അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ്യ; ഖത്തറിന്റെ ഊര്‍ജ മേഖലയുടെ ശില്‍പി

Web Desk
2 Min Read

ദോഹ: ഖത്തറിന്റെ ഊര്‍ജ മേഖലയെ ആഗോള തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പ്രമുഖനായിരുന്നു അബ്ദുല്ല ബിന്‍ ഹമദ് അല്‍ അത്തിയ്യ. ഖത്തറിന്റെ ഊര്‍ജ, ഭരണ, അന്തര്‍ദേശീയ നയതന്ത്ര മേഖലകളില്‍ അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിലൂടെ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്കാണ് വഹിച്ചത്.

city exchange

1952 ഡിസംബര്‍ 5ന് ഖത്തറില്‍ ജനിച്ച അല്‍ അത്തിയ്യ 1972ല്‍ ധന- പെട്രോളിയം മന്ത്രാലയത്തിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1973 മുതല്‍ 1986 വരെ മന്ത്രാലയത്തിലെ അന്തര്‍ദേശീയ, പബ്ലിക് റിലേഷന്‍സ് വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1986 മുതല്‍ 1989 വരെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.

1989 മുതല്‍ 1992 വരെ ധന- പെട്രോളിയം മന്ത്രാലയത്തിന്റെ ആക്ടിംഗ് മന്ത്രിയായിരുന്ന അദ്ദേഹം, 1992ല്‍ ഊര്‍ജ- വ്യവസായ മന്ത്രിയും ഖത്തര്‍ പെട്രോളിയത്തിന്റെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായി. ഖത്തറിന്റെ ഊര്‍ജ വ്യവസായ വളര്‍ച്ചക്കും ആഗോള സ്വാധീന വര്‍ധനക്കും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായത്.

1993ല്‍ അദ്ദേഹം ഒപെക് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉത്പാദന ക്വാട്ട പാലന സമിതിയിലും നിര്‍ണായക ചുമതല വഹിച്ചു. 2003ല്‍ രണ്ടാം ഉപപ്രധാനമന്ത്രിയായും 2007ല്‍ ഉപപ്രധാനമന്ത്രിയായും നിയമിതനായി.

- Advertisement -
Ad image

അന്തര്‍ദേശീയ തലത്തിലും അല്‍ അത്തിയ്യ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. 2006ല്‍ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന കമ്മീഷന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2012ല്‍ ദോഹയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനമായ കോപ്-18ന് അധ്യക്ഷത വഹിച്ചു.

13 ദിവസം നീണ്ട സമ്മേളനത്തില്‍ ദോഹ ക്ലൈമറ്റ് ഗേറ്റ്വേ കരാര്‍ രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമായി. ഇതുവഴി പിന്നീട് പാരീസ് കാലാവസ്ഥാ കരാറിലേക്കുള്ള വഴി തെളിഞ്ഞു. കൂടാതെ, ഹരിതഗൃഹ വാതക വിസര്‍ജനം കുറയ്ക്കുന്നതിനായി കിയോട്ടോ പ്രോട്ടോക്കോള്‍ 2020 വരെ ദീര്‍ഘിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.

വികസിത രാജ്യങ്ങള്‍ വികസനോന്മുഖ രാഷ്ട്രങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതിനും നഷ്ടപരിഹാര നടപടികള്‍ക്കുമായി സാമ്പത്തിക സഹായം നല്‍കണമെന്ന പ്രതിബദ്ധതയും സമ്മേളന ഫലങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.

2009ല്‍ ഗ്യാസ് എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് ഫോറത്തിന്റെ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ദോഹയില്‍ നടന്ന സംഘടനയുടെ എട്ടാമത് മന്ത്രിതല സമ്മേളനത്തില്‍ ദോഹയെ സ്ഥിര ആസ്ഥാനമായി അംഗീകരിക്കുന്നതിലും അദ്ദേഹത്തിന് പ്രധാന പങ്കുണ്ടായിരുന്നു. സ്ഥിരം സെക്രട്ടറി ജനറല്‍ നിയമനം നടക്കുംവരെ സംഘടനയുടെ താത്ക്കാലിക സെക്രട്ടറി ജനറലായും സേവനമനുഷ്ഠിച്ചു.

2011ല്‍ അമിരി ദിവാന്‍ മേധാവിയായി നിയമിതനായ അല്‍ അത്തിയ്യ, അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്‍ഡ് ട്രാന്‍സ്പരന്‍സി അതോറിറ്റിയുടെയും സ്റ്റേറ്റ് പ്ലാനിങ് കമ്മിറ്റിയുടെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അല്‍ അത്തിയ്യ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനായിരുന്നു അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക പദവി.

ഊര്‍ജം, ഭരണനിര്‍വഹണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്ക് നിരവധി അന്തര്‍ദേശീയ ബഹുമതികളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സുതാര്യത, നല്ല ഭരണനിര്‍വഹണം, സാമ്പത്തിക വികസനം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി പെന്‍ഡന്റ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് നല്‍കി ആദരിച്ചു.

നെതര്‍ലന്‍ഡ്‌സ് മുന്‍ രാജ്ഞി ബിയാട്രിക്‌സ് നല്‍കിയ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്-നസൗ, ജപ്പാന്‍ ചക്രവര്‍ത്തി നല്‍കിയ ഗ്രാന്‍ഡ് കോര്‍ഡണ്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ റൈസിംഗ് സണ്‍ തുടങ്ങിയ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചു. ടെക്‌സസ് എ ആന്റ് എം സര്‍വകലാശാലയും ഇറ്റലിയിലെ ടോര്‍ വര്‍ഗാറ്റ സര്‍വകലാശാലയും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകള്‍ സമ്മാനിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!