
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഗയ് പാര്‍മെലിന്‍ ബേണിലെ ബെര്ണര്ഹോഫ് പാലസില്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. അമീറിനും അദ്ദേഹത്തോടൊപ്പമുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തിനുമുള്ള ആദരസൂചകമായാണ് വിരുന്ന് സംഘടിപ്പിച്ചത്.

വിരുന്നില്‍ സംസാരിച്ച അമീര്‍, ഖത്തറും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള സൗഹൃദപരവും സഹകരണാധിഷ്ഠിതവുമായ ബന്ധങ്ങളോടുള്ള ഖത്തറിന്റെ ആദരവാണ് തന്റെ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഈ ബന്ധം കൂടുതല്‍ വികസിപ്പിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമ്പത്തികം, നിക്ഷേപം, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും കൈവരിച്ച സഹകരണം അമീര്‍ എടുത്തുപറഞ്ഞു. സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍, ഊര്‍ജം, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുടെയും വൈദഗ്ധ്യവും ശേഷിയും പ്രയോജനപ്പെടുത്തുന്നതിനും ഖത്തര്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സുസ്ഥിര സമാധാനം പ്രോത്സാഹിപ്പിക്കുക, നയതന്ത്രപരമായ ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക, പരസ്പര വിശ്വാസം വളര്‍ത്തുക എന്നിവയില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ നിലപാടാണുള്ളതെന്ന് അമീര്‍ വ്യക്തമാക്കി. പ്രതിസന്ധികള്‍ക്ക് സംഭാഷണത്തിലൂടെ പരിഹാരം കാണുന്നതിന് പങ്കാളികളായ രാജ്യങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി ബന്ധം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് നിലവിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും അമീര്‍ അഭിപ്രായപ്പെട്ടു. വ്യക്തമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമ്പോഴാണ് പങ്കാളിത്തങ്ങളുടെ യഥാര്‍ഥ മൂല്യം തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ, നൂതന വ്യവസായങ്ങള്‍, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളില്‍ സ്വിറ്റ്സര്‍ലന്‍ഡിനുള്ള വൈദഗ്ധ്യവും ഖത്തറിലെ നിക്ഷേപസാധ്യതകളും വളര്‍ച്ചാ അവസരങ്ങളും പ്രാദേശിക വിപണികളിലേക്കുള്ള പ്രവേശനസൗകര്യവും പരസ്പരം പ്രയോജനപ്പെടുത്താന്‍ സഹകരണത്തിലൂടെ കഴിയുമെന്ന് അമീര്‍ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളിലെയും വ്യവസായ- വാണിജ്യ മേഖലകളിലെ പ്രതിനിധികളുമായി വ്യാഴാഴ്ച നിശ്ചയിച്ചിട്ടുള്ള കൂടിക്കാഴ്ചയും അമീര്‍ പരാമര്‍ശിച്ചു. ചര്‍ച്ചകളിലൂടെ പുതിയ വ്യാപാര- നിക്ഷേപ അവസരങ്ങളും സംയുക്ത പദ്ധതികളും രൂപപ്പെടുമെന്നും അത് ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കമ്പനികളും നിക്ഷേപകരും തമ്മിലുള്ള പങ്കാളിത്തം ശക്തമാകുമ്പോഴാണ് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും കൂടുതല്‍ ദൃഢമാകുന്നതെന്ന് അമീര്‍ പറഞ്ഞു. സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങളിലെയും സാമ്പത്തിക, ശാസ്ത്ര സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും നിലവിലുള്ള സാധ്യതകളെ സുസ്ഥിരമായ പ്രായോഗിക പദ്ധതികളാക്കി മാറ്റാനുമാണ് ഖത്തര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറും സ്വിറ്റ്സര്‍ലന്‍ഡും തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും ഉഭയകക്ഷി ബന്ധത്തിന്റെ ശക്തമായ അടിത്തറയായി തുടരുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും കൂടുതല്‍ ഉയര്‍ത്താന്‍ ഈ ബന്ധം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുപടി പ്രസംഗത്തില്‍ സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഗയ് പാര്‍മെലിന്‍ അമീറിനെയും അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും ഖത്തറിലെ വ്യവസായ പ്രമുഖരെയും വീണ്ടും സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും ഭരണനേതൃത്വങ്ങളുടെ പ്രതിബദ്ധതയെത്തുടര്ന്ന് വിവിധ മേഖലകളില്‍ ഖത്തര്‍- സ്വിറ്റ്സര്‍ലന്‍ഡ് ബന്ധം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയില്‍ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉഭയകക്ഷി സഹകരണത്തിലൂടെ കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡന്റ് വിശദീകരിച്ചു. സ്വിറ്റ്സര്‍ലന്‍ഡില്‍ കൂടുതല്‍ സഹകരണത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകളും അദ്ദേഹം എടുത്തുപറഞ്ഞു.
മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഖത്തര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സ്വിസ് പ്രസിഡന്റ് നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പ്രസംഗത്തിന്റെ സമാപനത്തില്‍ അമീറിന് എല്ലാ വിജയങ്ങളും ഖത്തറിന് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം അല്‍ഥാനിയും അമീറിനെ അനുഗമിക്കുന്ന ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങളും വിരുന്നില്‍ പങ്കെടുത്തു. സ്വിറ്റ്സര്‍ലന്‍ഡിലെ മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍, ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളിലെ വ്യവസായ പ്രമുഖര്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും സന്നിഹിതരായിരുന്നു.

