

ദോഹ: പതിനാലാം രാവ് ആകാശത്തും ഭൂമിയിലും ഒരേപോലെ ഉദിക്കുന്ന ദിവസമാണിന്ന് ഖത്തറിന്. മാനത്തമ്പിളിയാണെങ്കില് താഴത്ത് അമ്പിളിച്ചന്തമുള്ള കുട്ടികള്‍. ഇന്ന് നോമ്പ് 14 പൂര്‍ത്തിയാകുമ്പോള്‍ ഖത്തറിലെ കുട്ടികള്‍ ‘പെരുന്നാള്‍’ ആഘോഷിക്കും- കുട്ടികളുടെ പെരുന്നാള്‍- ഗരന്‍ഗാവോ!

ഖത്തരി വേഷത്തില്‍ ചമഞ്ഞൊരുങ്ങി മനോഹരമായ സഞ്ചികളുമായി അവര്‍ കരന്ഗാവോ ഗാനം ആലപിച്ച് തെരുവുകളില്‍ നിന്ന് തെരുവുകളിലൂടെ വീടുകളില്‍ നിന്ന് വീടുകളിലേക്ക് യാത്ര പോകും. അവിടെയെല്ലാം അവരെ കാത്ത് മധുരവും മിഠായിയും നട്ട്സുകളും റിയാലുകളുമുണ്ടാകും. പാടിയെത്തുന്ന കുട്ടികളെ സ്വീകരിച്ച് മധുരം നല്‍കും. ഇത് ഖത്തരി പാരമ്പര്യ ആഘോഷം- ഗരന്‍ഗാവോ.


മുതിര്‍ന്നവരില്‍ നിന്നും സമ്മാനങ്ങള്‍ സ്വീകരിച്ച് കുട്ടികളുടെ പെരുന്നാള്‍ ആഘോഷിക്കുന്ന സമ്പ്രദായം ഗള്‍ഫിലുടനീളം വ്യത്യസ്ത രീതികളിലുണ്ട്. ഖത്തറിലത് കുറച്ചുകൂടി നിറപ്പകിട്ടാര്ന്നാണെന്ന് മാത്രം.
ഗരന്‍ഗാവോ ആഘോഷത്തിന്റെ ഭാഗമായി വിവിധ സംഘടനകളും കേന്ദ്രങ്ങളും വ്യത്യസ്തമായ നിരവധി പരിപാടികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. സൂഖ് വാഖിഫിലും കത്താറയിലും എജുക്കേഷന്‍ സിറ്റിയിലും മുശൈരിബ് ഡൗണ്‍ ടൗണിലും ഉള്‍പ്പെടെ വ്യത്യസ്ത പരിപാടികള്‍ കുട്ടികള്‍ക്കായി അരങ്ങേറും. കൈനിറയെ സമ്മാനങ്ങളും അവര്‍ക്കായി കരുതിയിട്ടുമുണ്ടാകും.

റമദാന്റെ ആദ്യ പകുതി പൂര്‍ത്തിയാകുന്നതോടെ കുട്ടികളുടെ നോമ്പുകാലം കഴിഞ്ഞെന്നും പെരുന്നാളായെന്നുമാണ് സങ്കല്പം. അതിന്റെ ഭാഗമായാണ് ആഘോഷങ്ങള്‍ നടത്തുന്നത്.
ഗരന്ഗാവോയ്ക്ക് അണിയാനുള്ള പരമ്പരാഗത വസ്ത്രങ്ങളും അതിനൊത്ത മിഠായി സഞ്ചികളും കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാനുള്ള മിഠായിയും മധുരവും നട്ട്സുമെല്ലാം സൂഖ് വാഖിഫിലെ പരമ്പരാഗത കടകളില്‍ യഥേഷ്ടം ലഭ്യമാകും. ഗരന്‍ഗാവോ അടുക്കുന്നതോടെ ഇതെല്ലാം വാങ്ങാനുള്ള വലിയ തിരക്കാണ് സൂഖ് വാഖിഫ് ഉള്‍പ്പെടെയുള്ള ‘അങ്ങാടി’കളില്‍ അനുഭവപ്പെടാറുള്ളത്.
ഗരന്ഗാവോയുടെ ഭാഗമായി മുശൈരിബ് ഡൗണ്ടൗണ് ദോഹയിലെ അല്കഹ്റാബ സ്ട്രീറ്റില്‍ റമദാന് കോര്ണര്തന്നെ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ സ്റ്റാളുകളും പ്രാദേശിക ബ്രാന്റിലുള്ള ഉത്പന്നങ്ങളും ഉള്‍പ്പെടെ എല്ലാവര്ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് മുശൈരിബിന്റെ ഒരുക്കം.
എജുക്കേഷന്‍ സിറ്റിയില്‍ സാംസ്ക്കാരിക രാവും ശില്പശാലകളും എക്സിബിഷനുകളും വായനാമൂലയും ഉള്‍പ്പെടെ ഗരന്ഗാവോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ ഓക്സിജന്‍ പാര്‍ക്കിലെ മുല്തഖ സ്റ്റുഡന്റ് സെന്ററിന് സമീപം ഭക്ഷണ കേന്ദ്രങ്ങളും കച്ചവട സ്ഥാപനങ്ങളുമുണ്ടാകും.
സാമൂഹ്യ വികസന കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഫാമിലി ദിനവും ഗരന്ഗാവോയും യാദൃശ്ചികമാണെങ്കിലും ഒരേ ദിവസമാണ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി എജുക്കേഷന്‍ സിറ്റിയിലെ തോര്‍ബ മാര്‍ക്കറ്റില്‍ പാട്ടും കളികളുമായി ആഘോഷങ്ങള്‍ നടക്കും.
ഗള്‍ഫ് മാളിലും ഗേറ്റ് മാളിലും സമ്മാനങ്ങളും പോപ്കോണും ഫേസ് പെയിന്റിംഗുമായാണ് ആഘോഷം നടത്തുന്നത്. മാള്‍ ഓഫ് ഖത്തറില്‍ പരമ്പരാഗത കഥ പറയലും കുട്ടികളുടെ ഗാനങ്ങള്‍, മധുര വിതരണം തുടങ്ങിയവയാണ് ഗരന്ഗാവോയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
സഞ്ചിയിലെ നട്സും മധുരവും മിഠായിയും ഉണ്ടാക്കുന്ന ശബ്ദത്തേയും ആടിപ്പാടിയെത്തുന്ന കുട്ടികള്‍ വാതിലില്‍ മുട്ടി വിളിക്കുന്ന ശബ്ദത്തേയും സൂചിപ്പിക്കുന്ന അര്‍ഥത്തിലാണ് ഗരന്ഗാവോയിലെ ‘ഗര’ എന്ന വാക്ക് ഗള്‍ഫിലുടനീളം ഉപയോഗിക്കുന്നത്.

