ലെബനനിലേക്ക് വീണ്ടും ഇസ്രായേല്‍ ആക്രമണം; ഇറാന്‍ ഹോര്‍മുസ് അടച്ചിട്ടു

Web Desk
2 Min Read

തെഹ്റാന്‍: ലെബനനില്‍ ഇസ്രായേല്‍ സൈന്യം വീണ്ടും ആക്രമണം നടത്തിയതോടെ കരാര്‍ ലംഘനം ആരോപിച്ച് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഒപ്പുവെച്ച ധാരണ നടപ്പാക്കുന്നതിനെക്കുറിച്ച് ഇറാനും അമേരിക്കയും തമ്മില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കവെയാണ് സംഭവവികാസങ്ങളുണ്ടായത്.

city exchange

വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കാനിരുന്നതെങ്കിലും ലെബനനില്‍ ഇസ്രായേല്‍ വ്യാപകമായ ആക്രമണം നടത്തിയതോടെ യോഗം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് അമേരിക്കയുടെ ഇടപെടലില്‍ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശനിയാഴ്ചയും ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ലയും ഏറ്റുമുട്ടല്‍ തുടരുകയും ഇരുപക്ഷവും പരസ്പരം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് ആരോപിക്കുകയായിരുന്നു.

തെക്കന്‍ ലെബനനിലെ വെടിനിര്‍ത്തല്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിക്കുകയാണെന്നും അമേരിക്ക കരാര്‍ ലംഘിച്ചെന്നും ആരോപിച്ച ഇറാന്റെ കേന്ദ്ര സൈനിക കമാന്‍ഡ് ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. കപ്പലുകളുടെ സുരക്ഷ ഉറപ്പുനല്‍കാനാകില്ലെന്നും മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും തമ്മില്‍ ഈ ആഴ്ച ഒപ്പുവെച്ച പ്രാഥമിക ധാരണയുടെ ഭാഗമായി കടലിടുക്ക് വീണ്ടും തുറന്നിരുന്നു. ഇറാനുമായി ഉണ്ടാക്കിയ കരാറിലെ എല്ലാ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അമേരിക്കന്‍ സൈനിക സേന ജാഗ്രതയോടെ നിലകൊള്ളുകയാണെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു.

- Advertisement -
Ad image

കരാറിലെ മറുഭാഗത്തിന്റെ ബാധ്യതകള്‍ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടാനായി ഇറാനിയന്‍ പ്രതിനിധി സംഘം ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചതായി സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകുമെന്ന് അറിയിച്ചു. ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും ഉള്‍പ്പെടുന്ന അമേരിക്കന്‍ പ്രതിനിധികള്‍ ഇതിനകം അവിടെ സാങ്കേതിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 83 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. തുടര്‍ന്ന് അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ശനിയാഴ്ചയും ആക്രമണം തുടര്‍ന്നു.

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയ്ക്കെതിരെ ഹിസ്ബുല്ല 50-ലധികം പ്രോജക്ടൈലുകള്‍ പ്രയോഗിച്ചുവെന്ന് ആരോപിച്ച് ഇസ്രായേല്‍ പുതിയ ആക്രമണങ്ങള്‍ നടത്തിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അലി താഹിര്‍ മലനിരകളിലേക്ക് ഇസ്രായേല്‍ സൈന്യം കടന്നുകയറാന്‍ ശ്രമിച്ചെന്നും അതിനെ തങ്ങള്‍ പ്രതിരോധിച്ചെന്നും ഹിസ്ബുല്ല അവകാശപ്പെട്ടു.

ശനിയാഴ്ച മാത്രം 20ഓളം സ്ഥലങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി ലെബനന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നബാതിയ മേഖലയില്‍ 16 പേരും സൈദോണ്‍ സമീപത്തെ ഗ്രാമത്തില്‍ ഏഴ് പേരും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. നിലവിലെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം നാലായിരം കടന്നതായും ലെബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള പൂര്‍ണ അവകാശം ഹിസ്ബുല്ലയ്ക്കുണ്ടെന്ന് സംഘടനയുടെ നേതാവ് ഹസന്‍ ഫദ്‌ലല്ല വ്യക്തമാക്കി. മറുവശത്ത്, ആക്രമണത്തിന് ആക്രമണത്തിലൂടെയാണ് മറുപടി നല്‍കുന്നതെന്ന നിലപാടാണ് ഇസ്രായേല്‍ സ്വീകരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!