വിമാനക്കൊള്ള: സുപ്രിം കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹം: ഐസിഎഫ്

Web Desk
1 Min Read

ദോഹ: വിമാനക്കമ്പനികളുടെ അമിത നിരക്കുകള്‍ക്കെതിരെ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി നടത്തിയ നിര്‍ണ്ണായക ഇടപെടലിനെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) സ്വാഗതം ചെയ്തു. വിമാനനിരക്കുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.

city exchange

ഗള്‍ഫ് പ്രവാസികളെയാണ് വിമാന കമ്പനികള്‍ ഏറ്റവും ചൂഷണം ചെയ്യുന്നത്. അവധി സീസണുകളിലും സ്‌കൂള്‍ അവധിക്കാലങ്ങളിലും യാതൊരു മാനദണ്ഡവുമില്ലാതെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടുന്നത് ഗള്‍ഫ് പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. നാടിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന സാധാരണക്കാരായ തൊഴിലാളികളും കുറഞ്ഞ വരുമാനക്കാരുമാണ് ഈ പകല്‍ക്കൊള്ളയുടെ ഏറ്റവും വലിയ ഇരകള്‍. അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലെത്താന്‍ പോലും കഴിയാതെ പ്രവാസികള്‍ വലയുമ്പോള്‍ ഭാരത സര്‍ക്കാരും വ്യോമയാന മന്ത്രാലയവും ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളും പുലര്‍ത്തുന്ന നിസ്സംഗത തികച്ചും നിര്‍ഭാഗ്യകരമാണ്.

വിമാന നിരക്കുകള്‍ക്ക് യുക്തിസഹമായ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുകയും യാത്രക്കാരുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തില്‍ സുതാര്യമായ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ് സുപ്രിം കോടതിയുടെ ഇപ്പോഴത്തെ നീക്കം. പ്രവാസി യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ന്യായമായ വിമാനനിരക്കുകള്‍ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തരവും ശാശ്വതവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!