
ദോഹ: കോണ്‍ഗ്രസ് നേതാക്കളാരും സുരക്ഷിതരല്ലെന്നും ക്രൈം സിന്തിക്കേറ്റ് പാര്‍ട്ടിയെ ബാധിച്ചിരിക്കുകയാണെന്നും അഡ്വ. എ എ റഹീം എം പി. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് രാഹുല്‍ മാങ്കൂട്ടത്തിനോടൊപ്പവും എന്നാല്‍ ഷൈന്‍ ടീച്ചര്‍ക്കെതിരെ വന്ന ആരോപണത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. നേരത്തെ താന്‍ ഡി വൈ എഫ് ഐ പ്രസിഡന്റായിരിക്കെ പോരാളി ഷാജിയെ പോലുള്ള സൈബര്‍ ഇടങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നുവെന്നും അത്തേരം പോരാളികള്‍ ആവശ്യമല്ലെന്നാണ് ഡി വൈ എഫ് ഐയുടേയും പ്രത്യേകിച്ച് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എ എ റഹീം പറഞ്ഞു.

പൊലീസ് രാജാണ് കേരളത്തില്‍ ഇപ്പോഴെന്നാണ് ചില മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിച്ചിരുന്ന കാലത്താണ് ഏറ്റവും കൂടുതല്‍ പൊലീസ് പീഡനങ്ങള്‍ നടന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ പൊലീസ് പീഡനങ്ങള്‍ കുറയുകയാണ്. അതുകൊണ്ടുതന്നെ പൊലീസ് രാജാണെന്ന വാദം തെറ്റാണെന്ന് തിരിച്ചറിയാനാവും.
ജമാഅത്തെ ഇസ്‌ലാമിയും മീഡിയാവണും ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നത് അവരുടെ വര്‍ഗ്ഗീയ സ്വഭാവത്തിന്റെ ഭാഗമായാണ്. കേരളത്തിലെ പ്രമുഖ സംഘടനകളും സമസ്തയും കാന്തപുരം വിഭാഗവും ഉള്‍പ്പെടെ മതപണ്ഡിതന്മാരെല്ലാം കേരളത്തില്‍ എത്രയോ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ പ്രസംഗത്തിന്റെ പേരില്‍ അവര്‍ക്കെതിരെ ഒരു കേസുപോലും എടുത്തിട്ടില്ല. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകളുടെ നിലപാടിനെ തുടര്‍ന്ന് കേസുകള്‍ വന്നിട്ടുണ്ടാകാം. മതപണ്ഡിതന്മാര്‍ക്കെതിരെ കേസെടുക്കുക എന്ന അജണ്ട സി പി എമ്മിനില്ല.
വെള്ളാപ്പള്ളി മതാധ്യക്ഷനായതിനാലും അദ്ദേഹം മുഖ്യമന്ത്രിയുടെ കാറില്‍ കയറിപ്പോയാല്‍ എന്താണ് തെറ്റെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറില്‍ കയറി പോയത് താന്‍ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും എങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റൊന്നുമില്ലെന്നും എ എ റഹീം പറഞ്ഞു.
നേരത്തെ ആര്‍ എസ് എസും ബി ജെ പിയുമൊക്കെ മുസ്‌ലിം പ്രീണനമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ അതേ ആരോപണം മറ്റൊരു വഴിയിലൂടെയാണ് പോകുന്നത്. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഹിന്ദു പ്രീണനമെന്നാണ് വരുന്നത്. ഇത് ഒരുകൂട്ടം മാധ്യമങ്ങളുടെ സൃഷ്ടിയാണ്. മുസ്‌ലിംകളായാലും ഹിന്ദുക്കളായാലും സി പി എമ്മിന് എല്ലാ സംഘടനകളോടും ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉണ്ടാക്കിയ അജണ്ടയിലേക്ക് കേരളത്തെ കൊണ്ടെത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സി പി എം എന്നും ഫലസ്തീനോടൊപ്പമാണെന്നും പാര്‍ലമെന്റില്‍ പോലും ഫലസ്തീനു വേണ്ടി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഒ കെ പരുമല അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ആര്‍ ജെ രതീഷ് സ്വാഗതവും സെക്രട്ടറി അന്‍വര്‍ പാലേരി നന്ദിയും പറഞ്ഞു.

