
ദോഹ: സാമ്പത്തിക മേഖലയിലെ നവീകരണവും സാങ്കേതികവിദ്യാധിഷ്ഠിത വളര്‍ച്ചയും ലക്ഷ്യമിട്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ (ക്യു സി ബി) നേതൃത്വത്തില്‍ ആരംഭിച്ച ‘മദാര്‍’ ഇന്നൊവേഷന് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍താനിയാണ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

മൂന്നാം സാമ്പത്തിക മേഖലാ തന്ത്രത്തിനും ഫിന്‍ടെക് തന്ത്രത്തിനും അനുസൃതമായി രാജ്യത്തെ സാമ്പത്തിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സാമ്പത്തിക സാങ്കേതികവിദ്യാ നവീകരണത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സാമ്പത്തിക മേഖലയിലെ നവീന ആശയങ്ങള്‍ വികസിപ്പിക്കാനും പരീക്ഷിക്കാനും സഹായിക്കുന്ന പ്രത്യേക വേദിയായാണ് ‘മദാര്‍’ സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു. നൂതന സാമ്പത്തിക സാങ്കേതികവിദ്യാ കമ്പനികള്‍, സംരംഭകര്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പുതിയ ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ സെന്ററില്‍ ലഭ്യമാക്കും.
സാങ്കേതികവിദ്യകള്‍ പരീക്ഷിക്കുന്നതിനും പ്രായോഗികമായി നടപ്പാക്കി വിലയിരുത്തുന്നതിനുമുള്ള സംവിധാനങ്ങള്‍, വിദഗ്ധരുടെ സേവനം, ബന്ധപ്പെട്ട മേഖലകളിലെ സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നിവയും സെന്ററിന്റെ ഭാഗമായി ഒരുക്കും. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ പ്രയോജനം ഉപയോഗപ്പെടുത്തി ആധുനിക സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് ക്യുസിബി വ്യക്തമാക്കി.
ഖത്തറിലെ ഫിന്‍ടെക് മേഖലയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികള്‍ തമ്മിലുള്ള ദീര്‍ഘകാല സഹകരണത്തിനും ഏകോപനത്തിനും തുടക്കം കുറിക്കുന്നതാണ് ‘മദാര്‍’ സെന്ററിന്റെ പ്രവര്‍ത്തനമെന്ന് ബാങ്ക് അറിയിച്ചു.
നൂതന ആശയങ്ങളെയും സാങ്കേതിക പരിഹാരങ്ങളെയും രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമത വര്‍ധിപ്പിക്കുന്ന മൂല്യവര്‍ധിത നേട്ടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. സാമ്പത്തിക സേവനങ്ങളുടെ ഭാവി വികസിപ്പിക്കുന്നതിനും ഈ മേഖലയിലെ അതിവേഗ മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറാനുള്ള ഖത്തറിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനും സെന്റര്‍ സഹായകമാകുമെന്നും ക്യുസിബി കൂട്ടിച്ചേര്‍ത്തു.

