
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളുടെയും കിന്റര്‍ഗാര്‍ട്ടനുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആദ്യമായി സമഗ്ര നിയമാവലി പുറത്തിറക്കി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ തടയുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിലവാരം മെച്ചപ്പെടുത്തുക, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് പുതിയ മാര്‍ഗനിര്‍ദേശത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസകാര്യ വിഭാഗം മുഖേനയാണ് നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവിലുള്ള നിയമങ്ങളും അംഗീകൃത നയങ്ങളും പാലിക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗരേഖയായിരിക്കും ഇത്.

സ്കൂള്‍ ഭരണനിര്‍വഹണം, ജീവനക്കാരുടെ നിയമനവും മാനേജ്മെന്റും, ട്യൂഷന് ഫീസ്, സാമ്പത്തിക കാര്യങ്ങള്‍, വിദ്യാര്‍ഥി പ്രവേശനം, അധ്യാപനവും പഠനവും, ആരോഗ്യ- സുരക്ഷാ സംവിധാനങ്ങള്‍, വിദ്യാര്‍ഥികളുടെ പെരുമാറ്റം, മൂല്യനിര്‍ണയം തുടങ്ങിയ മേഖലകളെ നിയമാവലി ഉള്‍ക്കൊള്ളുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലും നിരീക്ഷണങ്ങളിലും കണ്ടെത്തിയ വീഴ്ചകളും നിയമലംഘനങ്ങളുമാണ് പുതിയ മാര്‍ഗരേഖ തയ്യാറാക്കുന്നതിന് അടിസ്ഥാനമായതെന്ന് മന്ത്രാലയം അറിയിച്ചു. നിയമങ്ങള്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കുന്ന സാഹചര്യം ഒഴിവാക്കി എല്ലാ സ്ഥാപനങ്ങളിലും ഏകീകൃത നടപടിക്രമങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം.
നിയമാവലി നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പരിശോധനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുമെന്ന് സ്വകാര്യ സ്കൂളുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ വിഭാഗം ഡയറക്ടറും സ്വകാര്യ ലൈസന്‍സിങ് വിഭാഗത്തിന്റെ ആക്ടിങ് ഡയറക്ടറുമായ ഡോ. റാനിയ യൂസ്രി മുഹമ്മദ് ഖത്തര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അവര്‍ വ്യക്തമാക്കി.
ഫീല്‍ഡ് പരിശോധനകള്‍, ലഭിക്കുന്ന പരാതികളിന്മേലുള്ള തുടര്‍നടപടികള്‍, കണ്ടെത്തിയ വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടോയെന്ന പരിശോധന എന്നിവയിലൂടെ നിയമാവലി പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കും.
നിയമലംഘനങ്ങള്‍ സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം അവ മുന്‍കൂട്ടി തടയുന്നതിനായി സ്കൂളുകള്‍ പതിവായി ആഭ്യന്തര പരിശോധനകളും സ്വയം വിലയിരുത്തലുകളും നടത്തണമെന്നും നിര്‍ദേശിക്കും.
പിഴകളുടെയും ശിക്ഷാനടപടികളുടെയും എണ്ണമല്ല പുതിയ സംവിധാനത്തിന്റെ വിജയത്തിന്റെ മാനദണ്ഡമെന്നും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ കുറയുകയും കൂടുതല്‍ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പഠനാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതാണ് പ്രധാനമെന്നും ഡോ. റാനിയ വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക, രക്ഷിതാക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിശ്വാസം വളര്‍ത്തുക, ജീവനക്കാരോട് നീതിപൂര്‍വമായ സമീപനം ഉറപ്പാക്കുക എന്നിവയാണ് അന്തിമ ലക്ഷ്യങ്ങള്‍.
പുതിയ നിയമാവലിയെ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റായ റാഷിദ് അല്‍ ഔദ അല്‍ ഫാദ്ലി സ്വാഗതം ചെയ്തു. പൊതുവായ നിയമനിര്‍ദേശങ്ങളെ പ്രായോഗികമായി നടപ്പാക്കാന്‍ സഹായിക്കുന്ന ഏകീകൃത ചട്ടക്കൂട് സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം ക്യു എന്‍ എയോട് പറഞ്ഞു.
നിയമലംഘനങ്ങള്‍ സംഭവിച്ചശേഷം ശിക്ഷിക്കുന്ന രീതിയില്‍നിന്ന് അവ മുന്‍കൂട്ടി തടയുന്നതിനും സ്ഥാപനങ്ങള്‍ സ്വയം നിരീക്ഷിക്കുന്നതിനും പ്രാധാന്യം നല്കുന്ന സമീപനം വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഴവുകള്‍ തിരുത്തുന്നതിനുള്ള ചെലവ് കുറയ്ക്കുന്നതിനൊപ്പം നിയമങ്ങള്‍ പാലിക്കുന്നത് സ്ഥാപനങ്ങളുടെ പ്രൊഫഷണല്‍ ഉത്തരവാദിത്തമായി മാറാനും ഈ സംവിധാനം സഹായിക്കും.
ഖത്തറിലെ 354 സ്വകാര്യ സ്കൂളുകളില്‍ 240 എണ്ണത്തിന് നിയമലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന നേട്ടത്തിന് മൈ വൈറ്റ് ഫ്ളാഗ് അവാര്‍ഡ് ലഭിച്ചതും മേഖലയിലെ സ്ഥാപനങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമായ മേഖലകളും അധ്യാപനരീതികളില്‍ സ്വാതന്ത്ര്യം അനുവദിക്കേണ്ട മേഖലകളും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെന്നും റാഷിദ് അല്‍ ഔദ അല്‍ ഫാദ്ലി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ഥികളുടെ സുരക്ഷ, വ്യക്തിഗത അവകാശങ്ങള്‍, സാമ്പത്തിക സുതാര്യത, ദേശീയ സ്വത്വം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. അതേസമയം അധ്യാപനരീതികള്‍, വിദ്യാര്‍ഥികളുടെ പങ്കാളിത്തം, പഠനപ്രവര്‍ത്തനങ്ങളിലെ നവീകരണം എന്നിവയില്‍ സ്കൂളുകള്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങളുടെ സ്വഭാവം, ഗൗരവം, അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ പരിഗണിച്ചായിരിക്കും നടപടികള്‍ സ്വീകരിക്കുക. കണ്ടെത്തുന്ന വീഴ്ചകള്‍ പരിഹരിക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് നിശ്ചിത സമയം അനുവദിക്കും. തിരുത്തല്‍ നടപടികള്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ടോയെന്ന് കുറഞ്ഞത് ഒരു അധ്യയന വര്‍ഷക്കാലം തുടര്നിരീക്ഷണത്തിലൂടെ വിലയിരുത്തും.
ഖത്തര്‍ ദേശീയ ദര്‍ശനമായ 2030ന്റെ ലക്ഷ്യങ്ങള്‍ക്കും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കും പുതിയ നിയമാവലി കരുത്തേകുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.
നിയന്ത്രണ ഏജന്‍സികള്‍, സ്കൂള്‍ ഉടമകള്‍, ഭരണനിര്‍വഹണ വിഭാഗം, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും സ്വകാര്യ വിദ്യാഭ്യാസത്തിന്റെ സ്ഥിരതയും ഗുണമേന്മയും എല്ലാവരുടെയും കൂട്ടുത്തരവാദിത്തമാക്കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

