
ദോഹ: ഖത്തര്‍ ഗ്രാന്‍ഡ് പ്രീയുടെ രണ്ടാം പരിശീലന സെഷനില്‍ മെഴ്സിഡസ് ആധിപത്യം സ്ഥാപിച്ചു. ലോക ചാമ്പ്യന്‍ കിമി ആന്റണെല്ലി സഹതാരം ജോര്‍ജ് റസ്സലിനെ പിന്നിലാക്കി ഏറ്റവും വേഗമേറിയ താരമായി. രണ്ട് തവണ ചുവപ്പ് പതാക ഉയര്ത്തേണ്ടിവന്നതിനെത്തുടര്ന്ന് തടസ്സപ്പെട്ട സെഷനിലും മെഴ്സിഡസ് താരങ്ങള്‍ മികവ് പുലര്‍ത്തി.

മീഡിയം ടയറില്‍ റസ്സലിനേക്കാള്‍ 0.127 സെക്കന്‍ഡ് വേഗത്തിലാണ് ഇറ്റാലിയന്‍ താരം ആന്റണെല്ലി ഫിനിഷ് ചെയ്തത്. രണ്ട് ചുവപ്പ് പതാകകള്‍ കാരണം ഇരുവര്‍ക്കും സോഫ്റ്റ് ടയറില്‍ സമയമുറപ്പിക്കാന് കഴിഞ്ഞില്ല.

ഫെരാരിയുടെ എന്ജിന് തകരാറിനെത്തുടര്‍ന്ന് ഏഴുതവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണും ട്രാക്കില്‍ വാഹനം നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് ഹാമില്‍ട്ടണെ സഹായിക്കാന്‍ മാര്‍ഷലുകള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി വെര്‍ച്വല്‍ സേഫ്റ്റി കാര്‍ വിന്യസിച്ചു.
ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന പരിശീലനത്തില്‍ മക്ലാരന്റെ ലാന്‍ഡോ നോറിസ്, ഓസ്കര് പിയാസ്ട്രി, റെഡ് ബുള്ളിന്റെ മാക്സ് വെര്സ്റ്റാപ്പന് എന്നിവര്‍ യഥാക്രമം ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. എന്നാല്‍ സോഫ്റ്റ് ടയറില്‍ സമയം കുറിച്ച ഇവര്‍ക്ക് മെഴ്സിഡസ് താരങ്ങളേക്കാള്‍ നാല് പത്തിലധികം സെക്കന്‍ഡ് പിന്നിലാകേണ്ടിവന്നു.
ഫെരാരിയുടെ ചാള്‍സ് ലെക്ലെര്‍ക്ക് തുടക്കത്തില്‍ ട്രാക്കിലേക്ക് ചരല് തെറിപ്പിച്ചതിനെത്തുടര്‍ന്ന് അത് നീക്കം ചെയ്യാനാണ് ആദ്യമായി ചുവപ്പ് പതാക ഉയര്‍ത്തിയത്. രണ്ടാമത്തെ തവണ ആല്‍പൈന്‍ താരം പിയറി ഗാസ്ലിയുടെ കാര്‍ ട്രാക്കില്‍നിന്ന് വീണ്ടെടുക്കുന്നതിനായിരുന്നു നടപടി.
യോഗ്യതാ മത്സരത്തിനുള്ള വേഗപരീക്ഷണത്തിനിടെ 14-ാം വളവില്‍ അമിതമായി കര്‍ബ് കയറിയതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഗാസ്ലിയുടെ കാര്‍ ഉയര്‍ന്ന വേഗത്തില്‍ തെന്നിമാറി മാര്‍ക്കര്‍ ബോര്‍ഡില്‍ ഇടിച്ചശേഷം ട്രാക്കിന് പുറത്തേക്ക് നീങ്ങുകയായിരുന്നു.
തുടര്‍ച്ചയായ തടസ്സങ്ങള്‍ കാരണം ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ സമയം പരിശീലനത്തിന് ലഭ്യമാക്കുന്നതിനായി രണ്ടാം പരിശീലന സെഷന് 13 മിനിറ്റ് കൂടി നീട്ടി.
ഈ മാസം ആദ്യം മെക്സിക്കോ സിറ്റിയില്‍ കന്നി ലോക കിരീടം നേടിയ ആന്റണെല്ലി ആദ്യ പരിശീലനത്തിലും മീഡിയം ടയറില്‍ ഏറ്റവും വേഗമേറിയ താരമായിരുന്നു. ആദ്യ പരിശീലനത്തില്‍ സോഫ്റ്റ് ടയര്‍ ഉപയോഗിച്ചെങ്കിലും മികച്ച ലാപ് സമയം കുറിക്കാന്‍ 20-കാരനായ താരത്തിന് കഴിഞ്ഞിരുന്നില്ല.
റേസ് വിജയത്തിനായി താനും റസ്സലും തമ്മില്‍ കടുത്ത പോരാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ആന്റണെല്ലി പറഞ്ഞു. എന്നാല്‍ മാക്സ് വെര്‍സ്റ്റാപ്പനെയും മറ്റ് താരങ്ങളെയും ഒരിക്കലും എഴുതിത്തള്ളാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

