
വാഷിങ്ടണ്‍: 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീം പൂര്‍ത്തിയാക്കി. ശനിയാഴ്ച ദോഹ സമയം രാത്രി 10 മണിക്ക് അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ബേ അരീനയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം.

കാനഡ, ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ഖത്തര്‍ മത്സരിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഖത്തറിന്റെ ആദ്യ മത്സരമാണിത്.

നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍, സ്പാനിഷ് പരിശീലകന്‍ ജൂലന്‍ ലോപെറ്റെഗിയുടെ നേതൃത്വത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ അവസാന പരിശീലന സെഷന്‍ നടത്തി. ഒരു മണിക്കൂറില്‍ താഴെ നീണ്ടുനിന്ന പരിശീലനത്തില്‍ ടീമിന്റെ മത്സരസന്നദ്ധത പരിശീലകസംഘം വിലയിരുത്തുകയും ലോകകപ്പ് ഉദ്ഘാടന മത്സരത്തിനുള്ള അന്തിമ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഫിഫ ലോകകപ്പില്‍ രണ്ടാം തവണയാണ് ഖത്തര്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളും അവസാന പരിശീലനത്തില്‍ പങ്കെടുത്തതിനാല്‍ പൂര്‍ണ ഫിറ്റ്‌നസോടെയാണ് ടീം മത്സരത്തിനിറങ്ങുന്നത്.
അമേരിക്കയിലെ സ്റ്റേഡിയത്തില്‍ ഖത്തര്‍ ടീമിന് ശക്തമായ ആരാധക പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിന് ജൂണ്‍ 9 മുതല്‍ 11 വരെ പ്രത്യേക വിമാനങ്ങളില്‍ ദോഹയില്‍ നിന്ന് ഏകദേശം ആയിരത്തോളം ആരാധകര്‍ അമേരിക്കയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ ഇതിനകം എത്തിയിരിക്കുന്ന ഖത്തര്‍ ആരാധകര്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സാന്‍ ഫ്രാന്‍സിസ്‌കോയുടെ തീരപ്രദേശത്ത് പിന്തുണാ റാലി സംഘടിപ്പിച്ചു.

