

ഖത്തറിലെ സംഘാടന പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും

മനാമ: മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണെന്നും ഒരു ചോദ്യത്തിനും നേരായി മറുപടി പറയുന്നില്ലെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു. ഹൃസ്വസന്ദര്‍ശനാര്‍ഥം ബഹറൈനിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

അന്‍വര്‍ ഉയര്‍ത്തിയ വിവാദമുണ്ടായപ്പോള്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരാന്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി തയ്യാറാകാതിരുന്നത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകള്‍ കോടതി രേഖയുടെ ഭാഗമായാണ് പുറത്തുവന്നത്. ഈ കണക്ക് ആരാണ് ഉണ്ടാക്കിയതെന്നറിയണം. കേന്ദ്ര സഹായം നേടിയെടുക്കുന്നതിന് അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും യാതൊരു ലോജിക്കുമില്ലാത്ത കണക്കാണ് കേരള സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കേന്ദ്രത്തിനും ജനങ്ങള്‍ക്കും മനസ്സിലായത് സര്‍ക്കാര്‍ എന്താണ് കാണിച്ചതെന്നാണ്. സര്‍ക്കാര്‍ തന്നെ കളവ് കാണിക്കുകയും വളഞ്ഞ് വഴിക്ക് പോവുകയും ചെയ്തിരിക്കുകയാണ്. മന്ത്രിമാര കണക്കുണ്ടാക്കിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തീര്‍ച്ചയായും മന്ത്രിമാരല്ല കണക്കുണ്ടാക്കുന്നത്. എന്നാല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ദുരിതാശ്വാസ സഹായത്തിന് കണക്കുകള്‍ ഉണ്ടാക്കേണ്ടത്.
ഇത്തരം കളവ് കണക്കുകളുണ്ടാക്കിയിട്ട് മാധ്യമങ്ങളെയോ പ്രതിപക്ഷത്തെയോ ആക്ഷേപിച്ചിട്ട് കാര്യമില്ല. സര്‍ക്കാര്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അന്‍വര്‍ മുഖമന്ത്രിയുടെ അടുത്ത ആളായിരുന്നു. അദ്ദേഹം പാര്‍ട്ടിക്കകത്ത് അറിയപ്പെട്ടിരുന്നതു തന്നെ മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്നായിരുന്നു. ഒന്നാമത്തെ വിശ്വസ്തന്‍ അന്‍വറും രണ്ടാമത്തെ വിശ്വസ്തന്‍ പി ശശിയും മൂന്നാമത്തെ വിശ്വസ്തന്‍ എ ഡി ജി പി അജിത് കുമാറുമായിരുന്നു. ഈ മൂന്ന് വിശ്വസ്തന്മാര്‍ക്കിടയില്‍ ഉരുണ്ടുകൂടിയ കാര്‍മേഘമാണിതെന്നും മുഖ്യമന്ത്രി അന്നേ ഇടപെട്ടിരുന്നുവെങ്കില്‍ പെയ്‌തൊഴിഞ്ഞു പോവുമായിരുന്നുവെന്നും എന്നാല്‍ അദ്ദേഹം വായ തുറന്നില്ലെന്നും പഴകുളം മധു പറഞ്ഞു.
യഥാര്‍ഥ ചോദ്യത്തിന് ഉത്തരം പറയാതെ മുഖ്യമന്ത്രി എല്ലാവരേയും ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രി കളങ്കിതനും അദ്ദേഹത്തിന്റെ കൈകള്‍ അശുദ്ധവുമാണ്. പാര്‍ട്ടിക്കകത്ത് അദ്ദേഹത്തിന് പഴയ പിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിനകത്തെ രണ്ട് പവര്‍ സെന്ററുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് പാര്‍ട്ടിയിലെ വിഴുപ്പുകള്‍ പുറത്തുവരാന്‍ കാരണമാകുന്നത്. പി ശശിയുടെ നേതൃത്വത്തിലും പാര്‍ട്ടിയിലെ മറ്റു ചിലരുടെ നേതൃത്വത്തിലുമാണ് രണ്ട് പവര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇ എം എസ് ഭരണത്തിന് ശേഷം ഏറ്റവും നീചമായ ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉയര്‍ത്തിയിരിക്കുന്നത്.
