

ദോഹ: ഖത്തറില്‍ നടക്കുന്ന വെബ് ഉച്ചകോടി 2025ല്‍ ഇന്ത്യന്‍ വാണിജ്യ വ്യവസായ ആഭ്യന്തര വ്യാപാര പ്രമോഷന് വിഭാഗം, വാണിജ്യ വ്യവസായ വകുപ്പ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനീഷ്യേറ്റീവ് എന്നിവ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു. ഫെബ്രുവരി 26 വരെയാണ് ഉച്ചകോടി.

വെബ് സമ്മിറ്റില്‍ ഇന്ത്യന്‍ വാണിജ്യ വ്യവസായ ആഭ്യന്തര വ്യാപാര പ്രമോഷന് വിഭാഗമാണ് നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിന് 2016ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇനീഷ്യേറ്റീവ് ഉള്‍പ്പെടെയുള്ളവയെ നയിക്കുന്നത്. മലിനജല സംസ്കരണം, സ്മാര്‍ട്ട് ട്രാവല്‍ ടെക്നോളജി, എഐ അധിഷ്ഠിത സോഫ്റ്റ്വെയര് ആസ് എ സര്‍വീസ് സൊല്യൂഷനുകള്‍, ലീഡ് ജനറേഷന് പ്ലാറ്റ്ഫോമുകള്, വാട്ട്സ്ആപ്പ് അധിഷ്ഠിത ബിസിനസ് ഓട്ടോമേഷന്‍, സ്റ്റെം വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിനിധീകരിക്കുന്നത്.


ആഗോള സ്വാധീന സാധ്യതയുള്ള അത്യാധുനിക പരിഹാരങ്ങളിലും സാങ്കേതികവിദ്യകളിലും ഇന്ത്യയുടെ ശക്തിയാണ് വെബ് ഉച്ചകോടി ഖത്തര്‍ 2025-ലെ സാന്നിധ്യം പ്രകടമാക്കുന്നത്. അന്താരാഷ്ട്ര നിക്ഷേപകരുമായി ബന്ധപ്പെടാനും തന്ത്രപരമായ സഹകരണങ്ങള്‍ സ്ഥാപിക്കാനും പ്രത്യേകിച്ച് മെന മേഖലയിലെ പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച വേദിയാണ് ഈ പരിപാടി നല്‍കുന്നത്.

വെബ് ഉച്ചകോടിയിലെ ഇന്ത്യന്‍ കണ്ട്രി പവലിയന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയിലും സംരംഭകത്വത്തിലും ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തമായ സിനര്ജികളെക്കുറിച്ച് അംബാസഡര്‍ ഉദ്ഘാടനത്തില്‍ വിപുല്‍ ഊന്നിപ്പറഞ്ഞു. നവീകരണ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിനുള്ള അപാരമായ സാധ്യതകള്‍ അദ്ദേഹം എടുത്തുകാട്ടി. ഖത്തറിന്റെ സ്റ്റാര്‍ട്ടപ്പ്, നിക്ഷേപ ആവാസവ്യവസ്ഥയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. നവീകരണത്തെ പരിപോഷിപ്പിക്കുന്നതിലും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലും സംരംഭകര്‍ക്ക് അഭിവൃദ്ധി പ്രാപിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വാണിജ്യ വ്യവസായ ആഭ്യന്തര വ്യാപാര പ്രമോഷന് വിഭാഗം അംഗീകരിച്ച 1.59 ലക്ഷത്തിലധികം സ്റ്റാര്‍ട്ടപ്പുകളുള്ള ഇന്ത്യ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി നിലകൊള്ളുന്നു. വ്യവസായങ്ങളെ പുനര്‍നിര്‍വചിക്കുകയും ആഗോള സ്വാധീനം ചെലുത്തുകയും ചെയ്യുന്ന 100-ലധികം യൂണികോണുകളുടെ ആസ്ഥാനമാണിത്.

വെബ് സമ്മിറ്റ് ഖത്തറില്‍ ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാഗമായി അംബാസഡര്‍ വിപുല്‍ മുഖ്യ പ്രഭാഷണം നടത്തുകയും ഖത്തര്‍ റിസര്‍ച്ച് ഡെവലപ്മെന്റ് ഇന്നൊവേഷന് കൗണ്‍സില്‍ സംഘടിപ്പിച്ച ‘ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ജിസിസി വളര്‍ച്ചയിലേക്കുള്ള കവാടം’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.
2025 ഫെബ്രുവരി 17, 18 തിയ്യതികളില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യയിലേക്കുള്ള ചരിത്രപരമായ രണ്ടാമത്തെ സന്ദര്‍ശനത്തെ അനുസ്മരിച്ചുകൊണ്ട് സെഷന്റെ സംഘാടകരെ അദ്ദേഹം അഭിനന്ദിക്കുകയും ഇന്ത്യക്കാര്‍ക്കും ഖത്തറികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കുള്ള മൂല്യത്തെ എടുത്തുപറയുകയും ചെയ്തു.

ഭാവിയിലെ ഇന്ത്യ- ഖത്തര്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമായിരിക്കും സാങ്കേതികവിദ്യയും നവീകരണവും എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തറില്‍ വളരാന്‍ മികച്ച അവസരങ്ങള്‍ ഖത്തര്‍ ആവാസവ്യവസ്ഥ നല്‍കുന്നുണ്ടെന്നും ജി സി സി മേഖലയിലും അതിനപ്പുറത്തും വളരാന്‍ മികച്ച ബന്ധങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ അറിയിച്ചു. ഇന്ത്യയിലെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ശക്തിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഇന്കുബേറ്ററുകളുമായും ആക്സിലറേറ്റര്‍ പ്രോഗ്രാമുകളുമായും സ്ഥാപനപരമായ പങ്കാളിത്തം സ്ഥാപിക്കാന്‍ അദ്ദേഹം ഖത്തര്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു.
നെറ്റ്വര്‍ക്കിംഗിനും നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പുറമേ, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്ന സ്വാധീനമുള്ള ബി2ബി മീറ്റിംഗുകള്‍, നിക്ഷേപക ഇടപെടലുകള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവയില്‍ ഏര്‍പ്പെടും. ഇത് സംരംഭകത്വത്തിലും സാങ്കേതികവിദ്യയിലും ഇന്ത്യ- ഖത്തര്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും.
ഇന്ത്യന്‍, ഖത്തര്‍ ബിസിനസുകള്‍ക്കിടയില്‍ ഉഭയകക്ഷി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ആഴത്തിലുള്ള സഹകരണം വളര്‍ത്തിയെടുക്കുന്നതിനും ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതിജ്ഞാബദ്ധമാണ്. 2025-ലെ വെബ് ഉച്ചകോടിയിലെ ഇന്ത്യയുടെ പങ്കാളിത്തം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ അന്താരാഷ്ട്ര നവീകരണത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

