
ദോഹ: ഖത്തറില്‍ നവംബര്‍ 1 മുതല്‍ 5 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ ആകെ മൂല്യം 665.817 ദശലക്ഷം ഖത്തര്‍ റിയാല്‍ കവിഞ്ഞതായി നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ് പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ട് വ്യക്തമാക്കി.

രജിസ്റ്റര്‍ ചെയ്ത വില്‍പ്പന കരാറുകള്‍ വഴിയുള്ള ഭൂമി, കെട്ടിട ഇടപാടുകളുടെ മൂല്യം 529,248,882 റിയാലാണ്. ഇതേ കാലയളവില്‍ താമസ യൂണിറ്റുകളുടെ വില്‍പ്പനയിലൂടെ 136,568,618 റിയാലിന്റെ ഇടപാടുകളും നടന്നു. ഇതോടെ ആകെ ഇടപാടുകളുടെ മൂല്യം 665.817 ദശലക്ഷം റിയാലിലെത്തി.

ഒഴിഞ്ഞുകിടക്കുന്ന ഭൂമികള്‍, താമസ കെട്ടിടങ്ങള്‍, അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങള്‍, വാണിജ്യ- താമസ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍, താമസ യൂണിറ്റുകള്‍ എന്നിവയാണ് ഈ കാലയളവില്‍ ഇടപാടുകള്‍ നടന്ന പ്രധാന വസ്തുവകകള്‍.
ഉമ്മുസലാല്‍, ദോഹ, അല്‍ വക്ര, അല്‍ റയ്യാന്‍, അല്‍ ദായന്‍, അല്‍ ഷമാല്‍, അല്‍ ഖോര്‍, അല്‍ ദഖീറ മുനിസിപ്പാലിറ്റികളിലാണ് പ്രധാനമായും റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നത്. ലുസൈല്‍ 69, പേള്‍ ഐലന്‍ഡ്, അല്‍ ഈബ്, അല്‍ വകൈര്‍, അല്‍ ഖറായിജ്, അല്‍ വാബ്, അല്‍ സഖാമ, ഗര്‍ തുവൈലിബ്, ലെഗ്‌തൈഫിയ എന്നിവിടങ്ങളിലും ഇടപാടുകള്‍ രേഖപ്പെടുത്തി.
അതേസമയം, ഒക്ടോബര്‍ 25 മുതല്‍ 29 വരെയുള്ള മുന്‍ റിപ്പോര്‍ട്ടിങ് ആഴ്ചയില്‍ രജിസ്റ്റര്‍ ചെയ്ത വില്‍പ്പന കരാറുകള്‍ വഴിയുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 572 ദശലക്ഷം റിയാല്‍ കവിഞ്ഞിരുന്നു.

