര്‍ക്കും മികച്ച വിപണന വേദി ഒരുക്കുന്നതില്‍ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന സഹകരണത്തെയും തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളെയും വാണിജ്യ വ്യവസായ മന്ത്രാലയ പ്രതിനിധികള്‍ ചടങ്ങില്‍ അഭിനന്ദിച്ചു. ദേശീയ ഉത്പന്നങ്ങളെ പിന്തുണയ്ക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഖത്തറിന്റെ ഭക്ഷ്യ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ക്കുള്ള പ്രാധാന്യവും മന്ത്രാലയ പ്രതിനിധികള്‍ എടുത്തുപറഞ്ഞു.

