

ദുബൈ: അരനൂറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് ശേഷം കണ്ണൂര്‍ സിറ്റിയിലെ ഏളാട്ട് അബ്ദുസ്സലാം നാടണയുകയാണ്. ഈ മണ്ണും മനുഷ്യരും നല്കിയ സ്നേഹവും പരിഗണനയും നെഞ്ചിലേറ്റി.

മുംബൈയില്‍ നിന്നും ഉരുവില്‍ കയറി യു എ ഇയുടെ തീരം പറ്റിയ ആദ്യകാല പ്രവാസികളിലൊരാണ് അദ്ദേഹം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി അബൂദബി സൈഹാനില് ഫാം നോക്കി നടത്തുകയായിരുന്നു അബ്ദുസ്സലാം.

1975ലാണ് മുംബൈയില്‍ നിന്ന് ഉരുവില്‍ കയറിയത്. ആദ്യം അബൂദബി ടൂറിസ്റ്റ് ക്ലബിലായിരുന്നു ജോലി. ടാക്സി ഡ്രൈവറായും വീടുകളിലും ജോലി ചെയ്തു. അബൂദബി അഡ്നോക്കിലും പണിയെടുത്തു. ഇവിടെ നിന്നാണ് ഇമാറാത്തി പൗരന്റെ ഫാമിലേക്ക് എത്തുന്നത്. മരുഭൂ പ്രദേശത്തെ മൂന്നേക്കര്‍ ഭൂമിയില്‍ ഈന്തപ്പന മാത്രമായിരുന്നു അന്ന് ഉണ്ടായിരുന്നത്. അവിടം ഇപ്പോള്‍ പക്ഷി മൃഗാദികളാല്‍ സമൃദ്ധമാണ്.
സൈഹാന് ടൗണില്‍നിന്ന് നഹല് റോഡില്‍ ഫാം ബിസിനസ് അടക്കം നടത്തിവരുന്ന മകന് ഷംഷീറിനാണ് ഇനി അതൊക്കെ നോക്കാനുള്ള ചുമതല. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം നാട്ടില്‍ കഴിയാനാണ് അബ്ദുസ്സലാമിന്റെ ആഗ്രഹം.
കെ എം സി സിയുടെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. കണ്ണൂര്‍ താഴെചൊവ്വ സാജിത മന്‍സിലില്‍ സാജിതയാണ് ഭാര്യ. ഷബീര്‍ അലി, ഷമീര്‍ അലി, സഅദിയ എന്നിവരാണ് മറ്റു മക്കള്‍.

