
ദോഹ: ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു.

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തര്‍ വാണിജ്യ- വ്യവസായ മന്ത്രാലയത്തിലെ വിദേശ വ്യാപാരകാര്യ സഹമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ് വാഷിങ്ടണ്‍ ഡി സിയില്‍ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്നിക്കും മറ്റ് മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്നിക്കിന് പുറമെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ അണ്ടര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജേക്കബ് ഹെല്‍ബര്‍ഗ്, വ്യവസായ- സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി ജെഫ്രി കെസ്ലര്‍, വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പോളിസി ഡയറക്ടര്‍ മൈക്കല്‍ ക്രാറ്റ്‌സിയോസ്, അമേരിക്കന്‍ ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി അംബാസഡര്‍ ജെഫ് ഗോയ്റ്റ്മാന്‍ എന്നിവരുമായും ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ് കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചകളില്‍ ഖത്തറും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള സാധ്യതകള്‍ വിലയിരുത്തി. ഉഭയകക്ഷി താത്പര്യമുള്ള വിവിധ വിഷയങ്ങളും ഇരു വിഭാഗവും ചര്‍ച്ച ചെയ്തു.
സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും വ്യാപാര- നിക്ഷേപ മേഖലകളില്‍ പുതിയ അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള ഖത്തറിന്റെയും അമേരിക്കയുടെയും പ്രതിബദ്ധതയാണ് ഈ കൂടിക്കാഴ്ചകള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

