റാസ് ലഫാന്‍ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഐ സി ബി എഫിന്റെ ആദരാഞ്ജലി

Web Desk
3 Min Read

ദോഹ: റാസ് ലഫാനിലുണ്ടായ ദാരുണ അപകടത്തില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) അല്‍ തുമാമയിലെ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിലെ കഞ്ഞാണി ഹാളില്‍ അനുശോചന യോഗം സംഘടിപ്പിച്ചു.

city exchange

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ഇന്ത്യന്‍ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കൂടിയായ ഐ സി ബി എഫ് കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസര്‍ ഈഷ് സിംഗാള്‍, വിവിധ ഇന്ത്യന്‍ സംഘടനാ നേതാക്കള്‍, കമ്പനി പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അംബാസഡര്‍ വിപുല്‍, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഐ സി ബി എഫ് മുന്‍ പ്രസിഡന്റ് നീലാംഗ്ഷു ഡേ, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ വി ബോബന്‍, ട്രാഗ്‌സ് ജനറല്‍ മാനേജര്‍ ഇവാന്‍ മോര്‍ഗന്‍, ഡോപെറ്റ് പ്രതിനിധി വൈഭവ് എന്നിവര്‍ അനുശോചന സന്ദേശങ്ങള്‍ നല്‍കി.

ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും സെക്രട്ടറി ജാഫര്‍ തയ്യില്‍ നന്ദിയും പറഞ്ഞു.

- Advertisement -
Ad image

ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, മണി ഭാരതി, ഇര്‍ഫാന്‍ അന്‍സാരി, അമര്‍ സിംഗ്, ശങ്കര്‍ ഗൗഡ്, ഖാജ നിസാമുദ്ദീന്‍, നീലാംബരി എസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് പ്രസാദ്, അഡൈ്വസറി കമ്മിറ്റി അംഗം സതീഷ് വി, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, വൈസ് പ്രസിഡന്റ് സന്താനു ദേശ്പാണ്ഡെ, എപെക്‌സ് ബോഡി അംഗം വെങ്കപ്പ ബാഗവതലു, കൂടാതെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രതിനിധികളും മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

റാസ് ലഫാന്‍ അപകടത്തില്‍ ദാരുണമായി മരണമടഞ്ഞ 12 ഇന്ത്യന്‍ പൗരന്മാരുടെ ഭൗതികദേഹങ്ങള്‍ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസിയും ഐ സി ബി എഫും സംയുക്തമായി അതിവേഗം ഏകോപിപ്പിച്ചു.

അപകടം നടന്നയുടന്‍ തന്നെ ഇന്ത്യന്‍ എംബസിയും ഐ സി ബി എഫും തങ്ങളുടെ ടീമുകളെ സജ്ജമാക്കി ബന്ധപ്പെട്ട ഖത്തര്‍ സര്‍ക്കാര്‍ വകുപ്പുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, കമ്പനി മാനേജ്‌മെന്റ് എന്നിവരുമായി അടുത്ത സഹകരണത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. നിയമനടപടികള്‍, രേഖകളുടെ പൂര്‍ത്തീകരണം, ആവശ്യമായ അനുമതികള്‍ എന്നിവ അതിവേഗം പൂര്‍ത്തിയാക്കി ഭൗതികദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് രാവും പകലും പരിശ്രമിച്ചു. അതോടൊപ്പം ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കി.

ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ കമ്പനി മാനേജ്‌മെന്റ് എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും രേഖാപരമായ കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് പൂര്‍ണ സഹകരണവും മാനുഷിക സമീപനവും സ്വീകരിച്ചതായും ഐ സി ബി എഫ് അറിയിച്ചു.

ദുഃഖാര്‍ത്ത കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി അറിയിച്ച ഐ സി ബി എഫ് ഈ ദുരന്തസാഹചര്യം അടിയന്തരതയോടെയും കരുതലോടെയും കൈകാര്യം ചെയ്യുന്നതില്‍ സഹകരിച്ച ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിനും ഹമദ് ആശുപത്രി അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും കമ്പനി മാനേജ്‌മെന്റിനും ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തി. ബാധിത കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും തുടര്‍ന്നും ഉറപ്പാക്കുന്നതിനും ഐ സി ബി എഫ് പ്രതിജ്ഞാ ബദ്ധമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!