
ദോഹ: ഖത്തറിലെ ഉപഭോക്തൃ വില സൂചിക 2026 ജൂലൈയില്‍ 102.78 പോയിന്റിലെത്തി. 2024ലെ അടിസ്ഥാന വര്‍ഷം കണക്കിലെടുത്തുള്ള പുതിയ സൂചിക പ്രകാരം ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ ഉപഭോക്തൃ വില സൂചികയില്‍ 0.71 ശതമാനം വര്‍ധന രേഖപ്പെടുത്തി.

അന്താരാഷ്ട്ര മികച്ച രീതികള്‍ക്ക് അനുസൃതമായി വില സംബന്ധമായ സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഉപഭോക്തൃ വില സൂചികയുടെ പുതുക്കിയ രീതിശാസ്ത്രം നടപ്പാക്കിയതായി നാഷണല്‍ പ്ലാനിങ് കൗണ്‍സില്‍ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

ഇനി 2024നെ അടിസ്ഥാന വര്‍ഷമാക്കി ആണ് ഉപഭോക്തൃ വില സൂചിക കണക്കാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്. നേരത്തെ 2018 ആയിരുന്നു അടിസ്ഥാന വര്‍ഷം. പുതുക്കിയ രീതിശാസ്ത്രത്തിന്റെ ഭാഗമായി 2018ലെ ക്ലാസിഫിക്കേഷന്‍ ഓഫ് ഇന്‍ഡിവിജ്വല്‍ കണ്‍സംപ്ഷന്‍ അക്കോര്‍ഡിങ് ടു പര്‍പ്പസ് വിഭാഗീകരണവും സ്വീകരിച്ചിട്ടുണ്ട്.
2023/2024 കാലയളവിലെ കുടുംബ വരുമാന- ചെലവ് സര്‍വേയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാധനങ്ങളുടെയും സേവനങ്ങളുടെയും പുതുക്കിയ പട്ടികയും ചെലവിന്റെ പുതുക്കിയ ഭാരനിര്‍ണയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിലവിലെ കുടുംബങ്ങളുടെ ചെലവ് രീതികളെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കാനും വിലയിലെ മാറ്റങ്ങള്‍ കൂടുതല്‍ കൃത്യതയോടെ അളക്കാനും സാധിക്കുമെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
പ്രാദേശിക സാഹചര്യങ്ങളിലും സംഭവവികാസങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ ആഗോള വിതരണ ശൃംഖലകളെയും വ്യാപാരപാതകളെയും ബാധിക്കുകയും ഗതാഗത, ഇന്‍ഷുറന്‍സ് ചെലവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലും ഖത്തര്‍ സമ്പദ്വ്യവസ്ഥ പ്രതിരോധശേഷി പ്രകടിപ്പിക്കുന്നതായി പ്രസ്താവന ചൂണ്ടിക്കാട്ടി.
ആഗോള വിപണികളിലെ ഗതാഗതം, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ് ചെലവുകളിലുണ്ടായ മാറ്റങ്ങളുടെ പശ്ചാത്തലത്തിലും 2026 ജൂലൈയിലെ ഉപഭോക്തൃ വില സൂചികയില്‍ മൊത്തത്തിലുള്ള വിലനിലവാരം താരതമ്യേന സ്ഥിരത പുലര്‍ത്തിയതായി കൗണ്‍സില്‍ വ്യക്തമാക്കി.
മാസാടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളില്‍ വില കുറഞ്ഞു. ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ വിഭാഗത്തില്‍ 0.64 ശതമാനവും വസ്ത്രങ്ങളും പാദരക്ഷകളും വിഭാഗത്തില്‍ 0.39 ശതമാനവും വിവര- വിനിമയ സേവനങ്ങള്‍ വിഭാഗത്തില്‍ 0.19 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്.
അതേസമയം, പുകയിലയും പാനീയങ്ങളും, ഇന്‍ഷുറന്‍സ്, ധനകാര്യ സേവനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ മുന്‍മാസത്തെ അപേക്ഷിച്ച് വിലയില്‍ മാറ്റമുണ്ടായില്ല.
എട്ട് വിഭാഗങ്ങളില്‍ മാസാടിസ്ഥാനത്തില്‍ വില വര്‍ധിച്ചു. വിനോദം, കായികം, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിഭാഗത്തിലാണ് ഏറ്റവും ഉയര്‍ന്ന വര്‍ധന രേഖപ്പെടുത്തിയത്- 9.15 ശതമാനം. റസ്റ്റോറന്റ്, താമസ സേവനങ്ങള്‍ വിഭാഗത്തില്‍ 1.35 ശതമാനവും ആരോഗ്യ സേവനങ്ങള്‍ വിഭാഗത്തില്‍ 1.23 ശതമാനവും വര്‍ധനയുണ്ടായി.
ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നീ വിഭാഗങ്ങളെ ഒഴിവാക്കി കണക്കാക്കുമ്പോള്‍ ജൂലൈയിലെ ഉപഭോക്തൃ വില സൂചിക 104.66 പോയിന്റാണ്. ജൂണിനെ അപേക്ഷിച്ച് ഇത് 1.22 ശതമാനം വര്‍ധനയാണ്.

