അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ കൗണ്‍സിലിലേക്ക് ഖത്തറിന് ചരിത്രനേട്ടം

Web Desk
3 Min Read

ദോഹ: അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ (ഐടിയു) 2027-2030 കാലയളവിലേക്കുള്ള കൗണ്‍സിലിലേക്ക് ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യ- ഓസ്‌ട്രേലിയ മേഖല ഉള്‍പ്പെടുന്ന റീജിയന്‍ ഇയില്‍നിന്ന് 165 വോട്ടുകള്‍ നേടിയാണ് ഖത്തര്‍ ചരിത്രനേട്ടം കൈവരിച്ചത്. ദോഹയില്‍ നടന്നുവരുന്ന ഐടിയു പ്ലിനിപൊട്ടന്‍ഷ്യറി കോണ്‍ഫറന്‍സ് 2026ന്റെ ഭാഗമായി നടന്ന തെരഞ്ഞടുപ്പിലാണ് ഖത്തറിന്റെ വിജയം.

city exchange

പ്ലിനിപൊട്ടന്‍ഷ്യറി സമ്മേളനങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ ഐടിയുവിന്റെ ഭരണനിര്‍വഹണം കൈകാര്യം ചെയ്യുന്ന സമിതിയാണ് കൗണ്‍സില്‍. 48 അംഗരാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സില്‍ യൂണിയന്റെ നയങ്ങള്‍, തന്ത്രങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിക്കുകയും തീരുമാനങ്ങള്‍ നടപ്പാക്കുന്നത് നിരീക്ഷിക്കുകയും ചെയ്യുന്നു.

കൗണ്‍സില്‍ അംഗത്വം അംഗരാജ്യങ്ങളോടുള്ള ഉത്തരവാദിത്തം മാത്രമല്ല, അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായ നയരൂപീകരണത്തില്‍ പങ്കാളികളാകാനും സാമ്പത്തിക- സാമൂഹിക വികസനത്തിന് പിന്തുണ നല്‍കാനുമുള്ള വലിയ അവസരം കൂടിയാണെന്ന് വാര്‍ത്താവിനിമയ- വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായി പറഞ്ഞു.

ഖത്തറിന്റെ അംഗത്വത്തിന് വിശ്വാസവും പിന്തുണയും നല്‍കിയ ഐടിയു അംഗരാജ്യങ്ങളോട് മന്ത്രി അഗാധമായ നന്ദിയും കടപ്പാടും രേഖപ്പെടുത്തി. 1973 മുതല്‍ ഖത്തറും ഐടിയുവും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ പങ്കാളിത്തത്തിന്റെ തുടര്‍ച്ചയാണ് ഈ അംഗത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -
Ad image

അടുത്ത നാലുവര്‍ഷത്തിനിടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള ഖത്തറിന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തി പൊതുവായ മൂന്ന് മുന്‍ഗണനാ മേഖലകളില്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായം രൂപപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഖത്തര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ മന്നായി പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും വിവരസമ്പന്നവുമായ ആശയവിനിമയ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

നെറ്റ്വര്‍ക്ക് സംവിധാനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക, സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുക, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്ക് എല്ലാവര്‍ക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുക എന്നിവയ്ക്കും മുന്‍ഗണന നല്‍കും. ഇതോടൊപ്പം ശേഷിവികസനത്തിനും ഫലപ്രദമായ ഭരണനിര്‍വഹണ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ മുന്‍ഗണനകള്‍ പ്രായോഗിക നേട്ടങ്ങളാക്കി മാറ്റുന്നതിനും അംഗരാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും സാമൂഹിക- സാമ്പത്തിക വികസനത്തിന് സഹായകമാകുന്നതിനും എല്ലാ അംഗരാജ്യങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐടിയു പ്ലിനിപൊട്ടന്‍ഷ്യറി കോണ്‍ഫറന്‍സ് 2026ന്റെ നിയുക്ത അധ്യക്ഷനും കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി പ്രസിഡന്റുമായ എന്‍ജിനീയര്‍ അഹമ്മദ് അബ്ദുല്ല അല്‍ മുസ്ലിമാനിയും ഖത്തറിന്റെ നേട്ടത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ചു.

1973ല്‍ ഐടിയുവില്‍ അംഗമായതിനുശേഷം ആദ്യമായാണ് ഖത്തറിന് സംഘടനയുടെ കൗണ്‍സിലില്‍ അംഗത്വം ലഭിക്കുന്നത്. രാജ്യത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ടെലികമ്മ്യൂണിക്കേഷന്‍- വിവരസാങ്കേതിക മേഖലകളിലെ ഖത്തറിന്റെ നേട്ടങ്ങള്‍ക്കും ആഗോളതലത്തിലെ സജീവ സാന്നിധ്യത്തിനും ലഭിച്ച അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ഐടിയുവിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിലും തന്ത്രപരമായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിലും 48 അംഗങ്ങളുള്ള കൗണ്‍സിലിന് നിര്‍ണായക പങ്കുണ്ടെന്ന് അല്‍ മുസ്ലിമാനി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതിക മേഖലകളുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകളിലും തീരുമാനമെടുക്കല്‍ പ്രക്രിയകളിലും നേരിട്ട് പങ്കാളിയാകാന്‍ ഖത്തറിന് ഈ അംഗത്വം അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിനും അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുന്നതിനും അംഗത്വം ഫലപ്രദമായി പ്രയോജനപ്പെടുത്തും. അന്താരാഷ്ട്ര സംഘടനകളിലെ ഖത്തറിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുക, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുക, നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങള്‍ വ്യാപിപ്പിക്കുക, ആഗോളതലത്തില്‍ ഡിജിറ്റല്‍ ശേഷികള്‍ വര്‍ധിപ്പിക്കുക എന്നിവയ്ക്കും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ നേട്ടം ഒരു അന്താരാഷ്ട്ര സംഘടനയിലെ അംഗത്വം മാത്രമല്ലെന്നും ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോകത്തിന്റെ ഡിജിറ്റല്‍ ഭാവി രൂപപ്പെടുത്തുന്നതിനും മുന്നിട്ടിറങ്ങാനുള്ള ഉത്തരവാദിത്തവും അവസരവുമാണെന്നും അല്‍ മുസ്ലിമാനി കൂട്ടിച്ചേര്‍ത്തു.

ഖത്തറിന് പിന്തുണയും വിശ്വാസവും നല്‍കിയ അംഗരാജ്യങ്ങളോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ച ദേശീയ സ്ഥാപനങ്ങള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും പ്രവര്‍ത്തകസംഘത്തിനും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

ഐടിയു നേതൃത്വവുമായും വിവിധ ബ്യൂറോകളിലേക്കും വകുപ്പുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട മേധാവികളുമായും സഹകരിച്ച് പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!