ഗസ പുനര്‍ നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും

Web Desk
1 Min Read

ഗസ സിറ്റി: ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന ഗസ മുനമ്പിന്റെ പുനര്‍നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും. ഗസയുടെ പാര്‍പ്പിട, പൊതുമരാമത്ത് മന്ത്രാലയവും ഗസ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള ഖത്തറിന്റെ കമ്മിറ്റിയും മറ്റ് അന്താരാഷ്ട്ര സംഘടനകളും ചേര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്.

city exchange

ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഈജിപ്തിന് കീഴില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിരവധി രാജ്യങ്ങള്‍ ഗസ പുനര്‍നിര്‍മാണത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഗസ പൊതുമരാമത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നജി സര്‍ഹനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

റെസിഡന്‍ഷ്യല്‍ യൂണിറ്റ്, അടിസ്ഥാന സൗകര്യങ്ങള്‍, കെട്ടിടങ്ങള്‍ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
റസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ പുനര്‍നിര്‍മിക്കാന്‍ 500 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി സഹായിക്കാമെന്ന് ഖത്തര്‍ അറിയിച്ചതായും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും നശിപ്പിക്കപ്പെട്ട തെരുവുകളുടെ പുനര്‍നിര്‍മാണത്തിനും 500 മില്യണ്‍ ഡോളര്‍ ഈജിപ്ത് നല്കുമെന്നും നജി സര്‍ഹന്‍ പറഞ്ഞു. കുവൈത്ത് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി കരാറിലെത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

- Advertisement -
Ad image

മെയ് മാസത്തിലാണ് പതിനൊന്നു ദിവസം നീണ്ടുനിന്ന ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷമുണ്ടായത്. ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 66 കുട്ടികളടക്കം 256 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. രണ്ടായിരത്തോളം വീടുകള്‍ പൂര്‍ണമായും ഇരുപത്തി രണ്ടായിരത്തോളം കെട്ടിടങ്ങള്‍ ഭാഗികമായും നശിപ്പിക്കപ്പെട്ടെന്നാണ് കണക്ക്. ഈ ആക്രമണങ്ങളില്‍ മാത്രം 497 മില്യന്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.

കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്നും വരും മാസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തികളില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സര്‍ഹന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി സി സി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായാണ് നജി സര്‍ഹന്‍ പറഞ്ഞത്.

Share This Article
Leave a Comment
error: Content is protected !!