എ ഡി ജി പിയും പ്രതിപക്ഷ നേതാവും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തെ പി വി അന്‍വര്‍ നേരത്തെ ആരോപിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ ആദ്യം അത് അറിയേണ്ടതും അക്കാര്യം പറയേണ്ടതും മുഖ്യമന്ത്രിയായിരുന്നില്ലേ എന്ന മറുചോദ്യമാണ് പഴംകുളം മധു ഉന്നയിച്ചത്. വി ഡി സതീശന്‍ നിരന്തരമായി എ ഡി ജി പിക്കെതിരെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുകയല്ലേ എന്നും ചോദിച്ചു.
പി വി അന്‍വറിന്റെ വാ പോയ കോടാലിയാണ് ഇപ്പോഴെന്നും അദ്ദേഹം ഉയര്‍ത്തിയ വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത എന്നതിനപ്പുറം ആര്‍ക്കെതിരെ ഉന്നയിച്ചു എന്നതാണ് നോക്കേണ്ടത്. കൂടെക്കിടക്കുന്നവനേ രാപ്പനിയറിയൂ എന്നിടത്താണ് കാര്യങ്ങള്‍.
പിണറായി മാറിയില്ലെങ്കില്‍ കേരളത്തിലും ബംഗാള്‍ ആവര്‍ത്തിക്കുമെന്ന ഭയം സി പി എമ്മിനുണ്ട്. അതുകൊണ്ട് പാര്‍ട്ടിയില്‍ നടക്കുന്ന അന്തര്‍നാടകങ്ങളാണ് ഇതെന്നും പിണറായിയെ മാറ്റാന്‍ ഏറ്റവും മികച്ച അവസരമാണിതെന്നും അവര്‍ കരുതുന്നുണ്ട്. ഓരോരോ കൊട്ടാര വിപ്ലവങ്ങളിലൂടെയാണ് സി പി എമ്മില്‍ മാറ്റങ്ങളുണ്ടായത്. വി എസ് അച്യുതാനന്ദനെതിരെയും ജ്യോതി ബസുവിനെതിരെയുമെല്ലാം ഇത്തരം നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. വി എസ് അച്യുതാനന്ദന്‍ എങ്ങനെ അധികാരത്തില്‍ വന്നുവെന്നും എങ്ങനെ അധികാരത്തില്‍ നിന്നും പോയി എന്നും പരിശോധിക്കേണ്ടതുണ്ട്. എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ കൊട്ടാര വിപ്ലവം നടക്കാനുള്ള എല്ലാ സാഹചര്യങ്ങളും സി പി എമ്മിനകത്ത് ഉരുണ്ടു വരുന്നുണ്ട്.
പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും രണ്ടു വഴിക്കാണ് പോകുന്നതെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും ഇപ്പോള്‍ സി പി എമ്മിനകത്താണ് ഇത്തരം കാര്യങ്ങളെല്ലാം നടക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളത്ത് കെ പി സി സി യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് താന്‍ ബഹറൈനിലേക്ക് യാത്ര പുറപ്പെട്ടതെന്നും യോഗത്തില്‍ വളരെ സൗഹൃദത്തിലാണ് പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും ഇടപെടലുകള്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചെറിയ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടായാല്‍ അത് പത്രങ്ങളില്‍ വാര്‍ത്ത വരുമെന്നല്ലാതെ പാര്‍ട്ടിയിലും മുന്നണിയിലും യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയെന്നും കെട്ടിറിക്കുന്ന സ്ഥാനാര്‍ഥികള്‍ ഇനിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളെ പോലുള്ള ചില നേതാക്കള്‍ നിരന്തരമായ അവഗണന ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. കോണ്‍ഗ്രസിനകത്ത് മരിച്ചിട്ടേ മാറൂ എന്ന അവസ്ഥയില്‍ മാറ്റമുണ്ടാകുന്നുണ്ട്. നല്ല യുവത വളര്‍ന്നു വരുന്നതായും പാര്‍ട്ടി കണക്ടിവിറ്റി മികച്ച രീതിയിലുണ്ടെന്നും അത് ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെയോ വിദേശ രാജ്യങ്ങളിലെയോ കോണ്‍ഗ്രസ് സംഘടനയുടെ പ്രശ്‌നങ്ങളില്‍ കെ പി സി സി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ രണ്ട് തട്ടിലല്ലെന്നും രണ്ട് കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍ ഉടന്‍ ഖത്തര്‍ സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

