പിണറായി ശ്രമിക്കുന്നത് രാജഭരണത്തിന്; ഖത്തര്‍ ഇന്‍കാസില്‍ ഗ്രൂപ്പിസമില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Web Desk
3 Min Read

ദോഹ: പിണറായി വിജയന്‍ കേരളത്തില്‍ നടത്തുന്നത് രാജഭരണമാണെന്നും മതേതര ജനാധിപത്യത്തിന് അനുകൂലമായ വിധത്തിലല്ല കാര്യങ്ങള്‍ പോകുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. കോട്ടയം ജില്ലാ ഒ ഐ സി സി ഇന്‍കാസ് കുടുംബ സംഗമവും കലാ സാംസ്‌ക്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യാന്‍ ഖത്തറിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ ആഗോളവാര്‍ത്തയുമായി സംസാരിക്കുകയായിരുന്നു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

city exchange

പിണറായി ശ്രമിക്കുന്നത് രാജഭരണത്തിന്

പിണറായി വിജയന്‍ ചരിത്രത്തിനെതിരായാണ് നീന്തിക്കൊണ്ടിരിക്കുന്നത്. അത് ഗുണം ചെയ്യില്ല, ഇന്നല്ലെങ്കില്‍ നാളെ പ്രതിഫലിക്കുമെന്നതാണ് യാഥാര്‍ഥ്യം. മതേതര ജനാധിപത്യത്തില്‍ ആ രീതിയില്‍ ഭരണം നടത്തുന്നതിന് പകരം പിണറായി വിജയന്‍ രാജഭരണമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് കെ പി സി സി പ്രസിഡന്റിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്.

സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ കാലത്തും അതിനുശേഷം മലബാറില്‍ വിവിധ രൂപത്തിലുള്ള മൂവ്‌മെന്റുകളിലും ജനങ്ങളുടെ വികാരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു പോയത് ചരിത്രം വായിച്ചാല്‍ മനസ്സിലാകും.

- Advertisement -
Ad image

പാര്‍ട്ടി ആദര്‍ശ സമീപനം; ഗ്രൂപ്പ് വ്യക്തി താത്പര്യങ്ങളുടെ കൂട്ടായ്മ

പാര്‍ട്ടിയും ഗ്രൂപ്പും തമ്മില്‍ അതിര്‍വരമ്പുണ്ടാകണം. ഗ്രൂപ്പെന്നത് വ്യക്തിപരമായ താത്പര്യങ്ങളുടെ കൂട്ടായ്മയാണ്. പാര്‍ട്ടിയെന്നത് ആദര്‍ശപരമായ സമീപനത്തിന്റെ മുഖമുദ്രയാണ്. ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഗ്രൂപ്പുകളുണ്ടാകാം.

ഗ്രൂപ്പുകള്‍ ആദര്‍ശപരമായ സമീപനങ്ങള്‍ക്കപ്പുറത്ത് വ്യക്തിപരമായ താത്പര്യങ്ങള്‍ കൂടി പരിരക്ഷിക്കുന്ന കൂട്ടായ്മയാണെങ്കിലും അതിര്‍വരമ്പിന് അപ്പുറത്തേക്ക് പോകുന്നത് ഒട്ടും ഗുണം ചെയ്യില്ല. പാര്‍ട്ടിയെ വിഴുങ്ങുന്ന രൂപത്തിലേക്ക് വ്യക്തി താത്പര്യങ്ങള്‍ വന്നുകൂടാ.

എല്ലാ വ്യക്തികളും കൂടി ചേരുന്നതാണല്ലോ പാര്‍ട്ടി. ആ പാര്‍ട്ടിക്കകത്ത് എല്ലാ വ്യക്തികളുടേയും താത്പര്യങ്ങള്‍ നൂറുശതമാനം പരിഗണിച്ചുകൊണ്ടു പോകാന്‍ കഴിയില്ല. ലോകചരിത്രത്തില്‍ അങ്ങനെയൊരു പ്രസ്ഥാനവുമില്ല, കേരളം അതില്‍ നിന്ന് വ്യത്യസ്തവുമല്ല. അതുകൊണ്ട് പാര്‍ട്ടിയുടെ പൊതുചിന്തയ്ക്ക് അനുകൂലമായും വിധേയമായും എല്ലാവരും നില്‍ക്കണം. അനുകൂലം എന്നതിനേക്കാള്‍ കൂടുതല്‍ വിധേയമായി നില്‍ക്കണം.

അതോടൊപ്പം തന്നെ നേരത്തെ പാര്‍ട്ടിയുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പാര്‍ട്ടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഭംഗിയാക്കി കൊണ്ടുപോകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്.

സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം മൂന്നു ദിവസത്തെ മനോഹരമായ ക്രമീകരണങ്ങളോടെയാണ് നടത്തിയത്. അപ്പോള്‍, സമാന്തര യോഗം ചേര്‍ന്നാലോ, അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാലോ അംഗീകരിക്കാനാവില്ല. കേരളത്തിലെ പാര്‍ട്ടിക്ക് ഇന്നത്തെ സാഹചര്യത്തില്‍ അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്. അതുകൊണ്ട് എല്ലാവരും സ്വന്തം താത്പര്യത്തേക്കാള്‍ അപ്പുറത്ത് പാര്‍ട്ടിയുടെ പൊതുതാത്പര്യം, നമ്മളെ വിശ്വസിക്കുന്ന ജനങ്ങളുടെ ചിന്തയും പ്രതിഫലിപ്പിക്കുന്ന രൂപത്തില്‍ മുന്നോട്ടു പോകണമെന്നാണ് എന്റെ അഭിപ്രായം.

