ആഗോള കായിക ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ശക്തമാകുന്നു: എ എഫ് സി പ്രസിഡന്റ്

Web Desk
2 Min Read

ക്വാലാലംപൂര്‍: പ്രമുഖ അന്താരാഷ്ട്ര കായികമേളകളുടെ വേദിയെന്ന നിലയില്‍ ആഗോളതലത്തില്‍ ഖത്തറിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ എഫ് സി) പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ. 2026 ഫിഫ അണ്ടര്‍-17 ലോകകപ്പിന് ദോഹ വേദിയാകുന്നതിലൂടെ ലോക കായികരംഗത്തെ പ്രധാന കേന്ദ്രമെന്ന നിലയിലുള്ള ഖത്തറിന്റെ പ്രാധാന്യം വീണ്ടും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതുതലമുറയിലെ പ്രതിഭാധനരായ ഫുട്‌ബോള്‍ താരങ്ങളെ സ്വാഗതം ചെയ്യാന്‍ ഏഷ്യന്‍ വന്‍കര ഒറ്റക്കെട്ടായി ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

city exchange

ഈ വ്യാഴാഴ്ച ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഡിസംബര്‍ 13 വരെ മത്സരങ്ങള്‍ തുടരും. ലോകകപ്പ് വിജയകരമായി സംഘടിപ്പിക്കുന്നതിന് ഖത്തര്‍, ഫിഫ, പങ്കെടുക്കുന്ന ദേശീയ ടീമുകള്‍ എന്നിവര്‍ക്ക് ശൈഖ് സല്‍മാന്‍ ആശംസകള്‍ നേര്‍ന്നു.

ഏഷ്യയെ പ്രതിനിധീകരിക്കുന്ന ഒന്‍പത് ദേശീയ ടീമുകള്‍ക്ക് എ എഫ് സിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഏഷ്യയിലെ വളര്‍ന്നുവരുന്ന യുവതാരങ്ങള്‍ക്ക് ആഗോള വേദിയില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനും ലോകത്തിലെ മികച്ച ടീമുകളുമായി ഏറ്റുമുട്ടി വിലപ്പെട്ട അന്താരാഷ്ട്ര അനുഭവം നേടാനും ഈ ലോകകപ്പ് വലിയ അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യയില്‍നിന്ന് ഒന്‍പത് ടീമുകള്‍
ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ, ഉസ്ബക്കിസ്ഥാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍, വിയറ്റ്‌നാം, ആതിഥേയരായ ഖത്തര്‍ എന്നിവയാണ് ഏഷ്യയില്‍നിന്ന് മത്സരിക്കുന്ന ഒന്‍പത് ടീമുകള്‍.

- Advertisement -
Ad image

2026ലെ എ എഫ് സി അണ്ടര്‍-17 ഏഷ്യന്‍ കപ്പില്‍ ജേതാക്കളായാണ് ജപ്പാന്‍ ലോകകപ്പിന് യോഗ്യത നേടിയത്. ചൈനയാണ് രണ്ടാം സ്ഥാനക്കാര്‍. ഓസ്‌ട്രേലിയയും ഉസ്ബക്കിസ്ഥാനും സെമിഫൈനലില്‍ എത്തിയിരുന്നു. ദക്ഷിണ കൊറിയ, സൗദി അറേബ്യ, താജിക്കിസ്ഥാന്‍ എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലും പ്രവേശിച്ചു. വിയറ്റ്‌നാം ആദ്യമായാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം പതിപ്പിലും 48 ടീമുകളുടെ വിപുലീകരിച്ച ഫോര്‍മാറ്റില്‍ ഒന്‍പത് ഏഷ്യന്‍ ടീമുകള്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 104 മത്സരങ്ങള്‍, ഒന്‍പത് മൈതാനങ്ങള്‍
ഖത്തറിലെ ആസ്പയര്‍ സോണിലുള്ള ഒന്‍പത് മൈതാനങ്ങളിലായി ആകെ 104 മത്സരങ്ങളാണ് നടക്കുക. ഡിസംബര്‍ 13ന് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.

ആദ്യ റൗണ്ടില്‍ നാല് ഏഷ്യന്‍ ടീമുകള്‍ കളത്തിലിറങ്ങും. ദക്ഷിണ കൊറിയ ഉഗാണ്ടയെ നേരിടും. ഗ്രൂപ്പ് ഡിയില്‍ സൗദി അറേബ്യയുടെ ആദ്യ മത്സരം ഉറുഗ്വേയ്‌ക്കെതിരെയാണ്. ആതിഥേയരായ ഖത്തര്‍ പനാമയെയും ഓസ്‌ട്രേലിയ അര്‍ജന്റീനയെയും നേരിടും.

ഏഷ്യന്‍ ഫുട്‌ബോളിന് വലിയ അവസരം
യുവ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനും വളര്‍ത്തിയെടുക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ ഏഷ്യന്‍ ഫുട്‌ബോളിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിനും ലോകകപ്പ് നിര്‍ണായക വേദിയാകുമെന്ന് എ എഫ് സി പ്രസിഡന്റ് പറഞ്ഞു.

യുവതാരങ്ങള്‍ക്ക് ലോകത്തിലെ മികച്ച ടീമുകള്‍ക്കെതിരെ മത്സരിച്ച് തങ്ങളുടെ സാങ്കേതിക മികവും കഴിവും തെളിയിക്കാന്‍ ലഭിക്കുന്ന അവസരമാണിത്. ഏഷ്യന്‍ ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വന്‍കരയുടെ ഫുട്‌ബോള്‍ രംഗത്തുണ്ടായ പുരോഗതി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്ന തലത്തിലുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അവസരങ്ങള്‍ ഒരുക്കുകയെന്നത് എ എഫ് സിയുടെ ദര്‍ശനത്തിന്റെയും പ്രവര്‍ത്തനലക്ഷ്യത്തിന്റെയും പ്രധാന ഭാഗമാണെന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏഷ്യന്‍ ടീമുകള്‍ക്കും മത്സര ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം വിജയാശംസകള്‍ നേര്‍ന്നു.

Share This Article
Leave a Comment
error: Content is protected !!