

ദോഹ: നമീബിയക്ക് ആശ്വാസമായി ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യു എഫ് എഫ് ഡി) 58,000 ഭക്ഷണ കൊട്ടകള്‍ അയച്ചു. നമീബിയയ്ക്ക് ഖത്തര്‍ നല്കുന്ന സ്ഥിരമായ സഹായ ശ്രമങ്ങളുടെ ഭാഗമായാണ് ഭക്ഷണ കൊട്ടകള്‍ അയച്ചത്.

തുര്‍ക്കിയെ റിപ്പബ്ലിക്കിലെ മെര്സിന് തുറമുഖത്ത് നിന്ന് പുറപ്പെട്ട് 5- 6 ആഴ്ചകള്‍ക്കുള്ളില്‍ നമീബിയ തുറമുഖത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന 1,745 ടണ്‍ ഭാരമുള്ള നാവിക കപ്പല്‍ വഴിയാണ് ദുരിതാശ്വാസ സഹായം എത്തിക്കുന്നത്. നമീബിയയിലെ മരുഭൂവല്‍ക്കരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സഹായമായി കപ്പലില്‍ അരി, പാചക എണ്ണ, അരിഞ്ഞ സോയാബീന്‍, മത്സ്യം, ചിക്കന്‍, ടിന്നിലടച്ച മാംസം തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്.

കപ്പലില്‍ ഭക്ഷ്യ സഹായം എത്തുന്നതോടെ വായുവിലൂടെയും കടല്‍ വഴിയും മരുഭൂമീകരണത്തെ ചെറുക്കുന്നതിന് നമീബിയയിലേക്ക് അയച്ച ഭക്ഷണ കൊട്ടകളുടെ അളവ് ഏകദേശം 1,925 ടണ്‍ 63,500 കൊട്ടകളിലെത്തും.
5,500 ഭക്ഷണ കൊട്ടകള്‍ക്ക് തുല്യമായ ഏകദേശം 180 ടണ്‍ ഭാരമുള്ള വസ്തുക്കള്‍ ആഴ്ചകള്‍ക്ക് മുമ്പ് എയര്‍ ബ്രിഡ്ജ് വഴി ഖത്തര്‍ അയച്ചിരുന്നു.

