
ഗാസ: മധ്യ ഗാസയിലെ ബുറൈജ് അഭയാര്‍ഥി ക്യാമ്പിലെ ഒരു വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ജസീറ ക്യാമറാമാന് അഹമ്മദ് വിഷാഹ് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരാള്‍ കൂടി മരിക്കുകയും ഒരു ഫലസ്തീന് പൗരന് പരിക്കേല്‍ക്കുകയും ചെയ്തതായി സ്ഥലത്തുള്ള അല്‍ ജസീറ പ്രതിനിധികള്‍ അറിയിച്ചു.

അല്‍ ജസീറ മുബാഷര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകനായ അഹമ്മദ് വിഷാഹിന്റെ ‘മനഃപൂര്‍വമായ കൊലപാതകത്തെ’ ശക്തമായി അപലപിക്കുന്നതായി അല്‍ ജസീറ മീഡിയ നെറ്റ്വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു. 2023 ഒക്ടോബറില്‍ ഗാസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന 12-ാമത്തെ അല്‍ ജസീറ ജീവനക്കാരനാണ് അഹമ്മദ് വിഷാഹെന്നും നെറ്റ്വര്‍ക്ക് വ്യക്തമാക്കി.

ഈ ‘ഭീകര കുറ്റകൃത്യങ്ങള്‍ക്ക്’ ഉത്തരവാദികളായ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്താരാഷ്ട്ര സമൂഹവും നിയമ സ്ഥാപനങ്ങളും അടിയന്തരവും പ്രായോഗികവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് അല്‍ ജസീറ ആവശ്യപ്പെട്ടു.
ശനിയാഴ്ച മാത്രം ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 10 ആയി. മധ്യ ഗാസ നഗരത്തിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ നാല് പേരും കൊല്ലപ്പെട്ടു. ഗാസ നഗരത്തിന് വടക്കുഭാഗത്തുണ്ടായ ആക്രമണത്തില്‍ ഒരാളും വടക്കന്‍ ബെയ്ത് ലാഹിയ മേഖലയില്‍ ഇസ്രായേല്‍ വെടിവെപ്പില്‍ ഒരു സ്ത്രീയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഷെയ്ഖ് റദ്വാന് മേഖലയിലും പടിഞ്ഞാറന്‍ ഖാന് യൂനിസിലുമുണ്ടായ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അഹമ്മദ് വിഷാഹിന്റെ സഹോദരനും അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് വിഷാഹ് കഴിഞ്ഞ ഏപ്രില്‍ എട്ടിന് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് യാതൊരു തെളിവും പുറത്തുവിടാതെ അദ്ദേഹം ഹമാസിന്റെ റോക്കറ്റ്, ആയുധ നിര്‍മ്മാണ വിഭാഗത്തിലെ പ്രധാന പ്രവര്‍ത്തകനായിരുന്നുവെന്നാണ് ഇസ്രായേല്‍ സൈന്യം ആരോപിച്ചത്.
അഹമ്മദ് വിഷാഹിനെതിരെയും സമാനമായ ആരോപണമാണ് ഇസ്രായേല്‍ സൈനിക വക്താവ് ഉയര്‍ത്തിയത്. എന്നാല്‍ തെളിവുകളില്ലാതെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അല്‍ ജസീറ പ്രതികരിച്ചു. ഗാസയിലെ അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്യാമറാമാന്മാര്ക്കുമെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനായി ഇസ്രായേല്‍ സൈന്യം തുടര്‍ച്ചയായി വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും നെറ്റ്വര്‍ക്ക് കുറ്റപ്പെടുത്തി.
‘ലോകം നേരിട്ട് കാണുന്ന സത്യത്തെ മറച്ചുവെക്കാന്‍ ഇത്തരം ശ്രമങ്ങള്ക്കാവില്ല. ഇത് അല്‍ ജസീറയ്ക്കെതിരായ അപകീര്‍ത്തികരമായ പ്രചാരണമാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.
കൊല്ലപ്പെട്ട ഫലസ്തീന് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തെളിവുകളില്ലാതെ തീവ്രവാദ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രീതിയെ മാധ്യമ സ്വാതന്ത്ര്യ സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്സ് (സി പി ജെ) നേരത്തേ വിമര്‍ശിച്ചിരുന്നു.
ഗാസയില്‍ കൊല്ലപ്പെട്ട തങ്ങളുടെ ജീവനക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലഭ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അല്‍ ജസീറ വ്യക്തമാക്കി. സത്യത്തിന്റെ ശബ്ദം നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും ഗാസയിലെ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുമെന്നും നെറ്റ്വര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
സി പി ജെയുടെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബറിനുശേഷം ഗാസയില്‍ കുറഞ്ഞത് 260 ഫലസ്തീന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 73,018 പേര് കൊല്ലപ്പെടുകയും 1,73,273 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും ഇസ്രായേല്‍ ആക്രമണങ്ങളില്‍ 1,007 പേര് കൊല്ലപ്പെടുകയും 3,165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

