

തൃശൂര്‍: ഇന്ത്യയിലെ ആദ്യ വാനര വസൂരി മരണം തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവാണ് വാനര വസൂരി ബാധിച്ച് ഇന്ത്യയില്‍ ആദ്യമായി മരിച്ചത്.

കാഞ്ഞിയൂരില്‍ മരിച്ച യുവാവിന് വാനര വസൂരി ബാധയുണ്ടായതായി സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാ ഫലമാണ് വാനര വസൂരി സ്ഥിരീകരിച്ചത്.

യു എ ഇയില്‍ നിന്നും വരുമ്പോള്‍ തന്നെ യുവാവിന് പനിയുണ്ടായിരുന്നു. വിദേശത്തു നിന്നും നടത്തിയ പരിശോധനയില്‍ തന്നെ വാനര വസൂരി സ്ഥിരീകരിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.
ജൂലായ് 21നാണ് യുവാവ് നാട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് തൃശൂര്‍ ദയ ആശുപത്രിയില്‍ ജൂലായ് 27ന് എത്തിയിരുന്നു. ശനിയാഴ്ച മരണം നടന്നതിന് ശേഷമാണ് വീട്ടുകാര്‍ ആശുപത്രിയില്‍ പരിശോധനാ ഫലം കാണിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവാവിന്റെ ആരോഗ്യനില വഷളായിരുന്നു. എങ്കിലും ശരീരത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

