

വാഷിങ്ടന്‍: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയ്‌ക്കെതിരെ മുന്നറിയിപ്പ് നല്കി അമേരിക്ക. യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയ്‌ക്കെതിരെ പ്രസ്താവന നടത്തിയത്.

ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നായിരുന്നു യു എസ്- ഇന്ത്യ മന്ത്രിതല ചര്‍ച്ചക്കു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.

ഇന്ത്യയിലെ സമീപകാല സംഭവങ്ങള്‍ യു എസ് നിരീക്ഷിച്ചു വരികയാണെന്നും സര്‍ക്കാര്‍- പൊലീസ്- ജയില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചിലര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം നടത്തുകയാണെന്ന് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. യു എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് എസ് ജയ്ശങ്കറോ രാജ്‌നാഥ് സിംഗോ വാര്‍ത്താ സമ്മേളനത്തില്‍ ഒന്നും എതിര്‍ത്തു സംസാരിച്ചില്ലെന്നതും ശ്രദ്ധേയമായി.
ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അമേരിക്ക വിമുഖത കാണിക്കുകയാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഇല്‍ഹാന്‍ ഒമര്‍ കുറ്റപ്പെടുത്തിയിരുന്നു. പൗരത്വ ബില്‍, ഹിജാബ് നിരോധം എന്നിവ പരാമര്‍ശിച്ചായിരുന്നു ഒമറിന്റെ ആരോപണം. ഇതിന് പിന്നാലെയായിരുന്നു ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.
വാര്‍ത്താ സമ്മേളനത്തില്‍ മൗനം പാലിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അമേരിക്കന്‍ പ്രസ്താവനയ്ക്ക് പിന്നില്‍ യു എസ് ലോബികളുടേയും വോട്ട് ബാങ്കിന്റേയും താത്പര്യമാണെന്ന് പിന്നീട് പ്രസ്താവിച്ചു. അമേരിക്കയിലെ മനുഷ്യാവകാശ വിഷയങ്ങളിലടക്കം ഇന്ത്യക്ക് നിലപാടുണ്ടെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മില്‍ മനുഷ്യാവകാശ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും രാഷ്ട്രീയ- പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നും പറഞ്ഞ എസ് ജയ്ശങ്കര്‍ ആന്റണി ബ്ലിങ്കന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിരുന്നതായും വ്യക്തമാക്കി.

