
ദുബൈ: നിലവിലെ പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി ബി എസ് ഇ) മാര്‍ച്ച് രണ്ട് തിങ്കളാഴ്ച നടത്താനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മിഡില്‍ ഈസ്റ്റിലെ ഏഴ് രാജ്യങ്ങളില്‍ മാറ്റിവെച്ചതായി അറിയിച്ചു.

യു എ ഇ, ബഹ്‌റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം ബാധകമാണ്. പുതിയ തീയതികള്‍ പിന്നീട് പ്രഖ്യാപിക്കും.

മാര്‍ച്ച് മൂന്നാം തിയ്യതി ചൊവ്വാഴ്ച സാഹചര്യങ്ങള്‍ പുനഃപരിശോധിച്ച് മാര്‍ച്ച് അഞ്ച് മുതല്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകളുമായി ബന്ധപ്പെട്ട് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സി ബി എസ് ഇ അറിയിച്ചു.
അപ്‌ഡേറ്റുകള്‍ക്കായി എല്ലാ വിദ്യാര്‍ഥികളും തങ്ങളുടെ സ്‌കൂളുകളുമായി നിരന്തരം ബന്ധത്തില്‍ തുടരുകയും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും ചെയ്യണമെന്ന് ഞായറാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ സി ബി എസ് ഇ വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ വിദ്യാര്‍ഥികളുടെ ചില ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് സി ബി എസ് ഇ അത് തള്ളി മണിക്കൂറുകള്‍ക്കുശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്.

