

ദോഹ: റമദാന് ആദ്യപകുതി പൂര്‍ത്തിയാകുന്നതോടെ 14ന് കുട്ടികള്‍ക്കുള്ള ആഘോഷം ഗരന്‍ഗാവോ എത്തിച്ചേര്‍ന്നു. കുട്ടികളുടെ പെരുന്നാള്‍ എന്നാണ് ഗരന്‍ഗാവോ അറിയപ്പെടുന്നത്.

ഗരന്‍ഗാവോ എന്നും ഗിര്ഗഊന് എന്നും അറിയപ്പെടുന്ന രാവില്‍ കുട്ടികള്‍ ആടിപ്പാടി വീടുകള്‍ കയറിയിറങ്ങി മധുരവും നട്സും ഉള്‍പ്പെടെ ശേഖരിച്ച് ആഘോഷിക്കുന്നതാണ് പ്രധാന സംഗതി. വിശുദ്ധ റമദാന് മാസത്തിന്റെ പകുതി നോമ്പെടുത്തതിന്റെ വിജയം ആസ്വദിക്കാന്‍ കുട്ടികള്‍ക്കുള്ള പ്രത്യേക ആഘോഷമാണിത്.

റമദാന് 14-ാം ദിവസം ആഘോഷിക്കുന്ന ഗരന്‍ഗാവോ ഗള്‍ഫ് മേഖലയില്‍ വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. ഖത്തറിന് വലിയ ആഘോഷമാണ് ഗരന്‍ഗാവോ.
ഗരന്‍ഗാവോ ആഘോഷത്തിന് മുത്തുകള്‍ മുങ്ങിയെടുക്കുന്ന പാരമ്പര്യവുമായി ബന്ധമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഗരന്‍ഗാവോ രാത്രിയില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച കുട്ടികള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി അവരുടെ സമീപ വീടുകളിലെല്ലാം വാതിലുകളില്‍ മുട്ടുകയും അവര്‍ മധുരപലഹാരങ്ങളും പരിപ്പുകളും നല്കി അവരെ സ്വീകരിക്കുകയും ചെയ്യുന്നു. കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന പ്രത്യേക ബാഗുകളിലാണ് അവര്‍ സമ്മാനങ്ങള്‍ ശേഖരിക്കുന്നത്. പ്രത്യേക ഗരന്‍ഗാവോ ഗാനം ആലപിച്ചാണ് കുട്ടികള്‍ രാത്രി വൈകുവോളം തെരുവുകളില്‍ അലഞ്ഞുനടക്കുന്നത്.
മധുരവും പരിപ്പുകളും നല്കുന്നതില് ചെറിയ മാറ്റം ഇപ്പോള്‍ വന്നിട്ടുണ്ട്. ചില വീടുകളില്‍ അവയ്ക്ക് പകരം ജനപ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കുട്ടികള്‍ക്ക് പ്രിയപ്പെട്ട മറ്റ് ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ച പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാക്കറ്റുകളും ബാഗുകളുമാണ് സമ്മാനമായി നല്‍കുന്നത്.
ഗരന്‍ഗാവോ ദിനത്തെ അടയാളപ്പെടുത്താന്‍ വിവിധ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറും. ഗരന്‍ഗാവോ ദിനത്തിലെ പ്രത്യേക ഗാനവും രസകരമാണ്:
ഗരന്‍ഗാവോ ഗിര്‍ഗ ഓ/ അത്തൂന അള്ളാ യതീകും/ ബൈത്ത് മക്ക യാ വാദികും/ യാ മക്ക യാല്‍ മമൂറ/ യാം ഇല് സലാസില്‍ വാല് തഹാബ് യാ നൂറ/ അത്തൂന മിന് മല് അല്ലാ/ യിസ്ലാം ലകും അബ്ദുള്ള
(ഗരന്‍ഗാവോ ഗിര്‍ഗ ഓ/ ദൈവം നിങ്ങള്‍ക്ക് നല്‍കിയത് ഞങ്ങള്‍ക്ക് തരൂ/ മക്കയിലേക്ക്, അവന് നിങ്ങളെ കൊണ്ടുപോകും/ വലിയ നിറമുള്ള മക്ക/
തൊങ്ങലുകള്, സ്വര്‍ണ്ണം, വെളിച്ചം എന്നിവയാല്‍ മൂടപ്പെട്ടിരിക്കുന്നു/ ദൈവം നല്‍കിയത് ഞങ്ങള്‍ക്ക് തരൂ/ അബ്ദുല്ല നിങ്ങളെ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു.
വിവിധ കേന്ദ്രങ്ങളിലായി ഈ വര്‍ഷവും ഖത്തര്‍ ഗരന്‍ഗാവോ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് ആഘോഷ പരിപാടികള്‍ അരങ്ങേറുന്നത്.
മാര്‍ച്ച് 13ന് പ്ലാസ ഫയര്‍ സ്റ്റേഷനില്‍ രാത്രി എട്ടര മതുല്‍ 11.30 വരെ നടക്കുന്ന പരിപാടികളില്‍ കുട്ടികളുടെ മികച്ച വസ്ത്രധാരണ മത്സരം, ടോട്ട് ബാഗുകളില്‍ പെയിന്റിംഗ്, മധുര പലഹാര വിതരണം, മൈലാഞ്ചി, പപ്പറ്റ് ഷോ, ബബിള്‍ ഷോ തുടങ്ങിയവ അരങ്ങേറും.
മാര്‍ച്ച് 14ന് ലുസൈല്‍ ബൊളിവാര്‍ഡില്‍ രാത്രി എട്ടുമുതല്‍ റമദാന് സൂഖ്, കരകൗശല വസ്തുക്കള്‍, പരമ്പരാഗത ഉത്പന്നങ്ങള്‍, കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള അവസരം തുടങ്ങി നിരവധി ഇനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഉം സലാല്‍ ദര്‍ബ് അല്‍ സായിയില്‍ വൈകിട്ട് ഏഴരയ്ക്ക് പരിപാടികള്‍ ആരംഭിക്കും. ഖത്തരി ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനും ദേശീയ സ്വത്വം പ്രോത്സാഹിപ്പിക്കുന്നതിനും വിശുദ്ധ റമദാന് മാസത്തിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ അല്‍ റാസ്ജി സാംസ്ക്കാരിക പരിപാടികളാണ് ഇവിടെ അരങ്ങേറുക.
മിന ഡിസ്ട്രിക്ടിലെ ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ വൈകിട്ട് ഏഴു മുതല്‍ രാത്രി 10 വരെ പരമ്പരാഗത പരിപാടികള്‍ നടക്കും.
കതാറ കോര്‍ണിഷിലും ആംഫി തിയേറ്ററിലുമായി രാത്രി എട്ടര മുതല്‍ വ്യത്യസ്ത ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
മാര്‍ച്ച് 15ന് അല്‍ റയ്യാന്‍ മാള്‍ ഓഫ് ഖത്തറില്‍ ഇഫ്താറിന് ശേഷം മുതല്‍ രാത്രി 10 മണി വരെ വിവിധ പരിപാടികള്‍ അരങ്ങേറും.
മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹയില്‍ 14, 15 തിയ്യതികളിലായി രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ 12 വരെ പരിപാടികള്‍ നടക്കും.

