
ദോഹ: ഇറ്റാലിയന്‍ ഇതിഹാസ ഫുട്‌ബോള്‍ താരം ആന്‍ഡ്രിയ പിര്‍ലോ ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ആഗോള പ്രചാരണ കാംപയിന്‍ ‘നോ ഫുട്‌ബോള്‍ നോ വറീസ്’ല്‍ രംഗത്തെത്തുന്നു. ഇറ്റാലിയന്‍ ദേശീയ ടീമിനായി കളിച്ച ഐക്കണിക്ക് കായികതാരം ഖത്തറിന്റെ നല്‍കുന്നതും അതിന്റെ ലോകോത്തര അനുഭവങ്ങള്‍ എവിടെയൊക്കെ ലഭിക്കുമെന്നും അവതരിപ്പിക്കും.


നര്‍മ്മം കലര്‍ന്ന പരസ്യങ്ങളുടെ പരമ്പരയില്‍ പിര്‍ലോ ഖത്തറിലെ വിവിധ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കുന്നത് കാണാനാവും. ഉള്‍കടല്‍ മരുഭൂമിയിലെ മണ്‍കൂനകളിലെ സാന്‍ഡ്ബോര്‍ഡിംഗ് മുതല്‍ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയവും ഫുവൈരിത് കൈറ്റ് ബീച്ച് റിസോര്‍ട്ടിലെ കൈറ്റ്‌സര്‍ഫിംഗ് വരെ പരസ്യത്തില്‍ വരുന്നുണ്ട്.

ഖത്തറിനെ താന്‍ ശരിക്കും ആസ്വദിച്ചുവെന്നും മനോഹരമായ ആളുകളുള്ള മനോഹരമായ രാജ്യമാണിതെന്നും പറഞ്ഞ പിര്‍ലോ നിരവധി സാധ്യതകള്‍ ഖത്തറിലുണ്ടെന്നും സ്‌പോര്‍ട്‌സ് ആരാധകനായാലും അല്ലെങ്കിലും ഖത്തര്‍ ആസ്വദിക്കാനും സാഹസികത, സംസ്‌കാരം, ആവേശകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുഭവിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പല തവണ പോയിട്ടുണ്ടെങ്കിലും വീണ്ടും സന്ദര്‍ശിക്കാന്‍ തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി ഖത്തര്‍ ഉടന്‍ മാറുമെന്നും തങ്ങളുടെ ഏറ്റവും പുതിയതും രസകരവുമായ അനുഭവങ്ങള്‍ അതിഥികളുമായി പങ്കിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഖത്തര്‍ ടൂറിസം പ്രമോഷന്‍ വിഭാഗം മേധാവി ഹയ അല്‍ നുഐമി പറഞ്ഞു. സൂഖുകള്‍ മുതല്‍ മികച്ച പ്രകൃതിദൃശ്യങ്ങള്‍ വരെ സന്ദര്‍ശക യാത്രയുടെ ഓരോ അനുഭവത്തിലും ഖത്തര്‍ ഊഷ്മളവും ആധികാരികവുമായ ആതിഥ്യമാണ് വാഗ്ദാനം ചെയ്യുന്നത്. എല്ലാത്തരം ബജറ്റുകള്‍ക്കും അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
”നോ ഫുട്ബാള്‍, നോ വറീസ്’ ആഗോള പ്രക്ഷേപണത്തോടൊപ്പം പ്രാദേശിക ടി വി സ്റ്റേഷനുകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബ്, ഗൂഗ്ള്‍ ഡിസ്‌പ്ലേ നെറ്റ്‌വര്‍ക്ക് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ഖത്തര്‍ ടൂറിസത്തിന്റെ പുതിയ ആഗോള ബ്രാന്‍ഡ് പ്ലാറ്റ്ഫോമായ ‘ഫീല്‍ മോര്‍ ഇന്‍ ഖത്തറിന്റെ’ ഭാഗമാണ് കാമ്പെയ്ന്‍. ഇത് ഖത്തറിലെ കുടുംബ സൗഹൃദ പ്രവര്‍ത്തനങ്ങളിലും അനുഭവങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
‘ഫീല്‍ മോര്‍ ഇന്‍ ഖത്തര്‍’ കാമ്പയിന്‍ ഡിസംബറില്‍ ആരംഭിക്കും. ആകര്‍ഷകമായ മൂന്ന് ആനിമേറ്റഡ് കഥാപാത്രങ്ങള്‍ ഒരു കുടുംബത്തിന് ഖത്തറില്‍ ഉണ്ടായിരിക്കുന്ന വൈകാരിക അനുഭവങ്ങളുടെ വ്യാപ്തിയും രാജ്യത്തിന്റെ പ്രശസ്തമായ ആതിഥ്യമര്യാദയും ഊഷ്മളമായ സ്വീകരണവും പരിചയപ്പെടുത്തുന്നതാണ് കാണിക്കുന്നത്. ഷഹീന്‍ ദ ഫാല്‍ക്കണ്‍, മഹാ അറേബ്യന്‍ ഓറിക്‌സ്, ലുലു ദ ഹോക്സ്ബില്‍ ആമ എന്നിവയാണ് കഥാപാത്രങ്ങള്‍. ഖത്തറിലെ പ്രതീകാത്മക വന്യജീവികളെ പ്രതിനിധീകരിക്കുന്നവയാണ് കഥാപാത്രങ്ങള്‍.

പിര്‍ലോ നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗ് ക്ലബ്ബായ ഫാത്തിഹ് കാരഗുമ്രൂക്കിന്റെ മാനേജരാണ്. തന്റെ സജീവ ഫുട്‌ബോള്‍ കാലങ്ങളില്‍ ഇന്റര്‍, എസി മിലാന്‍, യുവന്റസ്, ന്യൂയോര്‍ക്ക് സിറ്റി എഫ്സി, ഇറ്റാലിയന്‍ ദേശീയ ടീമുകള്‍ എന്നിവയ്ക്കായി അദ്ദേഹം കളത്തിലിറങ്ങി. 2006 ഫിഫ ലോകകപ്പില്‍ ഇറ്റലി കിരീടം നേടിയ എല്ലാ മത്സരങ്ങളിലും പിര്‍ലോ രംഗത്തുണ്ടായിരുന്നു. അവസാന പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആദ്യ ഗോള്‍ നേടി ഫ്രാന്‍സിനെതിരായ വിജയം ഉറപ്പാക്കാന്‍ ടീമിനെ സഹായിച്ചത് അദ്ദേഹമാണ്.
2030-ഓടെ ഇന്‍ബൗണ്ട് സന്ദര്‍ശകരുടെ എണ്ണം പ്രതിവര്‍ഷം ആറ് ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാനാണ് ഖത്തര്‍ ടൂറിസത്തിന്റെ പദ്ധതി.

