

ദോഹ: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തെ ഖത്തര്‍ അപലപിച്ചു.

ലക്ഷ്യങ്ങളും കാരണങ്ങളും പരിഗണിക്കാതെ, അക്രമവും ഭീകരതയും നിരസിക്കുന്നതില്‍ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.

ഇരകളുടെ കുടുംബങ്ങള്‍ക്കും സൊമാലിയന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഖത്തറിന്റെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.
മൊഗാദിഷുവിലെ ആര്‍മി റിക്രൂട്ടിംഗ് സെന്ററിനു നേരെയാണ് ചാവേര്‍ ബോംബാക്രമണമുണ്ടായത്. ഡമാന്യോ ബേസിന് പുറത്ത് റിക്രൂട്ടിങ്ങിനായി വരി നിന്നിരുന്ന യുവാക്കള്‍ക്കിടയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. കുറഞ്ഞത് 13 പേരെങ്കിലും കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനം നടന്ന സ്ഥലത്തു നിന്നും പരുക്കേറ്റ 30 പേരെ ഉടന്‍ മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവരില്‍ ആറുപേര്‍ ഉടന്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു.

