ഒക്ടോബറില്‍ വ്യാവസായിക മേഖലയിലെ ഉത്പാദക വില സൂചിക 3.64 ശതമാനം കുറഞ്ഞു

Web Desk
2 Min Read

ദോഹ: സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയുടെ ഉത്പാദന വില സൂചിക (പി പി ഐ) 2025 സെപ്തംബറിനെ അപേക്ഷിച്ച് 3.64 ശതമാനം കുറവോടെ 2025 ഒക്ടോബറില്‍ 100.72 പോയിന്റ്് രേഖപ്പെടുത്തി. 2024 ഒക്ടോബറിനെ അപേക്ഷിച്ച് ഇത് 10.61 ശതമാനം കുറവാണ്.

city exchange

ഖനനം (82.46 ശതമാനം), നിര്‍മാണം (15.85), വൈദ്യുതി (1.16), ജലവിതരണം (0.53) എന്നിങ്ങനെ നാല് പ്രധാന മേഖലകള്‍ അടങ്ങുന്നതാണ് വ്യാവസായിക മേഖലയുടെ പി പി ഐ.

ദേശീയ ആസൂത്രണ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ പ്രകാരം സെപ്തംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ ഖനനം- ക്വാറി മേഖലയിലെ സൂചിക 4.61 ശതമാനം കുറഞ്ഞു. അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവും ഉള്‍പ്പെടുന്നവയുടെ വിലയില്‍ 4.62 ശതമാനം ഇടിവുണ്ടായതുമാണ് ഇതിന് പ്രധാന കാരണം. മറ്റു ഖനന- ക്വാറി പ്രവര്‍ത്തനങ്ങളുടെ വില സ്ഥിരമായി തുടരുകയുണ്ടായി.

2024 ഒക്ടോബറിനെ അപേക്ഷിക്കുമ്പോള്‍ ഈ മേഖലയുടെ സൂചിക 12.88 ശതമാനം കുറഞ്ഞു. അസംസ്‌കൃത എണ്ണയും പ്രകൃതിവാതകവുമായുള്ള വിലയില്‍ 12.91 ശതമാനം ഇടിവുണ്ടായതും മറ്റ് ഖനന- ക്വാറി പ്രവര്‍ത്തനങ്ങളില്‍ 0.10 ശതമാനം ഇടിവുണ്ടായതുമാണ് ഇതിന് കാരണം.

- Advertisement -
Ad image

നിര്‍മാണമേഖലയില്‍ 2025 സെപ്തംബറിനെ അപേക്ഷിച്ച് സൂചിക 0.59 ശതമാനം ഉയര്‍ന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ (3.93 ശതമാനം), റബ്ബര്‍- പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ (2.56), രാസവസ്തുക്കള്‍- രാസ ഉത്പന്നങ്ങള്‍ (1.68), പാനീയങ്ങള്‍ (1.07) എന്നീ നാല് ഉപമേഖലകളിലെ വില വര്‍ധനയാണ് ഇതിന് കാരണമായത്.

അതേസമയം, ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങള്‍ (2.23 ശതമാനം), അടിസ്ഥാന ലോഹങ്ങള്‍ (1.06), സിമന്റ്- മറ്റ് ഖനിജ ഉത്പന്നങ്ങള്‍ (0.50) എന്നീ മേഖലകളില്‍ വില ഇടിവ് രേഖപ്പെടുത്തി. അച്ചടി- റെക്കോര്‍ഡു ചെയ്ത മീഡിയ മേഖലയില്‍ പ്രത്യേക മാറ്റമൊന്നും ഉണ്ടായില്ല.

അതേ മേഖലയിലെ വര്‍ഷാന്തര കണക്കില്‍ സൂചിക 0.85 ശതമാനം ഉയര്‍ന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ (3.36 ശതമാനം), രാസവസ്തുക്കളും രാസ ഉത്പന്നങ്ങളും (3.19), അടിസ്ഥാന ലോഹങ്ങള്‍ (2.94), അച്ചടി- മീഡിയ (0.16) എന്നിവയിലെ വില വര്‍ധനയാണ് ഇതിന് പിന്തുണയായത്. അതേസമയം, ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങള്‍ (5.07 ശതമാനം), സിമന്റ്- ഖനിജ ഉത്പന്നങ്ങള്‍ (3.92), റബ്ബര്‍- പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ (3.56), പാനീയങ്ങള്‍ (2.99) എന്നിവയില്‍ വില ഇടിവ് രേഖപ്പെടുത്തി.

വൈദ്യുതി, വാതകം, എയര്‍ കണ്ടീഷനിംഗ് വിതരണ മേഖലയില്‍ 2025 ഒക്ടോബറില്‍ സെപ്തംബറിനെ അപേക്ഷിച്ച് പി പി ഐ 3.60 ശതമാനം ഉയര്‍ന്നു. 2024 ഒക്ടോബറിനെ അപേക്ഷിച്ച് ഈ മേഖലയില്‍ 4.80 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ജലവിതരണ മേഖലയിലെ സൂചിക 2025 സെപ്തംബറിനെ അപേക്ഷിച്ച് 2.28 ശതമാനം ഉയര്‍ന്നു. 2024 ഒക്ടോബറിനെ അപേക്ഷിച്ച് ഈ മേഖലയില്‍ 6.76 ശതമാനം വര്‍ധനവുമുണ്ടായി.

Share This Article
Leave a Comment
error: Content is protected !!