

ഭുവനേശ്വര്‍: ഐ എസ് എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടാം തോല്‍വി വഴങ്ങി. ഒഡീഷ എഫ് സിയോട് 1-2നാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ലീഡ് നേടിയ ശേഷമായിരുന്നു ഒഡിഷയ്ക്ക് മുന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത്. ഹര്‍മന്‍ജോത് ഖബ്രയുടെ തകര്‍പ്പന്‍ ഹെഡറില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു. ജെറിയും പെഡ്രോ മാര്‍ട്ടിനും ഒഡീഷയ്ക്കായി ഗോളടിച്ചു. മൂന്ന് കളിയില്‍ മൂന്ന് പോയിന്റുമായി ഒമ്പതാമതാണ് ബ്ലാസ്റ്റേഴ്സ്.

എ ടി കെ മോഹന്‍ ബഗാനെതിരെ കളിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മുന്നേറ്റത്തില്‍ ദിമിത്രിയോസ് ഡയമന്റാകോസും ഇവാന്‍ കലിയുഷിനിയും. സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ്, പുയ്ട്ടിയ എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്റോ, ഹോര്‍മിപാം, മാര്‍കോ ലെസ്‌കോവിച്ച്, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ പ്രഭ്സുഖന്‍ സിങ് ഗില്‍. ഒഡിഷയുടെ മുന്നേറ്റത്തില്‍ നന്ദകുമാര്‍ ശേഖര്‍, ദ്യേഗോ മൗറീസിയോ, ജെറി മാവിമിന്‍ങ്തംഗ, മധ്യനിരയില്‍ സോള്‍ ക്രെസ്പോ, തോയ്ബ സിങ്, ഒസാമ മാലിക്, ഐസക് എന്നിവര്‍. പ്രതിരോധത്തില്‍ സഹില്‍ പന്‍വാര്‍, ശുഭം സാരംഗി, കാര്‍ലോസ് ഡെല്‍ഗാഡോ, ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്.

കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഒഡീഷ ഗോള്‍മുഖം ആക്രമിച്ചു. ലൂണയുടെ ക്രോസ് ഒഡീഷ പ്രതിരോധം ആയാസപ്പെട്ട് ഒഴിവാക്കി. ഏഴാം മിനിറ്റില്‍ ഒഡീഷ ബ്ലാസ്റ്റേഴ്സ് വലകുലുക്കിയെങ്കിലും റഫറി ഫൗള്‍ വിളിച്ചു. ഗില്ലിനെ ജെറി ഫൗള്‍ ചെയ്തതിനാലാണ് റഫറി ഗോള്‍ അനുവദിക്കാതിരുന്നത്. ഒഡീഷ മുന്നേറ്റത്തില്‍ ദ്യേഗോ മൗറീസിയോ ആയിരുന്നു അപകടകാരി. മറുവശത്ത് കലിയുഷ്നിയുടെ ഷോട്ട് അമരീന്ദറിന്റെ കൈകളിലൊതുങ്ങി. നിരന്തരം നടത്തിയ നീക്കങ്ങള്‍ക്കൊടുവില്‍ ബ്ലാസ്റ്റേഴ്സ് ഒഡീഷ വല തകര്‍ത്തു. 35-ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന ഗോള്‍. ഖബ്രയുടെ ഒന്നാന്തരം ഹെഡര്‍ അമരീന്ദറിനെ കാഴ്ചക്കാരനാക്കി. ഇടതുവശത്ത് ലൂണയായിരുന്നു ഗോളിലേക്ക് വഴിയൊരുക്കിയത്. മിന്നുന്ന ക്രോസ് വലതുപാര്‍ശ്വത്തിലേക്ക്. പ്രതിരോധത്തെ മുമ്പെ ഖബ്രയുടെ മിന്നല്‍ക്കുതിപ്പ്. പറന്നെത്തി തകര്‍പ്പനൊരു ഹെഡര്‍. മറുവശത്ത് സോള്‍ ക്രെസ്പോ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒഡീഷ കടുത്ത ആക്രമണം നടത്തി. മൗറീസിയോയുടെ കനത്ത ഷോട്ട് ഗില്‍ സാഹസികമായി തടഞ്ഞു. തെറിച്ചുവീണ പന്ത് വീണ്ടും തട്ടിയകറ്റി. 53-ാം മിനിറ്റില്‍ ഒഡീഷ തിരിച്ചടിച്ചു. ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചലിനൊടുവില്‍ ജെറി ഒഡീഷയെ ഒപ്പമെത്തിച്ചു. കാര്‍ലോസ് ഡെല്‍ഗാഡോയുടെ അടി ഗില്‍ തട്ടിയിട്ടെങ്കിലും ഓടിയെത്തിയ ജെറി അതിനെ വലയിലെത്തിച്ചു.
58-ാം മിനിറ്റില്‍ കലിയുഷ്നിയുടെ ഷോട്ട് അമരീന്ദര്‍ തടഞ്ഞു. 60-ാം മിനിറ്റില്‍ സഹലിന് പകരം കെ പി രാഹുലും 64-ാം മിനിറ്റില്‍ കലിയുഷ്നിക്ക് പകരം വിക്ടര്‍ മോണ്‍ഗിലും കളത്തിലെത്തി. റുയ്വാ ഹോര്‍മിപാമിന് പകരം നിഹാല്‍ സുധീഷുമെത്തി. 67-ാം മിനിറ്റില്‍ ഡയമന്റാകോസിന്റെ ഹെഡര്‍ നേരെ അമരീന്ദറിന്റെ കൈകളിലായി. തുടര്‍ന്നുള്ള ഒഡീഷ മുന്നേറ്റത്തെ ഗില്‍ ഒരിക്കല്‍ക്കൂടി തടഞ്ഞു.
അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സ് മികച്ച ആക്രമണക്കളിയാണ് പുറത്തെടുത്തത്. ഡയമന്റാകോസ് ഒഡീഷ ഗോള്‍മുഖത്ത് മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ ഒഡീഷ പ്രതിരോധം പിടിച്ചുനിന്നു. ബ്ലാസ്റ്റേഴ്സ് കളിയില്‍ നാലാം മാറ്റം വരുത്തി. ഖബ്രയ്ക്ക് പകരം നിഷുകുമാര്‍ വന്നു. ഇതിനിടെയാണ് കളി ഗതിക്കെതിരായി ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങിയത്. പകരക്കാരനായെത്തിയ പെഡ്രോ മാര്‍ട്ടിന്‍ ലോങ് റേഞ്ച് ഷോട്ടിലൂടെ ഗില്ലിനെ കീഴടക്കി. പ്രതിരോധത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് സമനില പിടിക്കാനായില്ല.
28ന് മുംബൈ സിറ്റി എഫ് സിയുമായി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കൊച്ചിയാണ് വേദി.