വിവാദം മാധ്യമങ്ങളോട് പങ്കുവെക്കുന്നത് നിര്‍ത്തണം

പക്വത വന്ന നേതാക്കള്‍ പാര്‍ട്ടിയിലെ വിവാദപരമായ കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് നിര്‍ത്തണം. കേരളത്തിലെ ഏതെങ്കിലും കേഡര്‍ അടിസ്ഥാന പാര്‍ട്ടികള്‍ അങ്ങനെ ചെയ്യുന്നുണ്ടോ, ചെയ്യുന്നില്ല. അതിന്റെ അര്‍ഥം ആ പാര്‍ട്ടികളിലൊന്നും തര്‍ക്കമില്ല എന്നതാണോ. ഇതിനേക്കാള്‍ രൂക്ഷമായ തര്‍ക്കങ്ങളുള്ള പാര്‍ട്ടികളുണ്ട്. പക്ഷേ, അവര്‍ ആത്മസംയമനം പാലിക്കുന്നുണ്ട്. അവര്‍ക്ക് എവിടംവരെ പോകാം എന്ന കാര്യത്തിലൊരു ചിന്തയുണ്ട്. അതിനപ്പുറത്തേക്ക് പോയാല്‍ പാര്‍ട്ടിക്കത് ഗുണം ചെയ്യില്ല. മാത്രമല്ല പാര്‍ട്ടി പ്രവര്‍ത്തകരുടെ മാനസികാവസ്ഥയെ ഇടിച്ചു കളയുകയേ ഉള്ളു.

സത്യം പറഞ്ഞാല്‍ നമ്മളെ എതിര്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍, കേരളത്തിലാണെങ്കില്‍ സി പി എം, അവരുടെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരുടെ മാനസിക ശക്തിയെ ഇടിച്ചു തകര്‍ക്കുക എന്നതാണ്. അറിഞ്ഞോ അറിയാതെയോ അങ്ങനെയൊരു സംരംഭത്തിലേക്ക് പോയി വീഴുന്നത് ഗുണമല്ല.

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്

യൂത്ത് കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വോട്ടു കിട്ടുന്നവര്‍ ജയിക്കും. തോല്‍ക്കുന്നവര്‍ ജയിക്കുന്നവരെ അംഗീകരിക്കണം. അല്ലാതെ എന്തുവന്നാലും അംഗീകരിക്കില്ലെന്നത് ശരിയല്ല.

ബി ജെ പിക്കും സി പി എമ്മിനും ഹിഡന്‍ അജണ്ട

ബി ജെ പിക്കും സി പി എമ്മിനും തമ്മില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ട്. കേന്ദ്രത്തില്‍ സി പി എം അധികാരത്തില്‍ വരില്ല എന്നുള്ളതും കേരളത്തില്‍ ബി ജെ പിക്ക് വരാന്‍ കഴിയില്ല എന്നതും അവര്‍ തമ്മിലൊരു രസതന്ത്രമുണ്ടാക്കിയിട്ടുണ്ട്. സി പി എം കേന്ദ്രത്തിലില്ലാത്തതുകൊണ്ട് ബി ജെ പിക്ക് കേരളത്തിലെ സി പി എമ്മിനെ അഡീഷണല്‍ ഫോഴ്‌സായി ലഭിക്കുകയാണ്. കേരളത്തില്‍ ബി ജെ പിയില്ല. അതുകൊണ്ട് അവര്‍ക്ക് ഇരുവര്‍ക്കും നഷ്ടമില്ല. അതുകൊണ്ട് അവര്‍ തമ്മിലൊരു അന്തര്‍ധാരയുണ്ട്. ആ അന്തര്‍ധാര ഗുണം ചെയ്യുക കോണ്‍ഗ്രസിനാണ്.

ഖത്തറില്‍ ഗ്രൂപ്പിസമില്ല; ഞങ്ങള്‍ പങ്കെടുത്തത് പ്രാദേശിക പരിപാടികളില്‍

ഖത്തറില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍കാരുടെ കൂട്ടായ്മയിലും താന്‍ കോട്ടയംകാരുടെ കൂട്ടായ്മയിലുാണ് പങ്കെടുത്തത്. അല്ലാതെ ഗ്രൂപ്പ് തിരിച്ചുള്ള പരിപാടികളിലല്ല. പ്രാദേശികമായി സംഘടിപ്പിച്ച പരിപാടികളില്‍ അതത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നവര്‍ എന്ന നിലയിലാണ് രണ്ടുപേരും പങ്കെടുത്തത്. പ്രാദേശിക സംവിധാനങ്ങള്‍ മാത്രമാണത്.

ഒരേ രൂപത്തില്‍ ഒരേ പാര്‍ട്ടിയില്‍ ഒരേ മാതിരി പ്രവര്‍ത്തിക്കുന്നവര്‍ അതിനകത്ത് വിഭിന്നമായ സമീപനമെടുക്കുമ്പോഴാണ് തര്‍ക്കം വരുന്നത്. ഇത് രണ്ട് രൂപത്തിലാണ്. പ്രാദേശികാടിസ്ഥാനത്തിലാണ് ആറ്റിങ്ങലുകാരും കോട്ടയംകാരും പരിപാടികള്‍ സംഘടിപ്പിച്ചത്.

നമ്മള്‍ ഇടപെടേണ്ട കാര്യത്തില്‍ ഇടപെടണം. എല്ലാകാര്യത്തിലും ഇടപെടണമെന്ന വാശിവേണ്ട.

Share This Article
Leave a Comment
error: Content is protected !!